29 February Saturday

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറഞ്ഞ കൂലി പ്രാബല്യത്തിൽ; വഴിയൊരുക്കിയത്‌ മുത്തൂറ്റ്‌ ജീവനക്കാരുടെ സമരം

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി > അടിസ്ഥാനശമ്പളത്തിലും ആനുകൂല്യത്തിലും വലിയ വർധനയോടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറഞ്ഞ കൂലിനിരക്ക്‌ പ്രാബല്യത്തിലാക്കി സംസ്ഥാന സർക്കാർ അന്തിമ വിജ്ഞാപനമിറക്കി. ഷോപ്‌സ്‌ ആൻഡ്‌ കമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ നിയമപ്രകാരമുള്ള കുറഞ്ഞ വേതനനിരക്കാണ്‌ ഇതുവരെ ഈ രംഗത്തെ ജീവനക്കാർക്ക്‌ സ്ഥാപനങ്ങൾ നൽകിയിരുന്നത്‌. ചിട്ടി, കുറി, പണയം,  ഇൻഷുറൻസ്‌, മൈക്രോ ഫിനാൻസ്‌, വിദേശനാണയ വിനിമയ–-ഹയർ പർച്ചേസ്‌ തുടങ്ങിയവയിൽ ഏർപ്പെട്ടിട്ടുള്ള അഞ്ഞൂറിലേറെ സ്ഥാപനങ്ങളിലെ അരലക്ഷത്തിലേറെ ജീവനക്കാർക്ക്‌ ഇതിന്റെ നേട്ടമുണ്ടാകും.
സ്വകാര്യ ധനസ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന ചൂഷണത്തിന്‌ പരിഹാരമായി 2016ലാണ്‌ കുറഞ്ഞ കൂലിനിരക്ക്‌ സർക്കാർ വിജ്ഞാപനം ചെയ്‌തത്‌.

ജീവനക്കാരുടെ തസ്‌തിക എട്ടു വിഭാഗത്തിലായി തിരിച്ച്‌ 2016 ജൂലൈ 28നാണ്‌ പ്രാഥമിക വിജ്ഞാപനം ഇറക്കിയത്‌. ഒന്നാം വിഭാഗത്തിൽ ഉൾപ്പെട്ട ക്ലീനർ, സ്വീപ്പർ ജീവനക്കാർക്ക്‌ 10,150–-400–-12,150–-500–-14,650 എന്ന സ്‌കെയിലിലും എട്ടാം വിഭാഗത്തിലെ ബ്രാഞ്ച്‌ മാനേജർ, മാനേജർ തസ്‌തികയിൽ 20,500–-1250–-2675–-1400–-33,750 എന്ന സ്‌കെയിലിലും വർധന നിശ്‌ചയിച്ചിരുന്നു. വിജ്ഞാപനം നടപ്പാക്കുന്നതിനെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ എതിർത്തു. കേരള നോൺ ബാങ്കിങ് ഫിനാൻസ്‌ കമ്പനീസ്‌ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപനമുടമകൾ ഹൈക്കോടതിയെ സമീപിച്ചു. അവരുടെ ഭാഗം കേൾക്കാതെയാണ്‌ വിജ്ഞാപനം എന്നായിരുന്നു ആക്ഷേപം.

തുടർന്ന്‌  സർക്കാർ അവരുടെ ഭാഗം കേട്ടു. അവരുടെ പ്രതിനിധിയെ ഉൾപ്പെടുത്തി മിനിമം വേജസ്‌ കമ്മിറ്റി വീണ്ടും കേൾക്കണമെന്ന ആവശ്യം സർക്കാർ തള്ളി. 2017 ജൂലൈ 20ന്‌ തൊഴിൽ ഉത്തരവ്‌ പുറത്തിറക്കി. ഇതിനെതിരെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ ഹൈക്കോടതിയിൽ പോയി. കുറഞ്ഞ വേതനം സംബന്ധിച്ച കരട്‌ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. കോടതി അതനുവദിച്ചു. ഇതിനിടെയാണ്‌ മുത്തൂറ്റ്‌ ഫിനാൻസിലെ തൊഴിൽ ചൂഷണത്തിനെതിരെ നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ ഹൈക്കോടതിയിലെത്തിയത്‌. അതു പരിഗണിക്കവേ കുറഞ്ഞ വേതനം സംബന്ധിച്ച സർക്കാരിന്റെ കരട്‌ വിജ്ഞാപനത്തിന്റെ സ്‌റ്റേ കോടതി നീക്കി. ആവശ്യമായ മാറ്റങ്ങളോടെ അന്തിമ വിജ്ഞാപനമിറക്കാനും നിർദേശിച്ചു. തുടർന്നാണ്‌ ജനുവരി 20 മുതൽ പ്രാബല്യത്തിലാക്കി ഇപ്പോഴത്തെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്‌.

ജീവനക്കാരുടെ സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യത്തിന്റെയും അധികജോലി ചെയ്യുമ്പോൾ നൽകേണ്ട അധിക വേതനത്തിന്റെയും കാര്യത്തിലെ വ്യവസ്ഥകൾ സ്വകാര്യ കമ്പനികളുടെ ആവശ്യപ്രകാരം ഹൈക്കോടതി നീക്കിയിരുന്നു. അതുകൂടി വിജ്ഞാപനത്തിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്‌ സർക്കാർ അപ്പീൽ ഫയൽ ചെയ്‌തിട്ടുണ്ട്‌.

വഴിയൊരുക്കിയത്‌ മുത്തൂറ്റ്‌ ജീവനക്കാരുടെ സമരം
തൊഴിൽ ചൂഷണം നിലനിൽക്കുന്ന സ്വകാര്യ ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ദീർഘകാല ആവശ്യത്തിനാണ്‌ മിനിമം വേതനം വിജ്ഞാപനത്തിലൂടെ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്‌.  ഈ മേഖലയിൽ ആദ്യമായാണ് സർക്കാർ മിനിമം വേതനം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞവർഷം മുത്തൂറ്റ്‌ ഫിനാൻസ്‌ ജീവനക്കാർ നടത്തിയ അനിശ്‌ചിതകാല പണിമുടക്ക്‌ ഹൈക്കോടതിയുടെ ഇടപെടലിനും സർക്കാരിന്റെ തീരുമാനത്തിനും കാരണമായി എന്നതും പ്രധാനം.
നിലവിൽ കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമമനുസരിച്ചുള്ള വേതനനിരക്കാണ്‌ സ്വകാര്യ ധനകാര്യ ജീവനക്കാർക്ക്‌ ലഭിക്കുന്നത്‌.

പുതിയ വിജ്ഞാപനം വഴി എറ്റവും താഴേക്കിടയിലുള്ള ജീവനക്കാർക്ക്‌ കുറഞ്ഞത്‌ 3000 രൂപയും ഉയർന്ന തസ്‌തികയിലുള്ളവർക്ക്‌ 10,000 രൂപയും വരെ ഡിഎ ഉൾപ്പെടെ ശമ്പളത്തിൽ വർധിക്കും. ക്ലീനർ, സ്വീപ്പർ, ഓഫിസ് അറ്റൻഡന്റ്, അറ്റൻഡർ തസ്തികയിലുള്ളവർക്ക് മുൻ നിയമപ്രകാരം ഡിഎ അടക്കം 11,140 രൂപയോളമാണ് തുടക്കത്തിൽ ലഭിച്ചിരുന്നത്. പുതിയ  വിജ്ഞാപനപ്രകാരം അത്‌  13,400 രൂപയാകും. വാച്ച്മാൻ, സെക്യൂരിറ്റി  ജീവനക്കാരുടെ മിനിമം വേതനം 11,350 രൂപയായിരുന്നത്‌ 14,000 രൂപയാകും. ഡ്രൈവർക്ക്‌ 11,560 രൂപ എന്നത് 14,750 രൂപയാകും. കലക്‌ഷൻ എക്‌സിക്യൂട്ടീവുമാർ, ബിൽ കലക്ടർ, എടിഎം ക്യാഷ് ലോഡിങ് എക്‌സിക്യൂട്ടീവുമാർ, അപ്രൈസർമാർ തുടങ്ങിയവർക്ക് തുടക്കത്തിൽ 16,500 രൂപയിൽ കുറയാത്ത ശമ്പളം കിട്ടും.

ക്ലർക്ക്, ജൂനിയർ ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർമാർ, ഇൻഷുറൻസ് പ്രോമോട്ടർമാർ, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവുമാർ എന്നിവരുടെ ശമ്പളം 11,770 രൂപയായിരുന്നത്‌ 17,000 രൂപയാകും. ക്യാഷ്യർ, അക്കൗണ്ടന്റ്, സീനിയർ എക്‌സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവ് തസ്തികകളിൽ കുറഞ്ഞ വേതനം 19,500 രൂപയാകും. അസിസ്റ്റന്റ് മാനേജർമാർ, ബിസിനസ് മാനേജർമാർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർമാർ തുടങ്ങിയവർക്ക്‌ ഡിഎ ഉൾപ്പെടെ 21, 750 രൂപയാകും. ബ്രാഞ്ച് മാനേജർ, മാനേജർ (എച്ച്ആർ), ഓപ്പറേഷൻസ് ഹെഡ് തുടങ്ങിയ തസ്തികകളിൽ 23,750 രൂപയാകും കുറഞ്ഞ വേതനം. മുത്തൂറ്റിലെ തൊഴിൽ ചൂഷണം തുറന്നുകാണിച്ചാണ്‌ ജീവനക്കാർ കോടതിയിലെത്തിയത്‌. അത്‌ പരിഗണിക്കവെയാണ്‌ പ്രശ്‌നത്തിലെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട്‌ സർക്കാർ വിജ്ഞാപനത്തിനു നൽകിയിരുന്ന സ്‌റ്റേ കോടതി നീക്കിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top