14 December Saturday

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019


കൊച്ചി
തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിർമിച്ച മരടിലെ നാല്‌ ഫ്ലാറ്റ്‌ സമുച്ചയം ജനുവരി 11, 12 തീയതികളിൽ പൊളിക്കും. ചീഫ്‌ സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച കൊച്ചിയിൽ ചേർന്ന  യോഗത്തിലാണ്‌ തീരുമാനം. ആൽഫസെറിൻ ഇരട്ട ഫ്ലാറ്റ്‌ സമുച്ചയവും ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയും 11നും ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ്‌ ഫ്ലാറ്റുകളും  12നും  പൊളിക്കും.

നിയന്ത്രിത സ്ഫോടനത്തിലൂടെയാണ്‌ പൊളിക്കുക. 200 മീറ്റർ ചുറ്റളവിൽ പ്രദേശവാസികളെ ഒഴിപ്പിക്കേണ്ടിവരുമെന്ന്‌ ചീഫ്‌ സെക്രട്ടറി  പറഞ്ഞു. 50 മീറ്റർ ചുറ്റളവ്‌ അതീവ ജാഗ്രത മേഖലയായി പ്രഖ്യാപിക്കും. എത്ര അളവിൽ സ്‌ഫോടക വസ്തു ഉപയോഗിക്കണം, ആദ്യം ഏത് പൊളിക്കണം, രണ്ടും തമ്മിൽ എത്ര സമയവ്യത്യാസം വേണം, ഗതാഗത നിയന്ത്രണം എത്രസമയം തുടങ്ങിയവ പിന്നീട് തീരുമാനിക്കും.

ജനുവരി ഒമ്പതിനകം പൊളിക്കൽ പൂർത്തിയാക്കുമെന്നാണ്‌ സുപ്രീംകോടതിയെ അറിയിച്ചത്‌. എന്നാൽ ചില സാങ്കേതിക തടസ്സമുണ്ടെന്ന്‌ കണ്ടെത്തിയതിനാൽ രണ്ട്‌ ദിവസംകൂടി മാറ്റി. ഇക്കാര്യം കോടതിയെ അറിയിക്കും. ഫ്ലാറ്റുകളുടെ ഭിത്തികൾ പൊളിക്കൽ തുടരുകയാണ്‌. സ്ഫോ‌ടക വസ്തു സ്ഥാപിക്കാനായി ഫ്ലാറ്റുകളുടെ തൂണുകളിൽ ദ്വാരങ്ങളിട്ടു.

യോഗത്തിൽ കലക്ടർ എസ്‌ സുഹാസും ഫോർട്ടുകൊച്ചി സബ് കലക്ടർ സ്‌നേഹിൽ കുമാർ സിങും സ്‌ഫോടന വിദഗ്‌ധൻ ശരത് ബി സർവാതെയും പങ്കെടുത്തു. 12 അംഗ സമിതിയെയാണ് പൊളിക്കലിനായി ചുമതലപ്പെടുത്തിയത്‌. കരാർ നേടിയിട്ടുള്ള എഡിഫിസ് എൻജിനിയേഴ്‌സ്, വിജയ് സ്റ്റീൽസ് എന്നിവയുടെ പ്രതിനിധികൾ, യോഗത്തിൽ വിശദീകരിച്ചു.


പ്രധാന വാർത്തകൾ
 Top