21 October Monday

മെഡിസെപ‌് : 11.15 ലക്ഷം പേർക്ക‌് പരിരക്ഷ; പദ്ധതി ആഗസ‌്ത‌് ഒന്നുമുതൽ പ്രബല്യത്തിൽ

ജി രാജേഷ‌് കുമാർUpdated: Friday Jul 26, 2019

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ‌് പദ്ധതി (മെഡിസെപ‌്)യിൽ സംസ്ഥാനത്ത‌് ആദ്യഘട്ടത്തിൽ 11,15,574 പേർക്ക‌് പരിരക്ഷ ഉറപ്പാകും. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഗ്രാന്റ‌് ഇൻ എയ‌്ഡ‌് സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ, പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്കുള്ള പദ്ധതി ആഗസ‌്ത‌് ഒന്നുമുതൽ പ്രബല്യത്തിലാകും. സർവകലാശാലകൾ അടക്കം 5,65,508 ജീവനക്കാരും, 5,500,66 പെൻഷൻകാരും പദ്ധതിയുടെ ഭാഗമാകും.

അവയവം മാറ്റിവയ‌്ക്കൽ അടക്കം വിപുലമായ പരിരക്ഷ ഉൾപ്പെടുന്ന മെഡിസെപ‌്   നടത്തിപ്പിന‌് റിലയൻസ‌് ഇൻഷുറൻസ‌് കമ്പനിയെയാണ‌് തുറന്ന ടെണ്ടർ നടപടികളിലൂടെ ചുമതലപ്പെടുത്തിയത‌്. പദ്ധതിയുടെ നിയന്ത്രണം ധന വകുപ്പിനായിരിക്കും. പ്രതിവർഷ പ്രീമിയമായ 2992.48 രൂപ ജീവനക്കാരിൽനിന്ന‌് 250 രൂപ നിരക്കിൽ പ്രതിമാസ ഗഡുക്കളായി ശമ്പളത്തിൽനിന്ന‌് പിടിക്കും. പെൻഷൻകാർക്ക‌് മെഡിക്കൽ അലവൻസിൽനിന്ന‌് ഈടാക്കും. 1823 ചികിത്സാ പാക്കേജുകളിൽ കിടത്തി ചികിത്സയ‌്ക്കുള്ള നിരക്ക‌് സർക്കാർ നിശ്ചയിച്ചിട്ടുണ്ട‌്.  ചെലവ‌് ഇൻഷുറൻസ‌് കമ്പനി ആശുപത്രികൾക്ക‌് നൽകും.

1750 രൂപ മുതൽ 2750 രൂപവരെ പ്രതിദിനം ചെലവ‌് വരുന്ന ചികിത്സാ പാക്കേജുകളാണ‌്  ഉൾപ്പെടുത്തിയത‌്. വർഷം രണ്ടുലക്ഷം രൂപയുടെ ചികിത്സ ലഭ്യമാകും. ഗൗരവമുള്ള രോഗങ്ങൾക്ക്‌ മുന്നുവർഷത്തേയ‌്ക്ക‌് ആറുലക്ഷം രൂപയുടെ പ്രത്യേക സംരക്ഷണവും ഉറപ്പാക്കുന്നു. അവയവങ്ങളുടെ മാറ്റിവയ‌്ക്കലിന‌് അഞ്ചുലക്ഷം രൂപ മുതൽ 14 ലക്ഷം വരെ സഹായം ലഭ്യമാകും.

സർക്കാർ സഹകരണ ആശുപത്രികൾക്കു മുൻഗണന
മെഡിസെപ‌് പദ്ധിതിയിൽ അക്രഡിറ്റേഷന‌് സർക്കാർ ആശുപത്രികൾക്കൊപ്പം സഹകരണ ആശുപത്രികൾക്കും മുൻഗണന നൽകും. ഡോക്ടർമാരുടെ ദേശീയ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലെ ചിലർ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്‌. സർക്കാർ നിശ്ചയിച്ചിട്ടുള്ള ചികിത്സാ ചെലവ‌് മാത്രമെ ഈടാക്കാൻ കഴിയൂവെന്നതിനാൽ ഒരു വിഭാഗം ആശുപത്രികളിലെ ചികിത്സാകൊള്ള നടക്കില്ല


പ്രധാന വാർത്തകൾ
 Top