22 August Thursday

തട്ടിപ്പ‌്: ജോബിനെതിരെ കൂടുതൽ പരാതികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി
പോണ്ടിച്ചേരിയിൽ എംബിബിഎസ് സീറ്റിന‌് ഫീസിളവ‌് വാഗ‌്ദാനംചെയ‌്ത‌് പ്രവാസിയുടെ 15 ലക്ഷം രൂപ തട്ടിയ കേസിൽ അറസ‌്റ്റിലായ  ജോബിൻ ജോയിക്കെതിരെ (32) പരാതി പ്രവാഹം. തട്ടിപ്പിനിരയായ നിരവധി പേർ ഇയാളെ അറസ‌്റ്റ‌്ചെയ‌്ത വാർത്തയറിഞ്ഞ‌് സെൻട്രൽ പൊലീസ‌് സ‌്റ്റേഷനിലെത്തി. ഇരകൾക്ക‌് അതത‌് പൊലീസ് സ‌്റ്റേഷനുകളിൽ പരാതി നൽകാൻ പൊലീസ‌് നിർദേശം നൽകി.

തട്ടിപ്പിന് ഇരയായവരും ഈ വർഷത്തെ എംബിബിഎസ‌് സീറ്റ‌് വാഗ‌്ദാനം വിശ്വസിച്ചിരിക്കുന്നവരുമാണ‌് പൊലീസ‌ിനെ സമീപിച്ചത‌്.
മെഡിക്കൽ കോളേജ‌് പ്രവേശനത്തിന‌ുള്ള നടപടിക്രമങ്ങൾ കൃത്യമായി മനസ്സിലാക്കിയാണ‌് ഇയാൾ തട്ടിപ്പ‌് നടത്തിയിരുന്നത‌്. അപേക്ഷ സമർപ്പിക്കുന്ന സമയങ്ങളിൽ കോളേജുകളിൽ പ്രത്യക്ഷപ്പെടുന്ന ഇയാൾ കോളേജിലെ ആളാണെന്ന‌് അപേക്ഷകരെ വിശ്വസിപ്പിക്കുകയും ഫോൺനമ്പർ സംഘടിപ്പിക്കുകയുമാണ‌് പതിവ‌്. പ്രവേശനം ഉറപ്പാക്കാമെന്നും ഫീസ‌ിൽ ഇളവ‌് വാങ്ങി നൽകാമെന്നും ഫോണിൽ വിളിച്ച‌് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ‌്.

കലൂരുകാരനായ ഡോക്ടറുടെ 23 ലക്ഷം രൂപയും മൂന്ന‌് വൈക്കം സ്വദേശികളിൽനിന്ന‌് 20 ലക്ഷം രൂപ വീതം 60 ലക്ഷം രൂപയും പാലാരിവട്ടം സ്വദേശിയുടെ 20 ലക്ഷം രൂപയും എംബിബിഎസ‌് സീറ്റ‌് വാഗ‌്ദാനംചെയ‌്ത‌് ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്ന‌് സെൻട്രൽ ഇൻസ‌്പെക്ടർ എസ‌് വിജയശങ്കർ പറഞ്ഞു.  അമൃത ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസസ‌്, കാരക്കോണം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എൻആർഐ, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിൽ പ്രവേശനം വാഗ‌്ദാനംചെയ‌്തായിരുന്നു തട്ടിപ്പ‌്. നഷ്ടപ്പെട്ട പണം തിരിച്ചുചോദിച്ചവരെ രാഷ‌്ട്രീയസ്വാധീനമുണ്ടെന്ന‌് പറഞ്ഞ‌് ഭീഷണിപ്പെടുത്തി. തെളിവായി ഉന്നത നേതാക്കളോടെന്ന മട്ടിൽ ഫോണിൽ സംസാരിക്കുകയും നക്ഷത്രഹോട്ടലുകളിലെ ബില്ലുകൾ കാണിക്കുകയുംചെയ‌്തു.  മറ്റുജില്ലകളിലും തട്ടിപ്പ‌് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട‌്. തുടരന്വേഷണത്തിനായി ജോബിനെ സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ ഇൻസ്‌പെക്ടർ എസ് വിജയശങ്കർ, എസ്ഐമാരായ വിബിൻദാസ്, കെ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ‌് അന്വേഷണം.
 


പ്രധാന വാർത്തകൾ
 Top