13 November Wednesday

- മരട്‌ ഫ്‌ളാറ്റ്‌: രേഖകൾ സമർപ്പിക്കാൻ ഒരാഴ്‌ചകൂടി സമയം

സ്വന്തം ലേഖികUpdated: Friday Oct 11, 2019

കൊച്ചി> മരട്‌ ഫ്ലാറ്റിലെ അവകാശ രേഖകൾ സമർപ്പിക്കാൻ ഉടമസ്ഥർക്ക്‌ ഒരാഴ്‌ചകൂടി സമയം അനുവദിച്ചു. നഷ്‌ടപരിഹാരം നിശ്‌ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതിയുടെ ആദ്യ യോഗത്തിലാണ്‌ തീരുമാനം. ജസ്റ്റിസ്‌ കെ ബാലകൃഷ്‌ണൻ നായർ സമിതി അധ്യക്ഷനായി. അതിനിടെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി സർവത്തെ കൊച്ചിയിലെത്തി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളുമായി സർവത്തെ വെള്ളിയാഴ്‌ച ചർച്ച നടത്തും.
 
ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ്‌ കലക്ടർ സ്‌നേഹിൽ കുമാർ സിങ്, മരട്‌ നഗരസഭയിലെ മറ്റ്‌ ഉദ്യോഗസ്ഥർ എന്നിവർ നഷ്‌ട പരിഹാര സമിതിയിൽ കാര്യങ്ങൾ ബോധിപ്പിച്ചു. നഷ്ടപരിഹാരത്തിന്‌ അർഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ സമിതിക്ക്‌ നേരത്തെ കൈമാറിയിരുന്നു. ഈ പട്ടികയനുസരിച്ച്‌  നഷ്ടപരിഹാരത്തിന്‌ അർഹതയുള്ളവരുടെ  ഉടമസ്ഥാവകാശ രേഖകൾ സമിതി പരിശോധിച്ചു. 

  135 ഫ്ലാറ്റ്‌ ഉടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപ്പനക്കരാറുമാണ്‌ നഗരസഭയിൽ സമർപ്പിച്ചിരുന്നത്‌. 54 ഫ്ലാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണ്. എല്ലാ ആധാരങ്ങളുടെയും അസ്സൽ പകർപ്പുകൾ നഗരസഭ പരിശോധിച്ചിട്ടില്ലാത്തതിനാൽ അവ പരിശോധിക്കാൻ മരട്‌ നഗരസഭാ സെക്രട്ടറിക്ക്‌ യോഗം നിർദേശം നൽകി. സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും മറ്റ്‌ പ്രസക്തവിവരങ്ങളും അടങ്ങുന്ന റിപ്പോർട്ട്‌ പതിനാലിന്‌ ചേരുന്ന യോഗത്തിൽ സമർപ്പിക്കാനും സെക്രട്ടറിയോട്‌ യോഗം ആവശ്യപ്പെട്ടു. അടുത്ത മൂന്ന്‌ ദിവസത്തിനകം കിട്ടുന്ന അപേക്ഷകൾ 14നും അതിനുശേഷം കിട്ടുന്നവ 17നും പരിശോധിക്കും. ഫ്ലാറ്റുടമകളെ നേരിട്ട്‌ വിളിച്ചുവരുത്തി തെളിവെടുക്കാനും സമിതി ആലോചിക്കുന്നുണ്ട്‌. സമിതിയിലെ മറ്റ്‌ അംഗങ്ങളായ മുൻ ചീഫ്‌ സെക്രട്ടറി ജോസ്‌ സിറിയക്‌, പിഡബ്ല്യുഡി മുൻ ചീഫ്‌ എൻജിനിയർ ആർ മുരുകേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപവീതം നഷ്ടപരിഹാരമായി നാലാഴ്ചയ്ക്കുള്ളിൽ നൽകാനുമാണ്‌ സുപ്രീംകോടതി ഉത്തരവ്‌. ഫ്ലാറ്റ്‌ നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ ക്രൈംബ്രാഞ്ച്‌ എസ്‌പി പി എം മുഹമ്മദ്‌ റഫീഖ്‌ പറഞ്ഞു. ഉടമകളെ വഞ്ചിച്ചുവെന്ന പരാതിയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്‌. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മരട്‌ നഗരസഭാ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷറഫിനെയും ക്രൈംബ്രാഞ്ച്‌ വ്യാഴാഴ്‌ച ചോദ്യം ചെയ്‌തു.  ഇദ്ദേഹം പഞ്ചായത്ത്‌ സെക്രട്ടറി ആയിരുന്നപ്പോഴാണ് ഫ്ലാറ്റുകൾക്ക് അനുമതി നൽകിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top