20 February Wednesday

ദുരിതപ്പെയ‌്ത്ത‌് : സംസ്ഥാനത്താകെ 11 മരണം

സ്വന്തം ലേഖകർUpdated: Friday Jun 15, 2018ആർത്തലച്ചെത്തിയ കാലവർഷത്തിൽ സംസ്ഥാനത്ത്‌ പരക്കെ നാശം. കണ്ണൂർ, വയനാട്,  കോഴിക്കോട്,  മലപ്പുറം, ജില്ലകളിലാണു മഴ കൂടുതൽ ദുരിതം വിതച്ചത്. വ്യാപകമായി ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട‌് ജില്ലയിൽ കരിഞ്ചോലമലയിൽ  ഉരുൾപൊട്ടലിൽ  ഏഴുപേർ മരിച്ചതടക്കം സംസ്ഥാനത്താകെ 11 പേർ മരിച്ചിട്ടിട്ടുണ്ട‌്.

കെടുതി നേരിടാൻ അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ്സെക്ര‌ട്ടറിക്കും കലക്ടർമാർക്കും  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശംനൽകി. രക്ഷാപ്രവർത്തനങ്ങൾക്ക‌് മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചു.

കോഴിക്കോട‌് ജില്ലയിൽ കനത്തമഴ തുടരുകയാണ‌്. ആറിടത്ത‌്  ഉരുൾപൊട്ടി. കക്കയം ഡാം സൈറ്റ‌്, തിരുവമ്പാടി പഞ്ചായത്തിലെ കരിമ്പ‌്, ജോയി റോഡ‌്, കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി, പനങ്ങാട‌് പഞ്ചായത്തിലെ മങ്കയം എന്നിവിടങ്ങളിലാണ‌് ഉരുൾപൊട്ടൽ. അഞ്ചിടത്തും ആളപായമില്ല.  ഏക്കർ കണക്കിന‌് കൃഷിനാശമുണ്ടായി.  നിറഞ്ഞുകവിഞ്ഞതിനാൽ കക്കയം ഡാമിന്റെ ഷട്ടർ തുറന്നു, പെരുവണ്ണാമൂഴി ഡാമിലെ ഷട്ടറുകളും ഏതുസമയവും തുറന്നുവിടും. നദികളെല്ലാം കരകവിഞ്ഞു.
തൃശൂരിൽ മഴയിൽ നിരവധി വീടുകൾ തകർന്നു. കൊടുങ്ങല്ലൂർ മേത്തലയിൽ മരംവീണ് ഒരാൾമരിച്ചു. പുന്നയൂർക്കുളം പനത്തറയിൽ കാനോലി കനാലിൽ ഒരാളെ മരിച്ചനിയിൽ കണ്ടെത്തി.  ഒല്ലൂർ വെട്ടുകാടിൽ കുന്നിടിഞ്ഞ് നാലു വീടുകൾക്കുമുകളിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ചു. ആളപായം ഒഴിവായി. ദേശീയ പാത കുതിരാനിൽ രണ്ടിടത്ത്‌ മണ്ണിടിഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. മേത്തല കടുക്കചുവട് പടിഞ്ഞാറ് താണിയത്ത് സുബ്രഹ്മണ്യന്റെ മകൻ സുരേഷാണ് (55) പുളിമരത്തിന്റെ കൊമ്പ് വീണ് മരിച്ചത്. പുന്നയൂർക്കുളം പട്ടത്ത് വാസുവിനെയാണ് കാനോലി കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്്. പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനുപോയി കാണാതായ മലപ്പുറം സ്വദേശി ഹംസയുടെ മൃതദേഹം ചാവക്കാട് തീരത്ത് കണ്ടെത്തി.

മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ അഞ്ചിടത്ത‌് ഉരുൾപൊട്ടി. മഞ്ചേരി പുൽപ്പറ്റയിൽ മംഗലൻ അബൂബക്കറിന്റെ മകൻ സുനീർ (33) ചീതോടത്ത് പാടത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ ഗൾഫിൽനിന്നെത്തിയതായിരുന്നു സുനീർ. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മുബാറക‌് ക്വാറിക്ക‌് സമീപം, കരിഞ്ചോല ചോലാർ ആദിവാസി കോളനി, കൂട്ടാടം എന്നിവിടങ്ങളിലും മമ്പാട‌് പഞ്ചായത്തിലെ മാഠം ആദിവാസി കോളനിയിലും പോത്തുകല്ല‌് പഞ്ചായത്തിലെ വിളക്കണ്ടാമ്പാറയിലുമാണ‌്  ഉരുൾപൊട്ടിയത‌്. പടിഞ്ഞാറെ ചാത്തല്ലൂരിൽ അഞ്ചുകിലോമീറ്റർ ഭാഗം ഒലിച്ചുപോയി. മാഠം ആദിവാസി കോളനിയിലെ 37 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയിലേക്ക‌് വെള്ളമെത്തിക്കുന്ന തുരങ്കത്തിന്റെ പ്രവേശന കവാടം മണ്ണിടിച്ചിലിൽ തകർന്നു.

ആലപ്പുഴയിൽ കുട്ടനാട‌് മേഖല  വെള്ളപ്പൊക്ക ഭീഷണിയിലാണ‌്. ആലപ്പുഴ‐ ചങ്ങനാശേരി റോഡിൽ കെഎസ‌്ആർടിസി സർവീസ‌് പൂർണമായി നിർത്തി. 200 ഹെക്ടർ നെൽകൃഷി നശിച്ചു.
 കോട്ടയം ജില്ലയിൽ വ്യാഴാഴ്ചയും മഴ ശക്തമായി. അയർക്കുന്നം ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന യുവാവ് സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പ്രസാദ്(43) എന്നയാളാണ് മരിച്ചത്.

നീണ്ടൂർ മടക്കാലി തോട്ടിൽ മറ്റൊരുയുവാവിന്റെ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട‌് മംഗലം ഡാം കടപ്പാറയിൽ ഉരുൾപൊട്ടി വ്യാപക നാശമുണ്ടായി. ജലനിരപ്പ‌് ഉയർന്നതിനാൽ അണക്കെട്ട‌് തുറന്നു. ഒരാഴ്ചയായി അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ഇടവാണി, ഭൂതാർ ഊരുകൾ ഒറ്റപ്പെട്ടുകഴിയുകയാണ്. വരഗാർ കരകവിഞ്ഞൊഴുകുന്നത് കാരണംആദിവാസികൾ ഒറ്റപ്പെട്ടനിലയിലാണ‌്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുകയാണ‌്. മിക്കയിടത്തും പാടശേഖരങ്ങള്‍  വെള്ളത്തിനടിയിലായി.

കോഴിക്കോട്ട‌് ആറിടത്ത‌് ഉരുൾപൊട്ടി
സ്വന്തം ലേഖകൻ
കലിതുള്ളിയ കാലവർഷത്തിൽ കരിഞ്ചോല മലയടക്കം ജില്ലയിൽ  ആറിടത്ത‌്  ഉരുൾപൊട്ടി. കക്കയം ഡാം സൈറ്റ‌്,  തിരുവമ്പാടി പഞ്ചായത്തിലെ കരിമ്പ‌്, ജോയി റോഡ‌്, കൂടരഞ്ഞി പഞ്ചായത്തിലെ ഉറുമി, പനങ്ങാട‌് പഞ്ചായത്തിലെ മങ്കയം എന്നിവിടങ്ങളിലാണ‌് ഉരുൾപൊട്ടലുണ്ടായത‌്.  ഇവിടങ്ങളിൽ ആളപായമില്ല. എന്നാൽ വൻതോതിൽ കൃഷിനാശമുണ്ടായി.  ദുരന്ത സാധ്യത കണക്കിലെടുത്ത‌്  മലയോരത്തേക്കുള്ള യാത്രകൾ പരമാവധി ഉപേക്ഷിക്കണമെന്ന‌് ജില്ലാ ഭരണസംവിധാനം അഭ്യർഥിച്ചു.

കക്കയം, പെരുവണ്ണാമൂഴി ഡാമുകൾ നിറഞ്ഞുകവിഞ്ഞതിനാൽ  ഷട്ടറുകൾ തുറന്നു.  മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി പ്രകൃതിക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കരിങ്കല്‍, ചെങ്കല്‍, മണ്ണ് ഉള്‍പ്പെടെയുള്ള എല്ലാ ഖനന പ്രവൃത്തികളും നിര്‍ത്തിവയ‌്ക്കണമെന്ന് മൈനിങ‌് ആൻഡ‌് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കി. പുനൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ കക്കോടി പഞ്ചായത്തിലെ ചെറുകുളം ഉപ്പുവെള്ള പ്രതിരോധ ബണ്ടിന്റെ വര്‍ക്കിങ‌് സ്ലാബിന് മുകളിലൂടെയുള്ള കാല്‍നടയാത്രയും നിരോധിച്ചു. 

കഴിഞ്ഞ ദിവസം തുടങ്ങിയ അഞ്ച‌് ക്യാമ്പുകൾക്കുപുറമെ മൂന്നിടത്തുകൂടി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഓമശേരി നടമ്മൽപൊയിൽ, കെടയത്തൂർ എന്നിവിടങ്ങളിൽ നിരവധി വീട്ടുകാരെ ഒഴിപ്പിച്ചു.കക്കയത്ത‌് പെൻസ‌്റ്റോക്ക‌് പൈപ്പിന്റെ സമീപത്താണ‌് ഉരുൾപൊട്ടൽ. തുടർന്ന‌് ഗതാഗതം തടസ്സപ്പെട്ടു. അഞ്ചോളം കുടുംബങ്ങൾ ഭീഷണിയിലാണ‌്.

പനങ്ങാട‌് പഞ്ചായത്തിലെ മങ്കയത്തുണ്ടായ ഉരുൾപൊട്ടലിലും വ്യാപക നാശമുണ്ടായി. ഏക്കർകണക്കിന‌് കൃഷിനശിച്ചു. ബാലുശേരി ഏരിയയിൽ 70ഓളം വീടുകൾ വെള്ളത്തിനടിയിലായി. നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

അടിയന്തര നടപടികൾക്ക‌്  മുഖ്യമന്ത്രിയുടെ നിർദേശം
കാലവർ‍‍‍ഷക്കെടുതി നേരിടാൻ അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ്സെക്ര‌ട്ടറിക്കും കലക്ടർമാർക്കും  മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക‌് മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട്  ജില്ലയിലേക്ക‌് 48 പേരടങ്ങുന്ന കേന്ദ്ര ദുരന്തനിവാരണസേനയെ അയച്ചു.  അടിയന്തരഘട്ടങ്ങളെ നേരിടാൻ ഒരു സംഘത്തെക്കൂടി സംസ്ഥാനത്തേക്ക് എത്തിക്കും.  മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ എന്നിവർ കോഴിക്കോട്ട‌് ക്യാമ്പു ചെയ‌്ത‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊലീസ്, ഫയർഫോഴ്സ് സേനാവിഭാഗങ്ങൾക്കും നിർദേശം നൽകി.  ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പ‌് തുറക്കും. ദുരിതബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായങ്ങൾ എത്തിക്കും.  അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യങ്ങളും  ഏർപ്പെടുത്തി. സ്ഥിതിഗതികൾ  ഓഫീസ‌് നേരിട്ട‌് വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട‌് പറഞ്ഞു.
 

4.57 കോടി അടിയന്തരസഹായം
കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തരസഹായമായി 4.57 കോടി അനുവദിച്ചു. ആവശ്യമെങ്കിൽ കൂടുതൽ തുക കലക്ടർമാർക്ക‌് അനുവദിക്കും. കോഴിക്കോടിന‌് 85 ലക്ഷവും വയനാടിന‌് 87 ലക്ഷവും കണ്ണൂർ, കാസർകോട്‌, മലപ്പുറം ജില്ലകൾക്ക‌് 57 ലക്ഷം വീതവുമാണ‌് അനുവദിച്ചത‌്.  ഇടുക്കിക്ക‌് 62 ലക്ഷവും കോട്ടയത്തിന‌് 22 ലക്ഷവും പാലക്കാടിന‌് 30 ലക്ഷവുമാണ‌് അനുവദിച്ചത‌്. ആലപ്പുഴ ജില്ലയ‌്ക്കുള്ള ധനസഹായം ഉടൻ അനുവദിക്കും. 

പ്രധാന വാർത്തകൾ
 Top