01 December Thursday

മൊഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കൊച്ചി > ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും റിമാൻഡിൽ. ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെയാണ്‌ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.ഐപിസി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആലുവ ഡിവൈഎസ്‌പി പി കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്‌ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

ആലുവ കീഴ്‌മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ ദില്‍ഷാദിന്റെ മകള്‍ മൊഫിയ പര്‍വീണിനെ (21) ചൊവ്വ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ് സ്റ്റേഷനില്‍ മധ്യസ്ഥചര്‍ച്ച കഴിഞ്ഞ് തിരിച്ചെത്തിയശേഷമാണ് സംഭവം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരായ ആരോപണങ്ങള്‍ എഴുതിവച്ച കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ആലുവ ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സി എല്‍ സുധീറിനെതിരെ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. ചര്‍ച്ചയ്‌ക്കിടെ ഇന്‍സ്‌പെക്‌ടര്‍ ഭീഷണിപ്പെടുത്തിയെന്നും കളിയാക്കിയെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.

കോതമംഗലം ഇരുമലപ്പടി സ്വദേശി സുഹൈലുമായി ഏഴുമാസംമുമ്പാണ് മൊഫിയയുടെ നിക്കാഹ് നടന്നത്.  ജനുവരിയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനുമുമ്പുതന്നെ ഭര്‍തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ കോതമംഗലത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ ഉപദ്രവം നേരിട്ടതിനാല്‍ മൊഫിയ സ്വന്തം വീട്ടിലേക്ക് തിരികെവന്നു. യുവതിയെ ഒരു തലാക്ക് ചൊല്ലിയെന്നുകാണിച്ച് ഭര്‍തൃവീട്ടുകാര്‍ പള്ളിയില്‍ കത്ത് നല്‍കി. ഭര്‍തൃവീട്ടിലെ പീഡനത്തിനെതിരെ മൊഫിയ ഒരുമാസംമുമ്പ് ആലുവ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി.

ചൊവ്വാഴ്‌ച ആലുവ ഈസ്റ്റ് എസ്എച്ച്ഒയുടെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരും ചര്‍ച്ച നടത്തി.  ഇവിടെവച്ച് പെണ്‍കുട്ടിയെ അവഹേളിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍നിന്ന് മടങ്ങിയ യുവതി ഒറ്റയ്‌ക്കിരിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു. വീട്ടുകാര്‍ വിളിച്ചിട്ടും തുറക്കാതായതോടെ ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കുമ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് മൊഫിയ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top