10 October Thursday

രഞ്ജിത്തിനെതിരായ ആരോപണത്തിൽ വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തിരുവനന്തപുരം > രഞ്ജിത്തിനെതിരായ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സർക്കാർ വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ഒരു സ്ത്രീ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ അത് വസ്തുനിഷ്ടമായി പരിശോധിക്കുക എന്നുള്ളത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും നിജസ്ഥിതി പരിശോധിച്ച ശേഷം തുടർനടപടികൾ എടുക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമ മേഖലയിൽ നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ​ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സർക്കാർ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കുമെന്നും  മന്ത്രി ആർ ബിന്ദു പറഞ്ഞു.

നടിയുടെ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമീഷൻ അറിയിച്ചിട്ടുണ്ട്. ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്നും പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്നും വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

‘പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നുമാണ് ശ്രീലേഖ മിത്ര പറഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top