18 February Monday

രാത്രി യോഗങ്ങളിൽ സ്ത്രീ പങ്കാളിത്തം; മാരാമൺ കൺവൻഷന്റെ രാത്രി യോഗങ്ങളിലെ സമയം മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

മാരാമൺ> മാരാമൺ കൺവെൻഷന്റെ രാത്രി യോഗങ്ങളിലെ സമയം മാറ്റി. കൺവെൻഷന്റെ രാത്രി യോഗങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സമയക്രമം മാറ്റിയത്. ഈ വർഷം മുതൽ 5 ന് യോഗം ആരംഭിച്ച് 6.30ന് അവസാനിക്കും വിധം സായാഹ്ന യോഗങ്ങളായാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ 6.30ന് ആരംഭിക്കുന്ന രാത്രി യോഗം 8.30 വരെ നീണ്ടുനിന്നിരുന്നു. ഫെബ്രുവരി 10 മുതൽ 17 വരെയാണ് ഈ വർഷത്തെ മാരാമൺ കൺവൻഷൻ.

മാർത്തോമ്മ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഇന്ന് പള്ളികളിൽ വായിക്കാനയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മാരാമൺ കൺവൻഷന്റെ രാത്രി യോഗങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. സ്ത്രീകളെ രാത്രി യോഗങ്ങളിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും കഴിഞ്ഞ വർഷം ഉയർന്നിരുന്നു. പക്ഷെ, സഭ അത് അംഗീകരിച്ചിരുന്നില്ല. കേരളത്തിലെ രാഷ്ട്രീയ - സാമുദായിക മേഖലകളിലെ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ കൺവെൻഷൻ ആഴ്ചയിലെ പ്രോഗ്രാം എപ്പിസ്‌കോപ്പൽ സിനഡിലെ അംഗങ്ങളുടെ ആലോചനയോടു കൂടി പുനഃക്രമീകരണം ചെയ്തിരിക്കുന്നതായി മെത്രാപ്പോലീത്ത സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.

എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിക്കും. ഉച്ചകഴിഞ്ഞുള്ള പൊതുയോഗം 2 ന് ആരംഭിച്ച് 3.30ന് അവസാനിപ്പിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പന്തലിൽ നടന്നുവന്നിരുന്ന യുവവേദി യോഗങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കുടുംബവേദി യോഗങ്ങളും വൈകുന്നേരം 4 മുതൽ 5 വരെ കോഴഞ്ചേരി മാർത്തോമ്മ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.
സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ പന്തലിനുള്ളിൽ പ്രവേശിച്ച് യോഗത്തിൽ പങ്കെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കൂട്ടങ്ങളായി മണൽപ്പുറത്ത് കൂടിയിരിക്കാൻ അനുവദിക്കുന്നതല്ലെന്നും സർക്കുലറിൽ ഉണ്ട്.


പ്രധാന വാർത്തകൾ
 Top