23 January Wednesday

മലങ്കര സഭാസമാധാനത്തിന‌് കോപ‌്റ്റിക‌് മാത‌ൃക; 2022ൽ സമ്പൂർണ ഐക്യം ലക്ഷ്യം

ലെനി ജോസഫ‌്Updated: Friday Jan 11, 2019

ആലപ്പുഴ> മലങ്കര ഓർത്തഡോക‌്സ‌് സുറിയാനി സഭയും യാക്കോബായ സഭയും തമ്മിലുള്ള നൂറ്റാണ്ട‌് പിന്നിട്ട തർക്കം അവസാനിപ്പിച്ച‌് സമാധാനത്തിനുള്ള രണ്ട‌് നിർദേശം ഓർത്തഡോക‌്സ‌് സഭാ സുന്നഹദോസിന‌് മുന്നിൽ. എന്നാൽ ഇതേപ്പറ്റി സഭ ആധികാരികമായി പ്രതികരിച്ചിട്ടില്ല.

മലങ്കരസഭയിലെ ഇരുവിഭാഗങ്ങളിലുംപെട്ട ഏതാനും പേർ ചേർന്ന‌് തയ്യാറാക്കിയ നിർദേശങ്ങളിലൊന്ന‌് കോപ‌്റ്റിക‌് എത്യോപ്യൻ, കോപ്റ്റിക്- എറിത്രിയൻ ഓർത്തഡോക‌്സ‌് സഭകൾ തമ്മിലുള്ള സമാധാന ഉടമ്പടികളുടെ മാത‌ൃകയിലാണ്. മറ്റൊന്ന‌്  ഇരുസഭകളും ഒന്നാകാനുള്ള റോഡ‌് മാപ്പാണ‌്. 

ഇരുസഭകളും അംഗീകരിക്കുന്ന സഭാപാരമ്പര്യവും വിവിധ സുന്നഹദോസ് നിശ്ചയങ്ങളും ചരിത്രപരമായ ബന്ധവും അനുസരിച്ച് മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന‌് ഭംഗം വരാതെ, പത്രോസ്ശ്ലീഹായുടെ പിൻഗാമിയായ പാത്രിയർക്കീസിന് ആദരവിന്റെ ഒന്നാംസ്ഥാനം  നൽകുന്നതാണ‌് കോപ‌്റ്റിക‌് മാത‌ൃകയിലുള്ള ഉടമ്പടി. ഇതനുസരിച്ച‌്  ഇരുസഭകളും തമ്മിലുള്ള ആത്മീയബന്ധം വ്യക്തമാക്കുന്നതിനും സുദ‌ൃഢമാക്കുന്നതിനും  പാത്രിയർക്കീസിനെയും പൗരസ‌്ത്യ കാതോലിക്കായെയും എല്ലാ വിശുദ്ധ കുർബാനകളിലും സ‌്മരിക്കണം. പാത്രിയർക്കീസിന്റെ പേരാണ‌് ആദ്യം പറയേണ്ടത്.

ഇരുസഭകൾക്കും പ്രത്യേക എപ്പിസ‌്കോപ്പൽ സുന്നഹദോസ് ഉണ്ടാകും. ഒരുമ ഉറപ്പാക്കാൻ സംയുക്ത സുന്നഹദോസ് ആവശ്യമുള്ളപ്പോൾ വിളിച്ചുകൂട്ടാം. ഓരോ സഭയ‌്ക്കും അതിന്റെ പാത്രിയർക്കീസിനെ/കാതോലിക്കായെ തെരഞ്ഞെടുക്കാൻ സ്വാതന്ത്യം. ഈ തെരഞ്ഞെടുപ്പ‌് പ്രക്രിയയിൽ അതിഥികളായി അപരസഭ പ്രതിനിധിസംഘത്തെ അയയ‌്ക്കണം. ഏതെങ്കിലുമൊരു സഭയുടെ പാത്രിയർക്കീസിന്റെ/കാതോലിക്കായുടെ സ്ഥാനാരോഹണത്തിന‌് അപരസഭയുടെ പാത്രിയർക്കീസ്/കാതോലിക്കാ പ്രധാന കാർമികനാകും.

ഈ ഉടമ്പടി പ്രായോഗികമാക്കുന്നത് നിരീക്ഷിക്കുന്നതിനും പരസ‌്പരസഹകരണം വർധിപ്പിക്കുന്നതിനും ഇരുസഭകളുടെയും എപ്പിസ‌്കോപ്പൽ സുന്നഹദോസ് അംഗങ്ങൾ ഉൾപ്പെടുന്ന സംയുക‌്ത സ്ഥിരംസമിതി രൂപീകരിക്കണം. ഇരുസഭകളുടെയും എപ്പിസ‌്കോപ്പൽ സുന്നഹദോസുകൾ അംഗീകരിച്ച് സഭകളുടെ പ്രധാന മേലധ്യക്ഷന്മാർ ഉടമ്പടി ഒപ്പുവയ‌്ക്കുന്നതോടെ സഭകൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന ഉടമ്പടികളും ധാരണകളും റദ്ദാകും.

സുപ്രീംകോടതി വിധി ഒരേ ഒരു സഭ എന്നതാണ് വിവക്ഷിക്കുന്നത് എന്ന യാഥാർഥ്യം ഉൾക്കൊണ്ട‌് 2022ൽ  സമ്പൂർണ ഐക്യം യാഥാർഥ്യമാക്കാനുള്ളതാണ‌് ഇരുസഭയിലെയും പ്രമുഖർ തയ്യാറാക്കി നൽകിയ മറ്റൊരു നിർദേശം. സുദ‌ൃഢവും വ്യവസ്ഥാപിതവും ഭരണഘടനാപരവുമായ അന്ത്യോഖ്യൻ മലങ്കര ബന്ധവുമുണ്ടാകണം. 2022 മാർച്ചിൽ മാനേജിങ‌് കമ്മിറ്റി, സഭാസ്ഥാനികൾ എന്നിവരെ തെരഞ്ഞടുക്കുന്നത് മലങ്കര മെത്രാപോലീത്ത വിളിച്ചുകൂട്ടുന്ന ഏകീക‌ൃത മലങ്കരസഭയുടെ അസോസിയേഷൻ ആയിരിക്കും. പാത്രിയർക്കീസും കാതോലിക്കായും അതത‌് വിഭാഗത്തിന്റെ എപ്പിസ‌്കോപ്പൽ സുന്നഹദോസ്, വർക്കിങ‌് കമ്മിറ്റി എന്നിവയുടെ സംയുക്തയോഗ തീരുമാനപ്രകാരം അതത് വിഭാഗത്തിന്റെ അനുരഞ‌്ജന കമ്മിറ്റികളെ നിയമിക്കണം. പരസ‌്പരം അറിയിക്കുകയുംവേണം.

രണ്ട‌് മെത്രാപോലീത്തമാർ, മൂന്ന‌് വൈദികർ, രണ്ട് അൽമായക്കാർ  വീതം ഓരോഭാഗത്തും ഉണ്ടാകണം. ഓരോഭാഗത്തും ഏഴ് അംഗങ്ങൾ വീതമാണ് ഉണ്ടാകേണ്ടത‌്. അതത‌് വിഭാഗത്തിൽ മെത്രാപോലീത്താമാരിൽ ഒരാൾ ചെയർമാനായിരിക്കും. സംയുക്തയോഗം കൂടുമ്പോൾ ചെയർമാൻമാർ മാറിമാറി അധ്യക്ഷരാകണം. പ്രകോപനപരമായ പ്രസ‌്താവനകൾ, പ്രസംഗങ്ങൾ, പള്ളിപ്രവേശനങ്ങൾ, ഉപരോധങ്ങൾ തുടങ്ങിയവ ഇരുവിഭാഗവും  ഉപേക്ഷിക്കണം. പുതിയ വ്യവഹാരങ്ങൾ ആരംഭിക്കരുത‌്.
പാത്രിയർക്കീസും പൗരസ‌്ത്യ കാതോലിക്കയും  പരസ‌്പരം സ്വീകരിച്ച് സഭായോജിപ്പ് പ്രഖ്യാപിക്കണം. ഇരുവിഭാഗവും വൈദികരെയും സ്ഥാനത്തിനടുത്ത ബഹുമാനത്തോടെ കൂദാശകളിൽ സംബന്ധിപ്പിക്കണമെന്ന്  കൽപ്പനകൾ പുറപ്പെടുവിക്കണം. ഐക്യം യാഥാർഥ്യമാകുമ്പോൾ ഒന്നിലധികം മെത്രാപോലീത്തമാർ വരുന്ന ഭദ്രാസനങ്ങളിലെ തർക്കമില്ലാത്ത പള്ളികൾ അതത‌് മെത്രാപോലീത്തമാരുടെ ഭരണത്തിൽത്തന്നെ തുടരണം. തർക്കമുള്ള പള്ളികളുടെ കാര്യം സംയുക്ത അനുരഞ‌്ജനസമിതിയുടെ നിർദേശമനുസരിച്ച് തീരുമാനിക്കണമെന്നും നിർദേശത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top