18 November Monday

വിവാഹ ആശീർവാദം പള്ളിയുടെ പണിയല്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

കൊച്ചി
വിവാഹം ആശീർവദിച്ചുനൽകണമെന്ന് പള്ളി അധികൃതരോട്‌ നിർദേശിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് പള്ളിയുടെ പൊതുസേവനമോ  കർത്തവ്യമോ അല്ലാത്തതിനാൽ ഈ ആവശ്യമുന്നയിക്കുന്ന ഹർജികൾ നിലനിൽക്കില്ലെന്നും ജസ്‌റ്റിസ് വി ജി അരുൺ വ്യക്തമാക്കി. സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ രണ്ട്‌ അംഗങ്ങൾ തമ്മിലുള്ള വിവാഹം ആശീർവദിക്കാൻ ബാലരാമപുരം പള്ളിയധികൃതർ വിസമ്മതിച്ചതിനെതിരെ വധൂവരന്മാർ നൽകിയ ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.

ബാലരാമപുരം സ്വദേശിയായ യുവാവും മാരായമുട്ടം സ്വദേശിനിയും സഭയുടെ ചട്ടങ്ങൾക്കനുസരിച്ച് പ്രീ മാരിറ്റൽ കോഴ്‌സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി, വിളിച്ചു ചൊല്ലൽ ചടങ്ങിനുള്ള ഫീസും കെട്ടിവച്ചു. രണ്ടു ഞായറാഴ്ചകളിൽ വിളിച്ചുചൊല്ലൽ നടത്തി.  ഇതിനിടെ മറ്റൊരു യുവതി രംഗത്തെത്തി, വിവാഹ വാഗ്ദാനം നൽകി 2008 മുതൽ യുവാവ്  പീഡിപ്പിക്കുകയാണെന്നും ഇയാളുടെ വിവാഹം നടത്തരുതെന്നും പൊലീസിൽ കേസുണ്ടെന്നും അറിയിച്ചു. പിന്നീട്‌ സഭാധികൃതർ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം ആശീർവദിക്കാനാവില്ലെന്ന്‌ വ്യക്തമാക്കി.  ഇതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.

വ്യക്തിപരമായ വൈരാഗ്യം നിമിത്തമാണ് യുവതി ആരോപണം ഉന്നയിച്ചതെന്നും പ്രീമാരിറ്റൽ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് നേടി ഫീസ് നൽകിയ സാഹചര്യത്തിൽ ചടങ്ങ്‌ നടത്താൻ പള്ളിയധികൃതർ ബാദ്ധ്യസ്ഥരാണെന്നാണ്‌ ഹർജിക്കാരുടെ വാദം. എന്നാൽ ഇത്തരമൊരു അവകാശം ഹർജിക്കാർക്കില്ലെന്ന് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇടവകാംഗങ്ങളായ രണ്ടുപേരുടെ വിവാഹം പള്ളിയുടെ പൊതു ചടങ്ങോ കർത്തവ്യമോ അല്ലെന്നും ഇതിൽ ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.


പ്രധാന വാർത്തകൾ
 Top