25 May Monday

അതിഥിത്തൊഴിലാളികളെ ചേർത്തണച്ച്‌ : കരുതലേകാൻ സർക്കാരും നാട്ടുകാരും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കൊച്ചി
ജില്ലയിലെ വിവിധ ഭാഗങ്ങളിലെ അതിഥിത്തൊഴിലാളികൾക്ക്‌ കരുതലേകാൻ സർക്കാരും നാട്ടുകാരും മുന്നിട്ടിറങ്ങി. വിവിധയിടങ്ങളിൽ സജ്ജമാക്കിയ സമൂഹ അടുക്കളകൾ വഴി ഭക്ഷണമേകി തൊഴിലും കൂലിയും നഷ്ടപ്പെട്ടവർക്ക്‌ ജില്ല ഊർജ്ജേമേകുന്നു.  സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന  പെരുമ്പാവൂരിൽ പാലക്കാട്ടുതാഴം പാലത്തിനു സമീപമുള്ള ഭായ് കോളനിയിലെ അതിഥിത്തൊഴിലാളികളുടെ വാടക ഒഴിവാക്കാനും ചപ്പാത്തി നിർമാണത്തിന് മെഷീൻ നൽകാനും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ നൽകാനും ഞായറാഴ്‌ച തീരുമാനമായി. വൈകിട്ടോടെ ചപ്പാത്തി മെഷീനും എത്തിച്ചു. 

കോളനിയിൽ അയ്യായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവർക്ക്‌ തൊഴിലുടമകൾ ഭക്ഷണം എത്തിക്കാതായതോടെ ഇവർ പട്ടിണിയിലാണെന്ന നേരത്തെ വിവരമുണ്ടായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ലേബർ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ഭായ് കോളനിയിലെത്തിയ സബ്‌ കലക്ടർ എസ്‌ ഷാജഹാൻ വിവരങ്ങൾ ആരാഞ്ഞു. കോവിഡ്‌–-19മായി ബന്ധപ്പെട്ട് ഹിന്ദിയിൽ അനൗൺസ്‌മെന്റിലൂടെ ബോധവൽക്കരണവും നടത്തി. അത്യാവശ്യ കാര്യങ്ങൾക്ക് ബന്ധപ്പെടാൻ വാട്‌സാപ്‌ നമ്പറും നൽകി. കെട്ടിട ഉടമകൾതന്നെ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്ന് തീരുമാനിക്കുകയും അതിന് ആറംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

തൃപ്പൂണിത്തുറ എരൂരിൽ അതിഥി തൊഴിലാളികൾക്ക് സിപിഐ എം എരൂർ നോർത്ത് ലോക്കൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ലോക്കൽ  സെക്രട്ടറി കെ- കെ പ്രദീപ് കുമാർ, എരൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി ജി സുധികുമാർ, നഗരസഭാ കൗൺസിലർമാരായ കെ ജെ ജോഷി, ടി ജി ബിജു എന്നിവർ നേതൃത്വം നൽകി.
അതിഥിതൊഴിലാളികൾ പാർക്കുന്ന ക്യാമ്പുകളിൽ മുളവുകാട‌് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു. പ്രസിഡന്റ‌് വിജി വിജയൻ, ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക‌്ടർ സാജൻ ബാബു, ട്രാഫിക‌് പൊലീസ‌് എന്നിവരുടെ നേതൃത്വത്തിലാണ്‌ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നൽകിയത‌്. ഗോശ്രീ പാലം, റെയിൽ പാലം,  മുളവുകാട്  നോർത്ത്, പഴയ  പൊലീസ‌് സ‌്റ്റേഷൻ എന്നിവിടങ്ങളിലാണ‌് ഉൽപ്പന്നങ്ങളെത്തിച്ചത്.  

അതേസമയം  അധികൃതരുടെ അനാസ്ഥമൂലം ചിലയിട്ത്ത്‌ ഭക്ഷണം ലഭിച്ചില്ലെന്നും ക്യാമ്പുകളിൽ സൗകര്യമില്ലെന്നും പരാതിയുയർന്നു.  പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിൽ മന്നം പ്രദേശത്തെ അതിഥി തൊഴിലാളി ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടർന്ന്‌ ജില്ലാ ഡെപ്യൂട്ടി ലേബർ ഓഫീസർ ബിനോയ് ജെയിംസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇത്രയും പേരെ ഒരുമിച്ചുതാമസിപ്പിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി എഡിഎമ്മിന്‌ റിപ്പോർട്ട് സമർപ്പിക്കുമെന്ന്‌ ജില്ലാ ഡെപ്യൂട്ടി ലേബർ ഓഫീസർ പറഞ്ഞു.

പൊന്നുരുന്നിയിൽ കൊച്ചി നഗരസഭയുടെ സമൂഹ അടുക്കള പ്രവർത്തിക്കുമ്പോളും വൈറ്റില തമ്മനത്ത് അതിഥിത്തൊഴിലാളികൾ ഭക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് ഉച്ചയ്ക്ക് കൂട്ടത്തോടെ റോഡിൽ ഇറങ്ങിയിരുന്നു.  നാട്ടുകാർ പാലാരിവട്ടം പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുറച്ചുപേർക്ക് ഭക്ഷണം നൽകി പാർപ്പിട സ്ഥലങ്ങളിലേക്ക് പറഞ്ഞുവിട്ടു. 

മൂവാറ്റുപുഴയിൽ  തൊഴിലാളികൾ  തൊഴിലുടമ നൽകിയ  ഭക്ഷണം തികഞ്ഞിെ്ല്ലന്നാരോപിച്ച്‌ ബഹളംവച്ചു. തുടർന്ന് പൊലീസും നഗരസഭയും ഭക്ഷണപ്പൊതികൾ എത്തിച്ച് പ്രശ്നം പരിഹരിച്ചു.  . ഇവിടെയുള്ള ചിലർ പലതവണ ഭക്ഷണം വാങ്ങിയതും മറ്റു സ്ഥലങ്ങളിൽനിന്നുള്ളവരും എത്തിയതാണ് ഭക്ഷണം തികയാത്തതിനു കാരണം.  നഗരസഭാ പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം ഭക്ഷണം വിതരണം ചെയ്യുന്നതിന് നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിവിധ സന്നദ്ധസംഘടനകളുടെ സേവനവും ഭക്ഷണവിതരണത്തിനുണ്ടാകും.


പ്രധാന വാർത്തകൾ
 Top