കൊച്ചി > കോളേജ് ഹോസ്റ്റലുകളിലെ മൊബൈൽഫോൺ ഉപയോഗ നിയന്ത്രണം വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും അത് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശദമാക്കിയാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.
കോഴിക്കോട് ചേളന്നൂർ എസ്എൻ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലെ മൊബൈൽഫോൺ നിയന്ത്രണം ചോദ്യം ചെയ്ത് ബിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയായ ഫഹീമാ ഷിറിൻ നൽകിയ ഹർജിയിലാണ് വിധി. വൈകിട്ട് ആറുമുതൽ പത്തുവരെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽഫോൺ ഉപയോഗത്തിന് നിരോധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ഫഹീമാ ഷിറിനെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാർഥികൾ ലൈബ്രറി ഉപയോഗിച്ചും മറ്റും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് മൊബൈൽഫോൺ നിയന്ത്രണം കൊണ്ടുവന്നതെന്ന് കോളേജ് അധികൃതർ വാദിച്ചു. ഹോസ്റ്റലിലെ അന്തേവാസികൾ പ്രായപൂർത്തിയായവരാണെന്ന് കോളേജ് അധികൃതരും രക്ഷിതാക്കളും മനസ്സിലാക്കണമെന്ന് കോടതി വിശദീകരിച്ചു. എങ്ങനെ പഠിക്കണം, എപ്പോൾ പഠിക്കണം, എന്നതൊക്കെ വിദ്യാർഥികളാണ് തീരുമാനിക്കേണ്ടത്.
മൊബൈൽഫോൺ ദുരുപയോഗം പോലെ ലാപ്ടോപ് ദുരുപയോഗവും നടക്കാം. ദുരുപയോഗം വൈകിട്ട് ആറിനു മുമ്പോ രാത്രി 10നു ശേഷമോ ആകാം. യുജിസി തന്നെ ഇപ്പോൾ ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. അറിവ് സമ്പാദിക്കാനും സഹപാഠികൾക്കൊപ്പം മൽസരിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്നത് അവരുടെ ഭാവി നശിക്കാൻ കാരണമാകും. അതിനാൽ, ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുന്നത് വിദ്യാർഥികളുടെ മൗലികാവകാശ ലംഘനമാണ്. രക്ഷിതാക്കൾ അഭ്യർഥിച്ചാൽ പോലും കോളേജ് വിദ്യാർഥികൾക്കുമേൽ ഇത്തരം നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർക്കാകില്ല.
18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർഥിക്ക് സ്വന്തം പഠനരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകണം. സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്. അതിനാൽ മൊബൈൽ ഇന്റർനെറ്റ് വഴി അറിവ് സമ്പാദിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും. മൊബൈൽഫോൺ ഉപയോഗം മറ്റു വിദ്യാർഥികൾക്ക് ശല്യമുണ്ടാക്കില്ലെന്ന നിയന്ത്രണം മതിയാകും. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ റദ്ദാക്കിയ കോടതി ഫഹീമാ ഷിറിനെ എത്രയും വേഗം തിരിച്ചെടുക്കാനും നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..