കോട്ടയം
അന്തർ സർവകലാശാലാ കായികമേളകളിൽ വിജയം നേടിയ താരങ്ങൾക്ക് എംജി സർവകലാശാലയുടെ ആദരം. അഖിലേന്ത്യ അന്തർ സർവകലാശാലാ, ദക്ഷിണമേഖലാ അന്തർ സർവകലാശാലാ ചാമ്പ്യൻഷിപ്പുകളിൽ വിജയിച്ചവരെയാണ് ആദരിച്ചത്. കായികരംഗത്ത് മികവുപുലർത്തിയ കോളേജുകൾക്കുള്ള പുരസ്‌കാരവും സമ്മാനിച്ചു. കോതമംഗലം എംഎ കോളേജ്, ആലുവ യുസി, എറണാകുളം മഹാരാജാസ് എന്നിവ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾനേടി.
വാദ്യമേളത്തോടെ സ്വീകരിച്ചാനയിച്ച താരങ്ങളെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, അർജ്ജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബോൾ താരവുമായ ടോം ജോസഫ്, രജിസ്ട്രാർ ഡോ. ബി പ്രകാശ്‌കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സമ്മേളനം വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാർ അനുവദിച്ച സ്‌പോർട്‌സ് കോംപ്ലക്‌സ് സർവകലാശാലയുടെ കായികവളർച്ചയ്ക്ക് ഊർജ്ജംപകരുമെന്ന് അദ്ദേഹം പറഞ്ഞു. അർപ്പണബോധത്തോടെ കഠിനാധ്വാനംചെയ്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ താരങ്ങൾ ശ്രമിക്കണമെന്ന് ടോം ജോസഫ് പറഞ്ഞു.
സിൻഡിക്കറ്റ് അംഗം പി ഹരികൃഷ്ണൻ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. ബി പ്രകാശ് കുമാർ, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, പരീക്ഷാ കൺട്രോളർ സി എം ശ്രീജിത്ത്, ഫിനാൻസ് ഓഫീസർ ബിജു മാത്യു എന്നിവർ സംസാരിച്ചു. കോളേജുകളുടെ മാനേജർമാരും പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..