05 November Tuesday
പുഷ്‌പന്റെ പേര്‌ ഉച്ചരിക്കാൻ 
കുഴൽനാടന്‌ അർഹതയില്ല: 
മന്ത്രി പി രാജീവ്‌

കൂത്തുപറമ്പ്‌ 
രക്തസാക്ഷികളെയും 
പുഷ്‌പനെയും അവഹേളിച്ച്‌ കുഴൽനാടൻ

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024


തിരുവനന്തപുരം
കൂത്തുപറമ്പ്‌ രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും അവഹേളിച്ച്‌ മാത്യു കുഴൽനാടൻ എംഎൽഎ. ‘എം വി രാഘവനെ കൂത്തുപറമ്പിലെ പരിപാടിയിൽ പങ്കെടുപ്പിക്കില്ല എന്ന്‌ പറഞ്ഞ്‌ സമരം നടത്തിയതിനാണ്‌ അന്നത്തെ യുഡിഎഫ്‌ സർക്കാർ ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെടിവച്ചത്, അഞ്ചുപേരുടെ രക്തസാക്ഷിത്വവും പുഷ്‌പൻ ജീവച്ഛവമായതും, പിന്നീട്‌ മരിച്ചതും കേരളം മുഴുവനും ആഘോഷിച്ചു’ എന്നാണ്‌ അദ്ദേഹം നിയമസഭയിൽ പറഞ്ഞത്‌.

ഇതിനെതിരെ ഭരണപക്ഷത്തെ എംഎൽഎമാർ രംഗത്തുവന്നു. അന്നത്തെ യുഡിഎഫ്‌ സർക്കാരിന്റെ  സ്വകാര്യവൽകരണ നയത്തിനെതിരെയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരെയും നടത്തിയ സമരങ്ങളെ വേട്ടയാടിയതിനെതിരെയാണ്‌ കൂത്തുപറമ്പിൽ പ്രതിഷേധിച്ചത്‌. അതിനെ  അപകീർത്തികരമാംവിധം അവതരിപ്പിച്ചത്‌ സഭാരേഖകളിൽനിന്ന്‌ നീക്കണമെന്ന്‌ കെ വി സുമേഷ്‌ ആവശ്യപ്പെട്ടു. ഇതുവകയ്‌ക്കാതെ മാത്യു കുഴൽനാടൻ വീണ്ടും കൂത്തുപറമ്പ്‌ രക്‌തസാക്ഷികളെക്കുറിച്ച്‌ തെറ്റിദ്ധാരണപ്രചരിപ്പിച്ച്‌ സംസാരം തുടർന്നു.

വ്യവസായ വകുപ്പിന്റെ ബില്ലുകൾ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ്‌ കുഴൽനാടൻ കൂത്തുപറമ്പ്‌ രക്തസാക്ഷികളെക്കുറിച്ച്‌ അനാവശ്യ പരാമർശങ്ങൾ നടത്തിയത്‌. സ്‌പീക്കറുടെ കസേരയിലുണ്ടായിരുന്ന ടി ഐ മധുസൂദനൻ ഇടപെട്ട്‌ താക്കീത്‌ നൽകിയെങ്കിലും കുഴൽനാടൻ അവഹേളനം തുടർന്നു. ലിന്റോ ജോസഫ്‌, ബിൽ അവതരിപ്പിച്ച മന്ത്രി പി രാജീവ്‌, മന്ത്രിമാരായ എം ബി രാജേഷ്‌, ആർ ബിന്ദു തുടങ്ങിയവർ ഇടപെട്ടിട്ടും കുഴൽനാടൻ പരാമർശം പിൻവലിച്ചില്ല.

സ്‌പീക്കർ എ എൻ ഷംസീർ ചെയറിൽ തിരിച്ചെത്തിയശേഷം കുഴൽനാടനോട്‌ വിഷയത്തിലൂന്നി സംസാരിക്കാൻ ആവശ്യപ്പെട്ടു. കുഴൽനാടൻ നിയമസഭയിൽ പതിവായി പ്രകോപനം സൃഷ്‌ടിക്കുന്നതുൾപ്പെടെ സ്‌പീക്കർ ചൂണ്ടിക്കാട്ടി. ഒരു വിഷയത്തിൽ തുടങ്ങി, ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അവഹേളിക്കുന്ന പതിവ്‌ രീതിയാണ്‌ മാത്യു കുഴൽനാടൻ വ്യാഴാഴ്‌ചയും സ്വീകരിച്ചത്‌. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും എ പി അനിൽകുമാറും മാത്രമാണ്‌ അദ്ദേഹത്തെ അനുകൂലിച്ചത്‌. മറ്റുള്ളവർ മൗനംപാലിച്ചു.

പുഷ്‌പന്റെ പേര്‌ ഉച്ചരിക്കാൻ 
കുഴൽനാടന്‌ അർഹതയില്ല: 
മന്ത്രി പി രാജീവ്‌
മാത്യു കുഴൽനാടന്‌ പുഷ്‌പനെന്ന പോരാളിയുടെ പേര്‌ ഉച്ചരിക്കാനുള്ള അർഹതയില്ലെന്ന്‌ മന്ത്രി പി രാജീവ്‌ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു.  മാധ്യമങ്ങളുടെ ശ്രദ്ധലഭിക്കാനും തലക്കെട്ടുകളിൽനിറയാനും രക്തസാക്ഷികളെയും പോരാട്ടങ്ങളെയും അധിക്ഷേപിക്കുന്നത്‌ ശരിയല്ല. വാട്‌സാപ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നുമാത്രം ചരിത്രം പഠിക്കുന്നത് ശരിയല്ലെന്നും  അദ്ദേഹം കുഴൽനാടന്‌ മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top