11 December Wednesday

അയോർട്ടിക് അന്യൂറിസത്തിനുള്ള ചികിത്സയിൽ ചരിത്രനേട്ടം; നൂറ്‌ ഹൃദയം കാത്ത്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2024

കോഴിക്കോട്> രക്തധമനികളെ സാരമായി ബാധിക്കുന്ന അയോർട്ടിക് അന്യൂറിസത്തിനുള്ള എൻഡോ വാസ്ക്കുലർ അയോർട്ടിക് റിപ്പയർ (ഇവിഎആർ) ചികിത്സയിലൂടെ  100 പേർക്ക് സാന്ത്വനമേകി   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ നാല് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവുവരുന്ന ഇവിഎആർ ചികിത്സ കാസ്പ് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യമായി ലഭ്യമാക്കിയാണ് ഈ നേട്ടം. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന രക്ത ധമനിയായ അയോർട്ട ശക്തികുറഞ്ഞ് വീർത്തുവരുന്ന അസുഖമാണ് അയോർട്ടിക് അന്യൂറിസം.

ശ്രദ്ധിക്കാതെ പോയാൽ ശ്വാസകോശത്തിലോ വയറിലോ രക്തസ്രാവമുണ്ടായി മരണത്തിനു വരെ കാരണമായേക്കാം. ഈ രോഗത്തിന്‌ ശസ്ത്രക്രിയ കൂടാതെ, കാലിലെ രക്തധമനി വഴി സ്റ്റെന്റ് കടത്തിവിടുന്ന ചികിത്സയാണ്  എൻഡോവാസ്ക്കുലാർ അയോർട്ടിക് റിപ്പയർ. കാലിലെ രക്തക്കുഴലിൽ ഉണ്ടാക്കുന്ന പിൻ ഹോൾ (ആറ് മില്ലി മീറ്റർ വ്യാസം) വഴിയാണ് ചികിത്സ. 24 മണിക്കൂറിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യാം.  90 ശതമാനം അയോർട്ടിക് അന്യൂറിസവും ഇവിഎആറിലൂടെ ചികിത്സിക്കാം. ഇവിഎആറിന്റെ നൂതന മാർഗങ്ങളായ ബ്രാഞ്ച് ഡിവൈസ് ഈവാർ, ഫെനെസ്ട്രേഷൻ ഈവാർ, ചിമ്മ്ണി ഈവാർ എന്നിവയും ചില രോഗികൾക്ക് നൽകിയിട്ടുണ്ട്.

പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, സർജറി വിഭാഗം മേധാവി  ഡോ. ശ്രീജയൻ, കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. രാധ, റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജൻ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top