22 November Friday

മെഡിസെപ്‌: റിലയൻസിനെ ഒഴിവാക്കും

ജി രാജേഷ‌് കുമാർUpdated: Saturday Aug 17, 2019

തിരുവനന്തപുരം> സർക്കാർ ജീവനക്കാർക്കും  പെൻഷൻകാർക്കുമായി ആരംഭിച്ച  മെഡിസെപ്‌  (മെഡിക്കൽ ഇൻഷുറൻസ്‌ സ്‌കീം ഫോർ സ്‌റ്റേറ്റ്‌ എംപ്ലോയീസ്‌ ആൻഡ്‌ ടീച്ചേഴ്‌സ്‌)  പദ്ധതിനടത്തിപ്പിൽനിന്ന്‌ റിലയൻസ്‌ ജനറൽ ഇൻഷുറൻസ്‌ കമ്പനിയെ ഒഴിവാക്കും. പുതിയ കമ്പനിയെ കണ്ടെത്താൻ വീണ്ടും ടെൻഡർ നടത്തും.  ധനവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന്‌ സമർപ്പിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള ചികിത്സാസൗജന്യം  പുതിയ സംവിധാനം വരുന്നതുവരെ തുടരും. ധാരണപത്രത്തിലെ വ്യവസ്ഥകളെല്ലാം റിലയൻസ്‌ ലംഘിച്ചതിനെത്തുടർന്നാണ്‌ നടപടി. പദ്ധതി അനാകർഷകമാക്കി പരമാവധി ചെലവ്‌ കുറയ്‌ക്കാനായി  കമ്പനി ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന്‌ ധനവകുപ്പ്‌ നടത്തിയ പരിശോധനയിൽ  വ്യവസ്ഥകളെല്ലാം കമ്പനി ലംഘിക്കുന്നതായി കണ്ടെത്തി.

മികച്ച ആശുപത്രികളെ ഒഴിവാക്കി പദ്ധതി നടത്താനാണ്‌ റിലയൻസ്‌ ശ്രമിച്ചത്‌. ഓരോ ജില്ലയിലും കുറഞ്ഞത്‌ അഞ്ച്‌ ജനറൽ ആശുപത്രി, അവയവമാറ്റ ശസ്‌ത്രക്രിയ ഉൾപ്പെടെ നടത്താവുന്ന മൂന്ന്‌ ആശുപത്രി, രണ്ടുവീതം സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവ  പദ്ധതിയുടെ ഭാഗമായിരിക്കണമെന്നാണ്‌ ധാരണപത്രത്തിലെ പ്രധാന വ്യവസ്ഥ. ധനവകുപ്പിന്റെ  പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ ഹൃദ്രോഗങ്ങൾക്കായി പട്ടികയിൽ ഉൾപ്പെടുത്തിയ ആശുപത്രിയിൽ ഇതിനായി ഒരു സൗകര്യവുമില്ലെന്ന്‌ കണ്ടെത്തി.

ഇതേ അവസ്ഥയാണ്‌ മറ്റ്‌ ജില്ലകളിലും. ആശുപത്രികളുടെ പട്ടിക തയ്യാറാക്കുന്നതിന്‌ സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുമായി ചർച്ചയ്‌ക്കുപോലും ഇൻഷുറൻസ്‌ കമ്പനി തയ്യാറായില്ല. ആർസിസി, മലബാർ ക്യാൻസർ സെന്റർ, ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ ചികിത്സയ്‌ക്ക്‌, മെഡിസെപ്‌ പദ്ധതിക്കായി സർക്കാർ നിശ്ചയിച്ച നിരക്കിൽ ആവശ്യമായ മാറ്റം (കുറഞ്ഞത്‌ 25 ശതമാനമെങ്കിലും അധികനിരക്ക്‌) അനുവദിക്കണമെന്ന്‌ ടെൻഡർ നിബന്ധനകളിൽ വ്യവസ്ഥയുണ്ട്‌. ഇത്‌ പാലിച്ചിട്ടില്ല.

ഇൻഷുറൻസ്‌ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള ടെൻഡറിൽ അഞ്ച്‌ കമ്പനികളാണ്‌ പങ്കെടുത്തത്‌. ഇതിൽ കുറഞ്ഞ പ്രീമിയം നിരക്ക്‌ വാഗ്‌ദാനം റിലയൻസ്‌ ഇൻഷുറൻസിന്റേതായിരുന്നു. രണ്ടാമതെത്തിയ കമ്പനിയേക്കാൾ 3500 രൂപയോളം കുറഞ്ഞ പ്രീമിയംനിരക്ക്‌ വാഗ്‌ദാനം ചെയ്‌ത റിലയൻസ്‌ ആദ്യംമുതൽ സംശയനിഴലിലായിരുന്നു.

 


പ്രധാന വാർത്തകൾ
 Top