തിരുവനന്തപുരം> സത്യമറിഞ്ഞാലും ഇടതുപക്ഷത്തിനെതിരെ നുണപ്രചാരണം നടത്താൻ മാധ്യമങ്ങൾക്ക് തെല്ലും മടിയില്ലെന്ന് വീണ്ടും തെളിയിച്ച് മാർക്ക് ലിസ്റ്റ് വിവാദം. പരീക്ഷ എഴുതാത്ത പി എം ആർഷോയുടെ പേര് മാർക്ക് ലിസ്റ്റിൽ വന്നതും വിജയിച്ചെന്ന് രേഖപ്പെടുത്തിയതും എങ്ങനെയെന്നറിയാനല്ല, എസ്‌എഫ്‌ഐയെയും ഇടതുപക്ഷത്തെയും കരിവാരിത്തേയ്‌ക്കാനാണ് മാധ്യമങ്ങൾ മിനക്കെടുന്നത്. എങ്ങനെയാണ് ആർഷോ അറിയാതെ പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തത്? ആ പേരിന് നേരെമാത്രം പരീക്ഷയെഴുതാതെ വിജയിച്ചെന്ന് വന്നത്? കൃത്യമായി ആ മാർക്ക് ലിസ്റ്റുമാത്രം പുറത്തുവന്നത്? ഈ ചോദ്യങ്ങൾക്കൊന്നും മാധ്യമങ്ങൾ ഉത്തരം തേടിയില്ല. തേടിയാൽ ഒരുമണിക്കൂറിനുള്ളിൽ ഇല്ലാതാകുന്ന പുകമറയുണ്ടാക്കാനേ കഴിയൂ.
സ്വാധീനം ചെലുത്തി പരീക്ഷ എഴുതാതെ ബിരുദം നേടാൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചെന്ന തരത്തിലായിരുന്നു പ്രചാരണം. എസ്‌എഫ്‌ഐക്കാർ അനധികൃതമായാണ് എല്ലാം നേടുന്നത് എന്ന പൊതുധാരണ പരത്താനാണിത്. പുറത്തുവന്ന വിവരങ്ങളിൽനിന്നുതന്നെ ഇക്കാര്യത്തിൽ എസ്‌എഫ്‌ഐക്ക് പങ്കില്ലെന്ന് വ്യക്തമാണ്. എന്നിട്ടും വിവാദമാക്കിയതിനു പിന്നൽ മാധ്യമങ്ങളുടെ രാഷ്‌ട്രീയപ്പക മാത്രമാണ്.
കേരളത്തിലെ സർവകലാശാലകളിലെല്ലാം അംഗീകാരംനേടി എസ്‌എഫ്‌ഐ പടർന്ന് പന്തലിക്കുന്നു.
കെ ഫോൺ അടക്കം നിരവധി ജനകീയ പദ്ധതികൾ യാഥാർഥ്യമാക്കി പതിന്മടങ്ങ് പ്രതിഛായയോടെ എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നു. എന്നാൽ, പ്രതിപക്ഷവും മാധ്യമങ്ങളും കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും സർക്കാരിനെതിരായ ഒരു ആരോപണംപോലും തെളിയിക്കാനായിട്ടില്ല. തെറ്റായ നടപടി എത്ര ഉന്നതൻ ചെയ്താലും പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല എസ്‌എഫ്‌ഐക്കും സിപിഐ എമ്മിനുമുള്ളതെന്ന് നേരത്തേ തെളിഞ്ഞതുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..