22 September Sunday

'കൊല്ലുമെന്നറിയാം; പക്ഷേ പേടിച്ച് മാളത്തിലൊളിക്കില്ല'; വെടിയേല്‍ക്കുംമുമ്പ് കുഞ്ഞാലി പറഞ്ഞു

ജോബിന്‍സ് ഐസക്Updated: Sunday Jul 28, 2019

കുഞ്ഞാലി (ഇടത്), കുഞ്ഞയ്മു ഹാജി (വലത്)

കാളികാവ് > പ്രസംഗത്തിനിടെ ഇഎംഎസിന്റെ  ഫോണുണ്ടെന്നറിഞ്ഞപ്പോള്‍  ഒപ്പമുണ്ടായിരുന്ന മകളെ മറന്ന് വേദിവിട്ട കുഞ്ഞാലി- -കാളികാവ് കുറുക്കന്‍  കുഞ്ഞയ്മു ഹാജിയുടെ ഓര്‍മയില്‍ മങ്ങാതെയുണ്ട് ആ ദിവസം. കൊല്ലപ്പെടുമെന്ന് കുഞ്ഞാലിക്ക് അറിയാമായിരുന്നു.  വെടിയേല്‍ക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഇക്കാര്യം അങ്ങാടിയില്‍ കുഞ്ഞാലി പ്രസംഗിച്ചിരുന്നു. നിങ്ങളുടെ വെടിയുണ്ട പൂമാലയായി ഏറ്റുവാങ്ങുമെന്നും ഭയന്ന് മാളത്തിലൊളിക്കാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മൂന്നുവയസുകാരി മൂത്തമകള്‍ അന്ന് ഒപ്പമുണ്ടായിരുന്നു. പ്രസംഗത്തിനിടെ സമീപത്തെ പോസ്റ്റ് ഓഫീസിലേക്ക് ഫോണ്‍ വിളിയെത്തി. മറുതലയ്ക്കല്‍ മുഖ്യമന്ത്രി ഇഎംഎസ്. എംഎല്‍എകൂടിയായ കുഞ്ഞാലി ഉടന്‍ തലസ്ഥാനത്ത് എത്താനായിരുന്നു നിര്‍ദേശം. പിന്നെ ഒന്നും ആലോചിച്ചില്ല. യോഗം അവസാനിപ്പിച്ച് ഉടന്‍ പുറപ്പെട്ടു. മകള്‍ വേദിയിലുണ്ടെന്ന കാര്യംപോലും മറന്ന്. ഞങ്ങളാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്- -കുഞ്ഞയ്മു ഹാജി ഒന്നും മറന്നിട്ടില്ല. 

വെടിയേറ്റ കുഞ്ഞാലിയെക്കാണാന്‍ പുതിയകത്ത് മോയിന്‍ ഹാജിയും കുഞ്ഞയ്മു ഹാജിയും ഒന്നിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയത്. ആകെയുണ്ടായിരുന്ന കെമി വാച്ച് 30 രൂപയ്ക്ക് വിറ്റു. 27ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയപ്പോള്‍ മാവൂര്‍ റയോണ്‍സിലെ തൊഴിലാളികളായിരുന്നു മുറ്റംനിറയെ. കാളികാവില്‍നിന്ന് വന്നവരാണെന്ന് അറിയിച്ചപ്പോള്‍ അകത്തേക്ക് കയറ്റിവിട്ടു.

പുലര്‍ച്ചെ ശസ്ത്രക്രിയക്ക് കൊണ്ടുപോയെങ്കിലും ചെയ്യാനാകാത്തതിനാല്‍ തിയറ്ററില്‍നിന്ന് മടക്കി. അപ്പോള്‍ ഞങ്ങളെക്കണ്ട് കൈ ചലിപ്പിച്ച് എപ്പോഴാ വന്നതെന്ന് ആംഗ്യത്തില്‍  ചോദിച്ചു.  രാവിലെ  കുഞ്ഞാലിയെ നേഴ്സുമാര്‍ പല്ലുതേപ്പിക്കുന്നത് കണ്ടു. എന്നാല്‍, വൈകിട്ട് നില വഷളായി. പിറ്റേന്ന് മരിച്ചു. അതറിഞ്ഞ് മത്തായി മാഞ്ഞൂരാന്‍ തളര്‍ന്നുവീണു.  ഇമ്പിച്ചിബാവയും തകര്‍ന്നുപോയി. രണ്ടുപേരും അന്ന് മന്ത്രിമാരാണ്. കോഴിക്കോട്ടുനിന്ന് ജന്മനാടായ കൊണ്ടോട്ടി വഴി വിലാപയാത്ര വന്നപ്പോള്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനങ്ങള്‍  കാത്തുനിന്നതും കുഞ്ഞയ്മു ഹാജിക്ക് മറക്കാനാവുന്നില്ല.


പ്രധാന വാർത്തകൾ
 Top