കൊച്ചി
മീറ്റ് പ്രോഡക്‌ട്‌സ് ഓഫ് ഇന്ത്യ (എംപിഐ) സുവർണ ജൂബിലിയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് 10 ശതമാനം വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ കമല സദാനന്ദനും മാനേജിങ് ഡയറക്ടർ ഡോ. എ എസ് ബിജുലാലും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 31 വരെയാണ് വിലക്കുറവ്. വിതരണ ഏജൻസികൾക്കും 10 ശതമാനം കമീഷൻ തുക ഇൻസെന്റീവായി നൽകും. സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശിപ്പിക്കലും കമല സദാനന്ദൻ നടത്തി.
സുരക്ഷിതമായ ഭക്ഷണത്തിനായി ‘സുരക്ഷിത ഇറച്ചി’ ശീലമാക്കാനുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. അനധികൃത കശാപ്പുശാലകളിലെ അനാശാസ്യരീതികളുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. വൃത്തിയും ഗുണമേന്മയുമുള്ള ഇറച്ചി ഉൽപ്പന്നങ്ങൾ നൽകാൻ എംപിഐ 31.02 കോടി രൂപ ചെലവിൽ ആധുനികസംവിധാനം നിർമിച്ചു. ഇവിടെ കേരള ബാങ്ക് നൽകിയ 10 കോടി രൂപ ഉപയോഗിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങി. പോത്തിറച്ചി സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നത് ഈ സാമ്പത്തികവർഷം ആരംഭിക്കും.
എംപിഐയുടെ അത്യാധുനിക കശാപ്പുശാലയിൽനിന്നുള്ള ഇറച്ചി ഉപയോഗിച്ച് സോസേജ്, കട്‌ലറ്റ്, കബാബ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റ് കൊല്ലം ഏരൂർ പഞ്ചായത്തിൽ തുടങ്ങി. നേരിട്ടും അല്ലാതെയുമായി 200 പേർക്ക് തൊഴിൽ ലഭിക്കും. 500 കർഷകരെ തെരഞ്ഞെടുത്ത് ആട്, പോത്ത് ഗ്രാമം പദ്ധതി എല്ലാ ജില്ലയിലും തുടങ്ങും. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഇടയാറിൽ കോഴിയിറച്ചി സംസ്‌കരണ ഫാക്‌ടറിയും പെറ്റ്‌ഫുഡ് പ്ലാന്റ് നിർമാണവും ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..