11 October Friday

കാണാതായ വയോധിക കൊല്ലപ്പെട്ട നിലയിൽ ; പ്രതികളെന്നു സംശയിക്കുന്ന ദമ്പതികൾ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


കലവൂർ (ആലപ്പുഴ)
കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ എറണാകുളം സൗത്ത്‌ കരിത്തല റോഡ്‌ ‘ശിവകൃപ’യിൽ സുഭദ്ര (73)യെ കലവൂരിൽ കൊന്ന് കുഴിച്ചുമൂടിയതെന്ന്‌ സ്ഥിരീകരിച്ചു. മാരാരിക്കുളം തെക്ക്പഞ്ചായത്ത് കോർത്തുശേരി ക്ഷേത്രത്തിന്  സമീപം വീടിന്‌ പിന്നിൽ ശുചിമുറിക്കു മുന്നിൽ മൂന്നടി  താഴ്‌ചയിൽ മൃതദേഹം കണ്ടെത്തി. ഇവിടെ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌(നിധിൻ–-33), ഉടുപ്പി സ്വദേശി ശർമിള(30) എന്നിവർ ഒളിവിലാണ്‌. കാട്ടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അഴുകിയ നിലയിലാണ്‌ മൃതദേഹം. മക്കളായ രാജീവും രാധാകൃഷ്‌ണനും മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്‌റ്റിനു ശേഷം പോസ്‌റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. 

മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 23–-ാം വാർഡ്‌  പഴമ്പാശേരി വില്യംസിന്റെ വീട്ടിലാണ്‌ സംഭവം. മൃതദേഹത്തിന്‌ മൂന്നാഴ്‌ച പഴക്കമുണ്ട്‌. ദുർഗന്ധം പരന്നിരുന്നു.  സുഭദ്രയുടെ സ്വർണവും പണവും കവർന്ന ശേഷമാണ്‌ കൊലപാതകമെന്ന്‌  സംശയിക്കുന്നു. മൃതദേഹത്തിൽ ആഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രതികളെന്ന്‌ സംശയിക്കുന്ന ദമ്പതികളുടെ  ഫോൺ ലൊക്കേഷൻ ഉഡുപ്പിയാണെന്ന്‌ സ്ഥിരീകരിച്ചു. കവർന്ന സ്വർണം ഇവിടെ 23000 രൂപയ്‌ക്ക്‌ പ്രതികൾ വിറ്റിട്ടുണ്ട്‌. 

ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ ആഗസ്‌ത്‌ നാലിന്‌ രാത്രി 8.30ന്‌ ശേഷമാണ് കാണാതായത്‌. അമ്മയെ കാണാതായെന്ന്‌ മകൻ രാധാകൃഷ്ണൻ ഏഴിന്‌ കടവന്ത്ര പൊലീസിൽ പരാതി നൽകി. സുഭദ്രയെ ശർമിള  കൂട്ടിക്കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യം ലഭിച്ചു. ഒറ്റയ്‌ക്കു താമസിക്കുന്ന സുഭദ്രയ്‌ക്കൊപ്പം ശർമിള മുമ്പ്‌  താമസിച്ചിട്ടുണ്ട്‌. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ ഇവർ കാട്ടൂർ കോർത്തുശേരിയിൽ  വാടകയ്‌ക്കു താമസിക്കുന്ന ദമ്പതികളെ  കാണാൻ വന്നതായി തെളിഞ്ഞു.

 ഏഴിന്‌ കൂലിപ്പണിക്കാരനെക്കൊണ്ട് കോർത്തുശേരിയിലെ വീടിനു സമീപത്ത്‌ കുഴിയെടുത്തിരുന്നു. പൊലീസ്‌ നായ മായയെ എത്തിച്ച്‌ വീടിനു സമീപം നടത്തിയ പരിശോധനയിൽ മൃതദേഹ സാന്നിധ്യം തിരിച്ചറിഞ്ഞു. അമ്പലപ്പുഴ തഹസിൽദാരുടെ സാന്നിധ്യത്തിൽ സ്ഥലം കുഴിച്ച്‌ മൃതദേഹം കണ്ടെത്തി. ജില്ലാ പൊലീസ്‌ മേധാവി എം പി മോഹനചന്ദ്രൻ, ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധു ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സുഭദ്രയുടെ ഭർത്താവ്‌: പരേതനായ ഗോപാലകൃഷ്‌ണൻ. പരേതനായ രാജേഷ്‌ മറ്റൊരു മകനാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top