22 October Tuesday

അജാസ‌് കാർ കൊണ്ടുപോയത‌് പിഎസ‌്സി പരീക്ഷയ‌്‌ക്കെന്ന പേരിൽ

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

കൊച്ചി > വള്ളികുന്നത്ത‌് പൊലീസുകാരിയെ തീവച്ചുകൊന്ന പൊലീസുകാരൻ അജാസ‌് ബന്ധുവിന്റെ പക്കലുണ്ടായിരുന്ന കാർ ചോദിച്ചുവാങ്ങിയത‌് തിരുവനന്തപുരത്ത‌് പിഎസ‌്സി പരീക്ഷയ‌്ക്കു പോകാനെന്ന പേരിൽ. എളമക്കര സ്വദേശി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ‌് കാർ. രതീഷ‌് ഇപ്പോൾ എരമല്ലൂരിലാണ‌് താമസമെന്ന‌് എളമക്കര പൊലീസ‌് നടത്തിയ പരിശോധനയിൽ വ്യക്തമായി. രതീഷിന്റെ സുഹൃത്തിന്റെ കൈവശമായിരുന്ന കാർ അജാസിന്റെ ബന്ധു കൊണ്ടുപോവുകയായിരുന്നു. ഇയാളിൽനിന്നാണ‌് അജാസ‌് തിരുവനന്തപുരത്തു പോകാനെന്ന പേരിൽ കാർ കൊണ്ടുപോയത‌്. പലരും മാറിമാറി ഉപയോഗിച്ചിരുന്നതായി വ്യക്തമായ സാഹചര്യത്തിൽ കാർ വാടകയ‌്ക്ക‌ു നൽകിയിരുന്നതാകാമെന്ന സംശയത്തിലാണ‌് പൊലീസ‌്. സ‌്കൂട്ടറിൽ പോവുകയായിരുന്ന സൗമ്യയെ ഈ കാറുകൊണ്ട‌് ഇടിച്ചുവീഴ‌്ത്തിയശേഷമാണ‌് വെട്ടിയും തീവച്ചും കൊലപ്പെടുത്തിയത‌്.

ആവശ്യങ്ങളിൽ സഹായവുമായെത്തുന്ന സ്വഭാവക്കാരനാണ‌് അജാസെന്ന‌് സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ജൂലൈ ഒന്നുമുതൽ ആലുവ ട്രാഫിക‌് സ‌്റ്റേഷനിൽ ജോലിചെയ്തിരുന്ന അജാസ‌് കൃത്യമായി ജോലിക്ക‌് എത്താറുണ്ടെങ്കിലും സമയനിഷ‌്ഠ സംബന്ധിച്ച‌് മേലുദ്യോഗസ്ഥരുമായി ചെറിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട‌്. അതേസമയം, കേസന്വേഷണത്തിനും പ്രതികളെ പിടികൂടുന്നതിനും ഡ്യൂട്ടിക്കുശേഷവും സമയം ചെലവഴിക്കാൻ മടിയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൊച്ചി സന്ദർശനദിവസങ്ങളിലും ട്രാഫിക‌് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

2010 ബാച്ചിൽ പൊലീസിൽ ജോലി നേടിയ ഇയാൾ കഠിന പരിശീലന മുറകളിൽ തളർന്നുപോയിട്ടില്ലെന്ന‌് തൃശൂർ പൊലീസ‌് അക്കാദമിയിൽ അതേ ബാച്ചിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ പറഞ്ഞു. ബുദ്ധിമുട്ടേറിയ കാര്യങ്ങൾ ഏൽപ്പിച്ചാലും ചെയ‌്തിരുന്നു. എന്തു കാര്യവും ചെയ്യാനുള്ള തന്റേടവും കായികശേഷിയും ഉണ്ടായിരുന്നു. അതു പക്ഷേ, കൊലപാതകത്തിന‌് വിനിയോഗിച്ചെന്ന‌് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സഹപ്രവർത്തകൻ പറഞ്ഞു.

പരിചയക്കാരോടും സുഹൃത്തുക്കളോടും സംസാരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോഴും വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ‌്ക്കുന്ന തരത്തിൽ ആരുമായും അടുപ്പം പുലർത്തിയിരുന്നില്ല. പെട്ടെന്ന‌ു പ്രകോപിതനാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണെന്ന‌് സുഹൃത്തുക്കൾ പറഞ്ഞു. ദീർഘനേരം ആരുമായും ഫോണിൽ സംസാരിക്കുന്ന സ്വഭാവമില്ല. അതേസമയം, അജാസിന്റെ ഫോൺവിളികൾ ചിലത‌് ശ്രദ്ധിച്ചിരുന്നെങ്കിലും അതേക്കുറിച്ച‌് ഒന്നും പറഞ്ഞിരുന്നില്ലെന്നും സൗമ്യയെയാണ‌് വിളിച്ചിരുന്നതെന്ന‌് കൊലപാതകത്തിനുശേഷമാണ‌് മനസ്സിലായതെന്നും സഹപ്രവർത്തകരിലൊരാൾ പറഞ്ഞു.

കൊലപാതകത്തിലേക്ക‌് നയിക്കുംവിധമുള്ള പ്രശ‌്നങ്ങൾ അജാസിന‌് ഉണ്ടായിരുന്നതായി നാട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. സാമ്പത്തികമായി ഭേദപ്പെട്ട കുടുംബമാണ‌് ഇയാളുടേത‌്. വിവാഹത്തെക്കുറിച്ച‌് ചോദിക്കുന്നവരോട‌് സഹോദരിയുടെ പുനർവിവാഹം നടത്താനുണ്ടെന്ന മറുപടിയാണ‌് ഇയാൾ നൽകിയിരുന്നത‌്. ഇക്കഴിഞ്ഞ ഒമ്പതുമുതലാണ‌് വീടുപണിയെന്ന പേരിൽ അവധിയിൽ പ്രവേശിച്ചത‌്. കൊലപാതകത്തിനിടെ പൊള്ളലേറ്റ‌് ആലപ്പുഴ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലുള്ള അജാസിനെ ഞായറാഴ‌്ച വൈകിട്ടുവരെ ബന്ധുക്കളാരും സന്ദർശിച്ചിട്ടില്ല. നാട്ടുകാരുടെ പ്രതികരണം സംബന്ധിച്ച ആശങ്കയാണ‌് കാരണമെന്നാണ‌് വിവരം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top