09 August Sunday

മോട്ടോർ വാഹന നിയമഭേദഗതി : പിഴ പകുതിയാക്കും; അന്തിമ തീരുമാനം തിങ്കളാഴ്‌ച

സ്വന്തം ലേഖകർUpdated: Friday Sep 13, 2019


ന്യൂഡൽഹി/ തിരുവനന്തപുരം
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ കേന്ദ്രനിയമ ഭേദഗതി പ്രകാരമുള്ള വൻ പിഴത്തുക പകുതിയായി കുറയ്‌ക്കുന്നത്‌ സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിഴത്തുക സംസ്ഥാനങ്ങൾക്ക്‌ നിശ്ചയിക്കാമെന്ന്‌ കേന്ദ്രഗതാഗതമന്ത്രി അറിയിച്ചെങ്കിലും ഉത്തരവ്‌ പുറത്തിറങ്ങിയില്ല. ഉത്തരവ്‌ ലഭിക്കുംവരെ ഉയർന്ന പിഴ ഈടാക്കാതെ ബോധവൽക്കരണം തുടരും.

ഗതാഗത ലംഘനങ്ങൾക്ക്‌ പിഴ പത്തിരട്ടിവരെ വർധിപ്പിച്ചാണ്‌ കേന്ദ്രം നിയമം ഭേദഗതി ചെയ്‌തത്‌. വർധിപ്പിച്ച തുക 40–-60 ശതമാനം കുറയ്‌ക്കാനാണ്‌ സംസ്ഥാനം ആലോചിക്കുന്നത്‌. മദ്യപിച്ച്‌ വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നാണ്‌ ആലോചന. സീറ്റ്‌ ബെൽറ്റ്‌, ഹെൽമെറ്റ്‌ എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത്‌ 500 രൂപയാക്കിയേക്കും.

ഡ്രൈവിങ്‌ ലൈസൻസ്‌ കാലാവധി തീർന്ന്‌ ഒരു ദിവസം കഴിഞ്ഞ്‌ പിടിക്കപ്പെട്ടാൽ 10,00 രൂപ ഈടാക്കാനാണ്‌ കേന്ദ്രനിയമം നിർദേശിക്കുന്നത്‌. ലൈസൻസ്‌ ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ വീണ്ടും ടെസ്റ്റ്‌ വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ്‌ വന്നേക്കും. പ്രവാസികൾക്ക്‌ വൻ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ്‌ സർക്കാർ ആലോചന.

ലൈസൻസ്‌ കാലാവധി കഴിഞ്ഞാൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികൾ നാട്ടിലെത്തി പുതുക്കുന്നതാണ്‌ പരിഗണിക്കുന്നത്‌.
കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ച്‌ പഠിക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടുകൂടി പരിഗണിച്ചാകും അന്തിമനടപടി.

കേന്ദ്രം നിയമഭേദഗതി നടപ്പാക്കുംമുമ്പ്‌ കേരളം നിരവധി നിർദേശങ്ങൾ നൽകിയെങ്കിലും പരിഗണിച്ചില്ല. ബില്ലിനെ ലോക്‌സഭയിൽ കോൺഗ്രസ്‌ എതിർത്തില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അടക്കം എതിർപ്പുമായി എത്തിയതോടെയാണ്‌, പിഴത്തുക സംസ്ഥാനങ്ങൾക്ക്‌ നിശ്ചയിക്കാമെന്നു പറഞ്ഞ്‌ കേന്ദ്രമന്ത്രി രംഗത്തുവന്നത്‌.

അന്തിമ തീരുമാനം തിങ്കളാഴ്‌ച: മന്ത്രി
പാലാ
തിങ്കളാഴ‌്ച അന്തിമ തീരുമാനം എടുക്കുന്നതുവരെ ഗതാഗത നിയമലംഘനങ്ങളിൽ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന‌് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പാലായിൽ മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി. പിഴത്തുക തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക‌് അധികാരം നൽകുമെന്ന കേന്ദ്രനിലപാട‌് വൈകിവന്ന വിവേകമാണ‌്.  പിഴത്തുക നിശ‌്ചയിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങൾക്ക്‌ പിഴ കുറയ്‌ക്കാം: കേന്ദ്രമന്ത്രി
ന്യൂഡൽഹി
മോട്ടോർവാഹന നിയമപ്രകാരമുള്ള പിഴ കുറയ്‌ക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ടെന്ന്‌ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി.  ഗതാഗതം സമവർത്തി പട്ടികയിലുള്ള വിഷയമാണ്‌.

ജീവൻ രക്ഷിക്കാനാണ്‌ കർക്കശ നിയമം കൊണ്ടുവന്നത്, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനല്ല. മുപ്പത്‌ വർഷം മുമ്പുള്ള 500 രൂപ പിഴ ഇപ്പോഴത്തെ 5,000 രൂപയ്‌ക്ക്‌ തുല്യമാണെന്നും -ഗഡ്‌കരി പറഞ്ഞു.

ഗുജറാത്തും ഉത്തരാഖണ്ഡും  കുറച്ചു, കർണാടകം കുറയ്‌ക്കും
ന്യൂഡൽഹി
ഗുജറാത്ത്‌ സർക്കാർ  50  മുതൽ 70 ശതമാനം വരെയും  ഉത്തരാഖണ്ഡ്‌  50  മുതൽ 80 ശതമാനം വരെയും പിഴ  കുറച്ചു.  ഉത്തരാഖണ്ഡിൽ ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ 5,000 ത്തിൽനിന്ന്‌ 2,500 രൂപയാക്കി.  മൊബൈൽഫോണിൽ സംസാരിച്ച്‌ വാഹനമോടിച്ചാൽ  പിഴ 5,000 ത്തിൽനിന്ന്‌ 1,000 രൂപയാക്കി.  ​ഗുജറാത്ത്മാതൃക കർണാടകത്തിലും നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. മോശം റോഡുകൾ നന്നാക്കിയശേഷംമാത്രമേ ഗോവയിൽ പുതിയ പിഴത്തുക ഈടാക്കൂ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top