18 February Monday

വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക‌് 10 ലക്ഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക‌് 4 ലക്ഷം

സ്വന്തം ലേഖകർUpdated: Sunday Aug 12, 2018


കൽപ്പറ്റ/ കൊച്ചി‌/ ഇടുക്കി
കാലവർഷക്കെടുതികളിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വയനാട‌് കൽപറ്റയിലും കൊച്ചിയിലും വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കോടമഞ്ഞും പ്രതികൂല കാലവസ്ഥയും കാരണം ഹെലികോപ്‌ടറിന‌് ഇറങ്ങാൻ കഴിയാത്തതിനാൽ കട്ടപ്പനയിലെ അവലോകന യോഗം മാറ്റി.

വെള്ളപ്പാച്ചിലിൽ ഭൂമി ഒലിച്ചുപോയവർക്ക് ഭൂമി വാങ്ങാൻ ആറുലക്ഷം രൂപ നൽകുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് വീടുനിർമാണത്തിന് നാലുലക്ഷം രൂപയും നൽകും. കേടുപാടുകൾ സംഭവിച്ച  വീടുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ പണം അനുവദിക്കും. സർവവും നഷ്ടമായി ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് 3800 രൂപ ധനസഹായം നൽകും. റോഡുകൾ തകർന്നത് അടിയന്തരമായി പുനർനിർമിക്കും.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക‌് ജില്ലാതലത്തിൽ പ്രത്യേക അദാലത്ത് നടത്തി പുതിയ സർട്ടിഫിക്കറ്റുകൾ നൽകും. സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ദുരിതബാധിതരിൽനിന്ന‌് ഫീസ് ഈടാക്കില്ല. കുട്ടികൾക്ക‌് നഷ്ടപ്പെട്ട പാഠപുസ‌്തകങ്ങൾക്കു പകരം പുതിയ പുസ‌്തകം സ‌്കൂളുകളിൽ വിതരണം ചെയ്യും.  വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക‌് മാനദണ്ഡങ്ങൾക്കനുസരിച്ച് ധനസഹായം നൽകും. കൃഷിനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകും.  വെള്ളമിറങ്ങുന്നതോടെ പാമ്പുകളുടെയും മറ്റും ശല്യമുണ്ടാകാൻ സാധ്യതയുണ്ട‌്. ഇത‌് കണക്കിലെടുത്ത‌് പാമ്പുകടിയേറ്റാൽ ചികിത്സാസഹായം നൽകുന്നത‌് ഉറപ്പുവരുത്തും.

വെള്ളപ്പൊക്കത്തിനുശേഷം വരുന്ന പ്രധാന പ്രശ്നം ആരോഗ്യസംരക്ഷണമാണ്. സർക്കാർമാത്രം വിചാരിച്ചാൽ നാടിന്റെ ശുചിത്വം ഉറപ്പാക്കാനാകില്ല. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനകീയമായി നാടെങ്ങും ശുചീകരണം നടത്തണം. ഇതിനായി സന്നദ്ധപ്രവർത്തകരെ ഏർപ്പെടുത്തണം. ആരോഗ്യവകുപ്പും ഇതിനായി മുൻകൈയെടുക്കണം.

മഴക്കെടുതിയിൽ നഷ്ടം സംഭവിച്ചവരെ പൂർണമായി പുനരധിവസിപ്പിക്കും. എന്തൊക്കെ പ്രശ്നം ഉണ്ടായാലും അതെല്ലാം പരിഹരിക്കാൻ സർക്കാർ കൂടെയുണ്ടാകും. അപ്രതീക്ഷിത ദുരന്തമാണ് സംസ്ഥാനത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. ചില പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ദുരന്തത്തെ നേരിടാൻ നാട് ഒരേമനസ്സോടെ മുന്നിട്ടിറങ്ങിയത് അഭിനന്ദനീയമാണ്. എല്ലാവരും ഒരുമിച്ചുനിന്നാൽ ഏത് വലിയ ദുരന്തവും നേരിടാൻ കഴിയുമെന്നാണ് കേരളത്തിന്റെ അനുഭവം തെളിയിക്കുന്നത്. കേന്ദ്ര﹣ സംസ്ഥാന സർക്കാരുകളും വിവിധ വകുപ്പുകളും ഏജൻസികളും നല്ല രീതിയിൽ ഏകീകരിച്ച  ദുരിതാശ്വാസപ്രവർത്തനങ്ങളാണ് നടത്തിയത്. വെള്ളപ്പൊക്കക്കെടുതികൾ കുറയ‌്ക്കാൻ അയൽ സംസ്ഥാനങ്ങളുടെ സഹായവും ലഭിച്ചു.

ക്യാമ്പിൽ കഴിയുന്നവരെ നല്ല രീതിയിൽ സംരക്ഷിക്കാൻ ജില്ലാ ഭരണസംവിധാനങ്ങൾ ശ്രമിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദുരിതാശ്വാസക്യാമ്പുകൾ കുറച്ചുനാൾകൂടി തുടരേണ്ടിവരും. എന്തു പരാതി ഉണ്ടായാലും പരിഹരിക്കും. ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക‌് ഡോക്ടർമാരുടെ സേവനം  പരമാവധി ലഭ്യമാക്കണം. വീടുകളിൽനിന്ന് സർവവും ഉപേക്ഷിച്ചുവരുന്നവർക്ക് പല രീതിയിലുള്ള അസൗകര്യങ്ങളും പ്രയാസങ്ങളും ഉണ്ടാകുമെന്നും അവ പരിഹരിക്കാൻ ജില്ലാ ഭരണാധികാരികൾ ജാഗ്രത കാട്ടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കലക്ടർമാർ, എംപിമാർ, എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർടി നേതാക്കളും അവലോകന യോഗങ്ങളിൽ പങ്കെടുത്തു.

കൽപറ്റയിലെ യോഗത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും  പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top