20 September Friday
മുഴുവന്‍ ഭരണപക്ഷാംഗങ്ങളെയും കൗണ്‍സിലില്‍ ഹാജരാകുന്നതില്‍നിന്ന് വിലക്കി

കൊച്ചി നഗരസഭ: മേയര്‍ വിശ്വാസം നേടി; സ്വന്തം പക്ഷത്തെ അവിശ്വസിച്ച്

സ്വന്തം ലേഖികUpdated: Thursday Sep 12, 2019

കൊച്ചി> കൊച്ചി മേയര്‍ സൗമിനി ജെയ്‌നെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടി ഭരണപക്ഷം. 74 അംഗ കൗണ്‍സിലില്‍ 38 പേരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും വിശ്വാസക്കുറവുമൂലം മുഴുവന്‍ ഭരണപക്ഷാംഗങ്ങളെയും കൗണ്‍സിലില്‍ ഹാജരാകുന്നതില്‍നിന്ന് വിലക്കിയാണ് യുഡിഎഫ്  അവിശ്വാസത്തെ മറികടന്നത്.

നഗരഭരണത്തിലെ അഴിമതി, ദുര്‍ഭരണം, കെടുകാര്യസ്ഥത എന്നിവയ്ക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി  പ്രമേയം അവതരിപ്പിച്ചു.  കലക്ടര്‍ എസ് സുഹാസ് അധ്യക്ഷനായ കൗണ്‍സിലില്‍ പ്രതിപക്ഷം ആരോപണങ്ങള്‍ അവതരിപ്പിച്ചു. രണ്ട് ബിജെപി അംഗങ്ങളും  മേയറെ വിമര്‍ശിച്ചു.  റോ റോ പദ്ധതിയിലെ കരാറുകാരന് പണി തീരാതെതന്നെ 92 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുനല്‍കാനുള്ള മേയറുടെ  തീരുമാനത്തെ  കെ ജെ ആന്റണി വിമര്‍ശിച്ചു. സ്മാര്‍ട്ട് സിറ്റി, സിറ്റി ഗ്യാസ്, റോഡുകളുടെ വികസനം എന്നിവ നടപ്പാക്കുന്നതില്‍ അനാസ്ഥയാണ്.

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഇ ഗവേണന്‍സ് പൂര്‍ത്തിയാക്കാനും നടപടിയെടുത്തില്ല.  260 കോടിയുടെ സാമ്പത്തിക ബാധ്യതയുള്ളപ്പോഴും നികുതി പിരിവില്‍ കാര്യക്ഷമതയില്ലെന്നും  പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.പരസ്പരം വിശ്വാസമില്ലാത്ത ഈ ഭരണ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് വി പി ചന്ദ്രന്‍ ചോദിച്ചു. സഹകൗണ്‍സിലര്‍മാരെ വിശ്വാസമില്ലാഞ്ഞാണ് അവരെ വോട്ടെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയത്. നേരത്തെ ധനകാര്യ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്തെന്നും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ ഭരണപക്ഷാംഗങ്ങളെയും അവിശ്വാസ ചര്‍ച്ചയില്‍നിന്ന് വിലക്കിയെന്നും വി പി ചന്ദ്രന്‍ പറഞ്ഞു.

കൗണ്‍സിലില്‍ ഹാജരായ 35 പേരില്‍ 33 പ്രതിപക്ഷാംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടിങ്ങില്‍ പങ്കെടുത്തില്ല. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാര്‍ടി ആവശ്യപ്പെടുന്നതുവരെ മേയറായി തുടരുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top