16 June Sunday

മൃണാലിന് 50: ആഘോഷമാക്കാന്‍ വിഎസ്എസ്‌‌‌സി

ദിലീപ് മലയാലപ്പുഴUpdated: Friday Feb 22, 2019

തിരുവനന്തപുരം > ചൊവ്വയോളം എത്തിയ ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന് ഊര്‍ജം പകര്‍ന്ന 'മൃണാലിന് ' അമ്പതു തികഞ്ഞു. നാലര കിലോഗ്രാം 'തനി നാടന്‍' ഇന്ധനവുമായി  രോഹിണി റോക്കറ്റ് ചരിത്രത്തിലേക്ക് കുതിച്ചതിന്റെ ജൂബിലി വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് വിഎസ്എസ്‌സി. തുമ്പയെന്ന കടലോര ഗ്രാമത്തില്‍ പരിമിതമായ സൗകര്യങ്ങളില്‍ വികസിപ്പിച്ച ആദ്യ റോക്കറ്റ് ഇന്ധനം പരീക്ഷിച്ചത് 1969 ഫെബ്രുവരി 21 ന് ആയിരുന്നു. റോക്കറ്റ് ഇന്ധനം തദ്ദേശീയമായി വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞരുടെ ആദ്യ ചുവടുവയ്പ്. വിദേശത്തു നിന്ന് കടം വാങ്ങിയ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് ചരിത്രം കുറിച്ച അതേ മണ്ണില്‍ നിന്നു തന്നെ. 

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായിയുടെ നിര്‍ദേശപ്രകാരം ഒരു പറ്റം ശാസ്ത്രജ്ഞരുടെ ഒരു വര്‍ഷത്തിലേറെ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് മിശ്ര ഖരനോദകം വികസിപ്പിക്കനായത്. ഡോ. വസന്ത് ഗവാരിക്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ രാഷ്ട്രപതി എപിജെഅബ്ദുള്‍ കലാമടക്കമുളളവരും ഉണ്ടായിരുന്നു. സങ്കീര്‍ണമായ സാങ്കേതികവിദ്യയില്‍ ഇന്ധനക്കൂട്ട് വികസിപ്പിച്ചു. ഇന്ധനക്കൂട്ടിന് മൃണാള്‍ എന്നാണ് പേരിട്ടത്. സരാഭായിയുടെ ഭാര്യയും നര്‍ത്തകിയുമായ മൃണാളിനി സാരാഭായിയുടെ പേരിന് സമാനമായ പേരായിരുന്നു ഇത്. ഫെബ്രുവരി 21 ന് രാവിലെ 8.5 നായിരുന്നു പരീക്ഷണം.  ആദ്യ പരീക്ഷണം വിജയകരമാകുമെന്ന് അവര്‍ക്ക് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല.

പത്തു കിലോഗ്രാം മാത്രം ഭാരമുള്ള രോഹിണി--75 റോക്കറ്റിന്റെ ഇന്ധനമായാണ് മൃണാലിനെ ഉപയോഗിച്ചത്. റോക്കറ്റ് 4.6 കിലോമീറ്റര്‍ വരെ എത്തി ദൗത്യം പൂര്‍ത്തിയാക്കി. പരീക്ഷണം വിജയം. പ്രതീക്ഷിച്ചതിനേക്കാള്‍ കുതിപ്പ് റോക്കറ്റിന് ലഭിച്ചു. ആഹ്ലാദം അലതല്ലി. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ആരവം മുഴങ്ങി.  തൊട്ടടുത്ത ദിവസം റബര്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിച്ചുള്ള മറ്റൊരു സൗണ്ടിങ് റോക്കറ്റ് വിക്ഷേപണവും നടന്നു.

മൃണാല്‍ ഉപയോഗിച്ച് പിന്നീട് തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടന്നു. നിരവധി തവണ ദിശ തെറ്റി. നിരവധി തവണ പൊട്ടിത്തെറിച്ചു. ഇവയില്‍ നിന്ന് എല്ലാം വലിയ പാഠങ്ങള്‍ പഠിക്കാനായി എന്ന് അക്കാലത്ത് ശാസ്ത്രസംഘത്തിലുണ്ടായിരുന്ന വി എന്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കരുത്തേറിയ  ജിഎസ്എല്‍വി മാര്‍ക്ക് 3 വരെ എത്തി നില്‍ക്കുന്ന റോക്കറ്റ് സാങ്കേതിക വിദ്യയിലേക്ക് വളര്‍ന്നത് മൃണാലെന്ന ചെറിയ ചുവടുവയ്പില്‍ നിന്നായിരുവെന്നും അദ്ദേഹം സ്മരിച്ചു.

മൃണാലിന്റെ ജൂബിലി ആഘോഷം 27 ന് വിഎസ്എസ്‌‌‌‌സിയില്‍ നടക്കും. പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഗമം, ആദരിക്കല്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവനടക്കമുള്ളവര്‍ പരിപാടികളില്‍  പങ്കെടുക്കാനെത്തുന്നുണ്ട്. 


പ്രധാന വാർത്തകൾ
 Top