26 May Tuesday

അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കൊച്ചി >  ലോക് ഡൗണ്‍ കാലത്ത് ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടക്കില്ലന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ഭക്ഷണം താമസം ചികിത്സ എന്നിവ ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് ത്രിതല സംവിധാനം ഏര്‍പ്പെട്ടത്തിയിട്ടുണ്ട്. സംസ്ഥാന ലേബര്‍ കമ്മിഷണറെ നോഡല്‍ ഓഫിസറായി നിയമിച്ചു. സംസ്ഥാനത്തെ 3 മേഖലകളായി തിരിച്ച് മൂന്ന് മേഖലയിലും ഐഎഎസ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

എഎല്‍ഒമാര്‍ ക്യാമ്പുകളും താമസ്ഥലങ്ങളും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. ജില്ലാ തലത്തില്‍ ഡിഎല്‍ഒമാരും സംസ്ഥാന തലത്തില്‍ ലേബര്‍ കമ്മിഷണറേറ്റും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ വീതം അനുവദിച്ചു. താമസം ഭക്ഷണം എന്നിവ ഉറപ്പ് വരുത്താന്‍ ലേബര്‍ കമ്മിഷണര്‍ക്ക് 2 കോടി രൂപ അനുവദിച്ചു. ജില്ലകള്‍ തോറും വാഹന സൗകര്യത്തിനായി അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ലേബര്‍ കമ്മീഷണറേറ്റിലും 14 ജില്ലകളിലും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റുകള്‍ ആരംഭിച്ചു. ഇവിടങ്ങളില്‍ ഹിന്ദി, ബംഗാളി.അസ്സാമി, ഒറിയ ഭാഷകള്‍ അറിയാവുന്നവരെ നിയമിച്ചു. ഇതു വരെ ലഭിച്ച 856 പരാതികള്‍ ഫലപ്രദമായി പരിഹരിച്ചു. ജില്ല, താലൂക്ക്, പഞ്ചായത്ത്തല മേല്‍നോട്ട സമിതികളുടെ അദ്ധ്യക്ഷന്മായി ജില്ലാ കളക്ടര്‍, തഹസീല്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യ അടുക്കളകളില്‍ നിന്നും സൗജന്യ ഭക്ഷണം വേണ്ടന്നറിയിച്ചവര്‍ക്ക് ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു നല്‍കുന്നു.

പൊലീസും ജില്ലാ ഭരണകൂടവും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവരുകയാണന്നും സീനിയര്‍ ഗവ.പ്ലിഡര്‍ പി നാരായണന്‍ മുഖേന സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. പായിപ്പാട് സംഭത്തെ തുടര്‍ന്നായിരുന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കേസ് ഡിവിഷന്‍ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top