07 February Tuesday

അഞ്ചാംപനി പടരുന്നു; വേണം ജാഗ്രത, വാക്‌സിനെടുക്കണം

സ്വന്തം ലേഖകൻUpdated: Sunday Dec 4, 2022
മലപ്പുറം> ജില്ലയിൽ അഞ്ചാംപനി പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ്‌ നേതൃത്വത്തിൽ കാര്യക്ഷമമായി നടക്കുമ്പോഴും കൂടുതൽ പേരിലേക്ക്‌ രോഗം പടർന്നു. ഇതുവരെ 323 കുട്ടികൾക്കാണ്‌ രോഗബാധ. 60 പഞ്ചായത്തുകളിലും മൂന്ന്‌ നഗരസഭകളിലും രോഗം പടർന്നു. അതേസമയം, 6449 കുട്ടികൾ പ്രതിരോധ കുത്തിവയ്‌പിന്റെ ഒന്നാം ഡോസും 7415 കുട്ടികൾ  രണ്ടാം ഡോസും സ്വീകരിച്ചു. 97356 പേർ ഒന്നാം ഡോസും 116994 പേർ രണ്ടാം ഡോസും എടുക്കാനുണ്ട്. 
 
കൽപ്പകഞ്ചേരിയിൽ തുടക്കം
 
നവംബർ അഞ്ചിന്‌ കൽപ്പകഞ്ചേരിയിലാണ്‌ ആദ്യമായി അഞ്ചാംപനി സ്ഥിരീകരിച്ചത്‌. കുട്ടിക്കായിരുന്നു രോഗം. അടുത്തദിവസം അത്‌ അഞ്ചുപേരിലേക്കെത്തി. തുടർന്ന്‌ പ്രദേശത്ത്‌ ആരോഗ്യവകുപ്പ്‌ നടത്തിയ സമഗ്ര പരിശോധനയിലാണ്‌ കൂടുതൽ പേരിലേക്ക്‌ രോഗം പടർന്നതായി കണ്ടത്‌. പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കുട്ടികളിലായിരുന്നു രോഗബാധ. സംസ്ഥാനത്ത്‌ മലപ്പുറത്ത്‌ മാത്രമാണ്‌ രോഗം കണ്ടെത്തിയത്‌ എന്നതിനാൽ കേന്ദ്ര–-സംസ്ഥാന ആരോഗ്യവകുപ്പും ഇടപെട്ടു. കേന്ദ്ര–-സംസ്ഥാന ആരോഗ്യസംഘവും ലോകാരോഗ്യ സംഘവും ജില്ലയിൽ സന്ദർശനം നടത്തി. ഇതിന്റെ റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറി.  
കലക്ടറുടെയും ജില്ലാ ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിൽ പ്രത്യേകം അവലോകന യോഗം ചേർന്ന്‌ ഡിസംബർ അഞ്ചിനകം പ്രതിരോധ കുത്തിവയ്‌പ്‌ പൂർണമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ,  കുത്തിവയ്‌പിനോട്‌ വിമുഖത കാണിക്കുന്നത് തടസമാകുകയാണ്. അഞ്ചാംപനി വ്യാപമാകുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ അതീവ ശ്രദ്ധപുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക അറിയിച്ചു. ദിവസവും തദ്ദേശ–-ജില്ലാതലത്തില്‍ അവലോകന യോഗങ്ങൾ ചേരുന്നുണ്ട്‌. 
 
കൂടുതൽ പേരിലേക്ക്‌ പടരും
 
കോവിഡ്‌ ഒരാളിൽനിന്ന്‌ മൂന്ന്‌ പേരിലേക്ക്‌ മാത്രമാണ്‌ പടരുന്നതെങ്കിൽ അഞ്ചാംപനി 13 മുതൽ 16 പേരിലേക്ക്‌ പടരാനാണ്‌ സാധ്യത. ഗുരുതരമായാൽ മറ്റ്‌ രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്‌. സ്കൂളിൽ പോകുന്ന കുട്ടികൾ മൂക്കും വായും മൂടുന്നവിധത്തിൽ കൃത്യമായി മാസ്‌ക്‌ ധരിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. പനി, ചുമ, കണ്ണിന്‌ ചുവപ്പ്, മൂക്കൊലിപ്പ്, ശരീരം മുഴുവൻ തിണർത്ത പാടുകൾ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ സ്കൂളിൽ പോകരുത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top