16 July Tuesday

മീനച്ചില്‍ റബര്‍ സൊസൈറ്റിയിലെ അഴിമതി: മുൻ പ്രസിഡന്റ് ജോയി എബ്രഹാമിനും കൂട്ടരും 6 കോടി അടക്കാൻ ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

പാലാ> മീനച്ചില്‍ റബര്‍ സൊസൈറ്റിയില്‍ നടന്ന കോടികളുടെ ക്രമക്കേടുകളില്‍ നേരിട്ട് പങ്കാളികളെന്ന് സഹകരണവകുപ്പ് കണ്ടെത്തിയ മുന്‍ ഭരണസമിതി പ്രസിഡന്റ് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രഹാമിനും മറ്റ് ഭരണസമിതി അംഗങ്ങള്‍ക്കും എതിരെ സംസ്ഥാന സഹകരണവകുപ്പ് ആറ് കോടി രൂപാ സര്‍ച്ചാര്‍ജ് ചുമത്തി. 16 പേരാണ് പിഴയായി ആറ് കോടിയോളം രൂപ സഹകരണ വകുപ്പില്‍ അടക്കേണ്ടത്.

 ഹൈക്കോടതി ഉത്തരവിന്‍പ്രകാരം സഹകരണ ചട്ടങ്ങള്‍ അനുസരിച്ച് നടന്ന വിവിധ അന്വേഷണങ്ങളിലാണ് വന്‍ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളും കണ്ടെത്തിയത്. കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോരട്ട്‌ പ്രകാരം  വിശദമായ അന്വേഷണം നടത്തി മീനച്ചില്‍ റബര്‍ സൊസൈറ്റി ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം ഉണ്ടായ കോടികളുടെ നഷ്ടം ചിട്ടപ്പെടുത്തിയത്.

16 പേരുടെയും അടക്കേണ്ട തുക പ്രത്യേകം തിട്ടപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് സഹകരണ സംഘമായിരുന്ന മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സഹകരണ സംഘം അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും, കര്‍ഷകര്‍ക്കുമായി 60 കോടിയില്‍പരം രൂപയാണ് നല്‍കാനുള്ളത്. ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തോളമായി ശമ്പളാനുകൂല്യങ്ങളും നല്‍കുന്നില്ല. പി എഫ്, ഇ എസ്‌ ഐ, ഇന്‍ഷുറന്‍സ്, ക്ഷേമനിധി, ബെനിഫിറ്റ് ഫണ്ട് എന്നിവയും വര്‍ഷങ്ങളായി മുടങ്ങിയിരിക്കുകയാണ്.

വന്‍ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വന്‍കിട ഫാക്ടറികള്‍ മീനച്ചില്‍ ലാറ്റക്‌സും കൂടല്ലൂര്‍ ക്രംപ് ഫാക്ടറിയും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയതാണ്. കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും കെട്ടിടങ്ങളും തുരുമ്പെടുത്ത് നശിക്കുന്നു. ലക്ഷങ്ങളുടെ വസ്തുവകകളാണ് ഇവിടെനിന്നും മോഷണം പോയിരിക്കുന്നത്. കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം ബിനോയ് കുമാര്‍ എച്ച് എം 9516/14 നമ്പർ ഉത്തരവിലൂടെ കഴിഞ്ഞ ഏപ്രിൽ 16നാണ്  പ്രസിഡന്റ് ജോയി എബ്രഹാമിനും കൂട്ടര്‍ക്കുമെതിരെ സഹകരണ നിയമം റൂള്‍ 68 (2) പ്രകാരം സ്‌പെഷ്യല്‍ സര്‍ച്ചാര്‍ജ് ചുമത്തി ഉത്തരവായത്.

5,82,06,880 രൂപയാണ് 16 പേരും കൂടി അയക്കേണ്ടത്. കഴിഞ്ഞ മെയ് 16ന് മുന്‍പായി തുക അടക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഒരാളും പിഴത്തുക ഇതുവരെ അടച്ചിട്ടില്ല. സംഘാംഗങ്ങളും കര്‍ഷകരും നിക്ഷേപകരും ജീവനക്കാരും ഭരണസമിതി അംഗങ്ങളില്‍ നിന്നും സര്‍ച്ചാര്‍ജ് ഈടാക്കി തങ്ങളുടെ നിക്ഷേപം എത്രയുംവേഗം മടക്കി ലഭിക്കുന്നതിനായി റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കാൻ അധികൃതരെ സമീപിച്ചിരിക്കുകയാണ്. ക്രമക്കേട് കണ്ടെത്തിയതോടെ കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും മുന്‍എംപിയുമായ ജോയി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
 


പ്രധാന വാർത്തകൾ
 Top