21 August Wednesday

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മുസ്ലിം പള്ളി; സൗകര്യമൊരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

നിലമ്പൂർ> നിലമ്പുർ പോത്തുകല്ലിൽ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കി പോത്തുകല്ല്‌ മഹല്ല് കമ്മിറ്റി. പ്രദേശത്ത്‌ ഉരുൾപൊട്ടലിൽ 30ഓളം ആളുകളുടെ മൃതദേഹമാണ്‌ ഇതുവരെ കണ്ടെടുത്തത്‌. ഈ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്താണ്‌ സ്ത്രീകൾ നിസ്കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന കൈകാലുകള്‍ കഴുകാനുള്ള ഇടവും ഇതിനായി വിട്ടുനല്‍കിയത്.

മദ്രസയില്‍ നിന്നുള്ള ബെഞ്ചും ഡെസ്കുകളും മയ്യത്ത് കഴുകാന്‍ ഉപയോഗിക്കുന്ന ടേബിളുമെല്ലാം സൗകര്യങ്ങൾക്കുവേണ്ടി പള്ളിയിലുള്ളവര്‍ വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം മുറിയില്‍ വച്ച് നടത്തുന്നത് പോലെയല്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏറ്റവും പര്യാപ്തമായ സ്ഥലം തന്നെയാണ് പള്ളിയില്‍ ലഭ്യമായതെന്ന്‌ ഡോക്ടർമാർ പറഞ്ഞു.

അപകടങ്ങള്‍ നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം ചെയ്യാനാവാത്ത സാഹചര്യമാണുള്ളതെന്ന്‌ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ സഞ്ജയ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞത് അടിവസ്ത്രങ്ങള്‍ കണ്ടതുകൊണ്ടാണ്, അത്രയും അഴുകിയ അവസ്ഥയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതെന്നും ഡോ സഞ്ജയ്‌ പ്രതികരിച്ചു.

ഇതുവരെയും ഏഴ് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തിരിക്കുന്നത്. ഡോ സഞ്ജയെ കൂടാതെ ഡോ ലെവിസ്‌ വസീം, ഡോ പാർഥസാരതി, ഡോ അജേഷ്‌ എന്നിവരും പോസ്റ്റ്‌മോർട്ടത്തിനുണ്ടായിരുന്നു.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മുസ്ലിം പള്ളിയിൽ സൗകര്യമൊരുക്കിയതുമായി ബന്ധപ്പെട്ട്‌ "അക്കുമ്മ അക്കു' എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലെ പോസ്റ്റ്‌ ചുവടെ


പ്രധാന വാർത്തകൾ
 Top