Deshabhimani

ക്യാമ്പുകൾ മാലിന്യമുക്തമാക്കാൻ കൈകോർത്തതിന് നന്ദി; നടൻ ടൊവിനോയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 12:11 PM | 0 min read

തിരുവനന്തപുരം> ദുരിതാശ്വാസ ക്യാമ്പുകൾ മാലിന്യമുക്തമാക്കാൻ കൈകോർത്ത നടൻ ടൊവിനോ തോമസിനെ പ്രത്യേകം അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. ഡിസ്‌പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും ഉപയോ​ഗിക്കുന്നതുമൂലം മാലിന്യ നിർമാർജനം കൂടുതൽ ദുഷ്‌കരമാക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ട  ടൊവിനോ ആയിരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പിൽ എത്തിക്കുകയായിരുന്നു.

വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ വഴി ഡിസ്‌പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിഞ്ഞെന്നും നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ 25 ലക്ഷം രൂപ കൈമാറിയിരുന്നു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

ഏവരും ഒറ്റക്കെട്ടായി വയനാടിന് വേണ്ടി അണിനിരക്കുകയാണ്. അപ്പോഴും ടൊവിനോയെ പ്രത്യേകം അഭിനന്ദിക്കാൻ ഒരു കാരണമുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവിടെ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു.

മാലിന്യ നിർമാർജനം കൂടുതൽ ദുഷ്കരമാക്കുന്ന ഈ വെല്ലുവിളി സംബന്ധിച്ച് മാതൃഭൂമിയോട് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ നടത്തിയ പ്രതികരണം ടൊവിനോ തോമസിന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ടൊവിനോ ആയിരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പിൽ എത്തിക്കുമെന്ന് അറിയിച്ചു. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ വഴി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചത്.

ടൊവിനോയുടെ ഈ മാതൃകാപരമായ പിന്തുണയെ തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നു. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽക്കൊണ്ടുവന്ന മാതൃഭൂമി ചാനലിന്റെ ഇടപെടലും അഭിനന്ദനാർഹമാണ്. എല്ലാ ക്യാമ്പുകളിലെയും അന്തേവാസികൾക്ക് സ്റ്റീൽ പാത്രങ്ങൾ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. മാലിന്യ മുക്തമായ ക്യാമ്പുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഇത്തരം വാർത്തകളും ഇടപെടലുകളും.



deshabhimani section

Related News

View More
0 comments
Sort by

Home