04 December Wednesday

അച്ഛനൊപ്പം ആഹ്ലാദ ‘കൊടുമുടി’കയറി ഏഴുവയസ്സുകാരി അയന

പി കെ സുമേഷ്‌Updated: Tuesday Oct 8, 2024


പട്ടാമ്പി
എവറസ്റ്റ് കൊടുമുടി കയറിയ ത്രില്ലിലാണ്‌ ഏഴുവയസ്സുകാരി അയന. 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലാണ്‌ അച്ഛൻ പട്ടാമ്പി മുതുതല അടാട്ട് വീട്ടിൽ രഞ്ജിത്തിനൊപ്പം എത്തിയത്‌. സാഹസിക യാത്രകളിലും ട്രക്കിങ്ങിലും തൽപ്പരയായ ഈ രണ്ടാംക്ലാസുകാരി ദുബായ് ഔർ ഓൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണ്.

ഓണാവധിയിലായിരുന്നു എവറസ്‌റ്റ്‌ യാത്ര. ദുബായിയിൽനിന്ന്‌ കാഠ്‌മണ്ഡുവിലെ ലുക്ലവരെ വിമാനത്തിൽ. പിന്നീട് എട്ടുദിവസം നടത്തം. രഞ്ജിത്തിനും മകൾക്കും സഹായികളായി ഗൈഡും പോർട്ടറും ഉണ്ടായിരുന്നു. സെപ്‌തംബർ 15ന്‌ തുടങ്ങിയ സഞ്ചാരം എട്ടുദിവസത്തിനുശേഷം എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. ഇടയ്‌ക്കുള്ള താമസവും വിശ്രമവുമെല്ലാം വഴിയിലുള്ള ടീ ഹൗസുകളിലായിരുന്നു. കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. അസഹ്യമായ തണുപ്പും അപകടകരമായ വഴികളും താണ്ടിയുള്ള യാത്രയിൽ ഉയരത്തിലേക്ക് പോകുംതോറും ഓക്സിജന്റെ അളവ് കുറയും. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്‌ നേരിടും. അതുമൂലം പലരും യാത്ര മതിയാക്കി മടങ്ങാറുണ്ട്‌. ഓക്സിജൻ അളവ്‌ പലപ്പോഴും താഴ്‌ന്ന്‌ 50 ശതമാനംവരെ എത്തുന്ന സാഹചര്യമുണ്ടായി. ശ്വാസതടസ്സം, തലവേദന, വയറുവേദന എന്നിവയും അനുഭവപ്പെട്ടു. എന്നാലും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ലക്ഷ്യംനേടാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ്‌ അയനയും രഞ്ജിത്തും. പതിനാലു വർഷമായി ദുബായിയിലാണ്‌ രഞ്ജിത്തിന്‌ ജോലി. പട്ടാമ്പി ചെറുപുഷ്പത്തിൽ രാഖി പ്രസാദാണ്‌ അയനയുടെ അമ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top