25 August Sunday

കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക: പുതുച്ചേരി നിയമസഭയിലേക്ക് തിങ്കളാഴ്ച ബഹുജനമാര്‍ച്ച്

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

പുതുച്ചേരി > പുതുച്ചേരി സര്‍ക്കാര്‍ മാഹിയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ തിങ്കളാഴ്ച നിയമസഭയിലേക്ക് ബഹുജനമാര്‍ച്ച്. മുന്‍ നഗരസഭാംഗവും പള്ളൂരിലെ സിപിഐ എം നേതാവുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലയാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള മാര്‍ച്ച് രാവിലെ 10ന് പുതുച്ചേരി ബാലാജിതിയേറ്ററിന് സമീപത്തു നിന്നാരംഭിക്കും.

സമരത്തില്‍ പങ്കെടുക്കുന്നതിന് മാഹിയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ഞായറാഴ്ച രാവിലെ പുതുച്ചേരിയിലെത്തി.നിയമസഭ മാര്‍ച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദര്‍രാമന്‍ ഉദ്ഘാടനം ചെയ്യും. ഡോ വി രാമചന്ദ്രന്‍ എംഎല്‍എ, സിപിഐ എം തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി മുരുഗന്‍, പെരുമാള്‍, പുതുച്ചേരി ജില്ലാ സെക്രട്ടറി രാജാങ്കം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രന്‍, തലശേരി ഏരിയസെക്രട്ടറി എം സി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

മാഹിയുടെ വികസനത്തിന് തുരങ്കംവെക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ രോഷപ്രകടനമാവും നിയമസഭമാര്‍ച്ച്. വികസനപദ്ധതികള്‍ക്കും റോഡ് നിര്‍മാണത്തിനും ആവശ്യമായ ഫണ്ട് അനുവദിക്കാതെ മാഹിയ  ശ്വാസംമുട്ടിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.

മാസങ്ങളായി അരിവിതരണമില്ല. പാസിക്, പാപ്സ്‌കോ ഉള്‍പ്പെടെ വിവിധ കോര്‍പ്പറേഷനുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. മാഹി മത്സ്യബന്ധനതുറമുഖം, മാഹി ജനറല്‍ആശുപത്രി ട്രോമകെയര്‍, പുഴയോരനടപ്പാത ഉള്‍പ്പെടെയുള്ള പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ പൂര്‍ത്തിയായിട്ടില്ല. വാഗ്ദാനം പാലിക്കാനോ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനോ സര്‍ക്കാരും തയാറല്ല.

കണ്ണിപ്പൊയില്‍ബാബുവിന്റെ കൊലയാളികളെ രക്ഷിച്ചു

ആര്‍എസ്എസ്- കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമായി സിപിഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലയാളികളെ രക്ഷിക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍ ചെയ്തത്. മുഴുവന്‍ പ്രതികളെയും ഗൂഢാലോചകരെയും നിയമത്തിന്മുന്നിലെത്തിച്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തയാറല്ല.

കൊലക്കേസ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനും സര്‍ക്കാര്‍ സഹായം നല്‍കി. മുന്‍ സിഐ ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സ്വീകാര്യമല്ലെന്ന് ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടും അത് ചെവികൊള്ളാനും സര്‍ക്കാര്‍ തയ്യാറായില്ല






 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top