Deshabhimani

പുത്തൻ സിനിമകളുടെ
 വ്യാജൻ വാട്സാപ്പിലും ; ആദ്യം ടൊറന്റിൽ, സൂചനയുമായി പോസ്‌റ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 12:23 AM | 0 min read


കൊച്ചി
റിലീസ്‌ സിനിമകളുടെ വ്യാജ പ്രിന്റുകൾ ടെലിഗ്രാമിനു പുറമെ വാട്‌സാപ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നു. വിവിധ ക്ലൗഡ്‌ സ്‌റ്റോറേജുകളിൽ സൂക്ഷിച്ചിട്ടുള്ള സിനിമ പ്രിന്റ്‌ ഫയലുകളുടെ ലിങ്കാണ്‌ വാട്‌സാപ് ഗ്രൂപ്പുകളിൽ പങ്കിടുന്നത്‌. 500 എംബി മുതൽ 1.5 ജിബി ശേഷിയുള്ള ഫയലുകൾ വാട്‌സാപ്പിൽത്തന്നെ നൽകും.

തിയറ്ററിനുള്ളിൽ കാമറ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന പ്രിന്റാണ്‌ ഇപ്രകാരം പ്രചരിപ്പിക്കുന്നത്‌. സിനിമയുടെ ശബ്‌ദം വോയ്‌സ്‌ റെക്കോഡർ പോക്കറ്റിലിട്ട്‌ പ്രത്യേകം പകർത്തും. തുടർന്ന്‌ എഡിറ്റിങ്‌ സോഫ്‌റ്റ്‌വെയറുകൾ വഴി വീഡിയോയും ശബ്‌ദവും ഒന്നിച്ചാക്കി പ്രിന്റ്‌ തയ്യാറാക്കും. ചില തിയറ്ററുകളുടെ പ്രൊജക്ടർ റൂമിനുള്ളിൽ കാമറ വച്ചും ചിത്രീകരിച്ചതായി സൈബർ വിദഗ്‌ധർ പറഞ്ഞു. ഡിജിറ്റൽ സിനിമ ദാതാക്കൾ തിയറ്റർ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്ന സിനിമയ്‌ക്ക്‌  പ്രത്യേക കോഡുണ്ട്‌. നഗ്‌നനേത്രങ്ങൾവഴി കാണാനാകാത്ത ഈ കോഡ്‌ വ്യാജ പ്രിന്റിലുമുണ്ടാകും. ഏത്‌ തിയറ്ററിൽനിന്നാണ്‌ ചിത്രീകരിക്കുന്നതെന്ന്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്താം. ഇതിന്‌ ഡിജിറ്റൽ സിനിമ ദാതാക്കൾക്ക്‌ 50,000 രൂപയിലധികം ഫീസ്‌ നൽകണം. എന്നാൽ, മിക്ക നിർമാതാക്കളും അധികചെലവ്‌ ഓർത്ത്‌ ഇതിന്‌ തയ്യാറാകുന്നില്ലെന്നും സൈബർ വിദഗ്‌ധർ പറഞ്ഞു. പൈറസി വെബ്‌സൈറ്റുകൾ, ടെലിഗ്രാം അടക്കമുള്ള ഇൻസ്‌റ്റന്റ്‌ മെസ്സേജിങ്‌ സംവിധാനങ്ങൾ, യുട്യൂബ്‌ എന്നിവയിൽ ഇറങ്ങുന്ന സിനിമ ലിങ്കുകൾ കണ്ടെത്തുകയാണ്‌ സൈബർ വിദഗ്‌ധരുടെ ജോലി. ടെലിഗ്രാം ഗ്രൂപ്പുകളിലെ ഇത്തരം ലിങ്കുകൾ കണ്ടെത്തി കോപ്പിറൈറ്റ്‌ ബാൻ വാങ്ങിക്കൊടുത്ത്‌ പൂട്ടിക്കുന്ന ജോലിയും ഇവർ ചെയ്യും.

വ്യാജൻ ആദ്യം ടൊറന്റിൽ, സൂചനയുമായി പോസ്‌റ്റ്‌
സിനിമയുടെ വ്യാജപതിപ്പ്‌ ഇറക്കുന്നുണ്ടെന്ന സൂചന ആദ്യം ലഭിക്കുക പൈറസി വെബ്‌സൈറ്റുകളിൽനിന്ന്‌. റിലീസിനുമുമ്പ്‌ സിനിമയെക്കുറിച്ചുള്ള പോസ്‌റ്റ്‌ ഇതിൽ പങ്കുവയ്‌ക്കും. റിലീസ്‌ ചെയ്‌ത്‌ 24 മണിക്കൂറിനകം പ്രിന്റും. ഇത്‌ ഉടനെ ടെലിഗ്രാം ഗ്രൂപ്പുകളിലെത്തും. വ്യാജപതിപ്പുകളുടെ 90 ശതമാനവും പ്രചരിക്കുന്നത്‌ ടെലിഗ്രാമിലാണ്‌. ബാക്കിയുള്ളവ പൈറസി, ലൈവ്‌ സ്ട്രീമിങ്‌ വെബ്‌സൈറ്റുകൾ വഴിയും.



deshabhimani section

Related News

View More
0 comments
Sort by

Home