15 October Tuesday

മരട്‌ ഫ്ലാറ്റ്‌ ഒഴിപ്പിക്കൽ: സാന്ത്വനം പകർന്ന് ജനനായകർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

മരട്> സുപ്രീംകോടതി വിധിയെ തുടർന്ന് കുടിയിറക്കു ഭീഷണി നേരിടുന്ന മരടിലെ ഫ്ലാറ്റ് നിവാസികളെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എം സ്വരാജ് എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കെ എ ദേവസി, ഏരിയ സെക്രട്ടറി പി വാസുദേവൻ എന്നിവർക്കൊപ്പം രാവിലെ പത്തോടെയാണ് നഗരസഭയ്‌ക്ക്‌ സമീപമുള്ള ഹോളിഫെയ്‌ത്‌ ഫ്ലാറ്റിൽ എത്തിയത്‌. ഫ്ലാറ്റിലെ താമസക്കാർ മുദ്രാവാക്യം മുഴക്കിയാണ് കോടിയേരിയെ സ്വീകരിച്ചത്. ഫ്ലാറ്റിൽ കാത്തുനിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള താമസക്കാരുടെ പ്രശ്നങ്ങൾ കോടിയേരി വിശദമായി കേട്ടു.

നിലവിലെ കോടതി വിധിയിലേക്കു നയിച്ച കാര്യങ്ങൾ മരട് ഭവന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എ ഷംസുദ്ദീൻ വിശദീകരിച്ചു. ഫ്ലാറ്റിൽ താമസിക്കുന്നവരെ കേൾക്കാതെയും തെറ്റായ നിഗമനങ്ങളുടെയും ഉദ്യോഗസ്ഥ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് വിധി ഉണ്ടായതെന്നും നിയമപരവും ഭരണപരവുമായ സഹായങ്ങൾ ഉണ്ടാകണമെന്നും ഷംസുദ്ദീൻ അഭ്യർഥിച്ചു. കായലോരം ഫ്ലാറ്റിനെ പ്രതിനിധീകരിച്ച് റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥ സൈറ ബാനു കോടിയേരിക്ക് നിവേദനം നൽകി. തീരപരിപാലന നിയമം വരുന്നതിനുമുമ്പ്‌ 1995ൽ അനുമതി ലഭിച്ച് നിർമിച്ചതാണ് കായലോരം ഫ്ലാറ്റെന്നും ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയും സ്വാഭാവിക നീതിയുടെ നിഷേധമാണ് തങ്ങൾ അനുഭവിക്കുന്നതെന്നും ഇവർ പറഞ്ഞു.

ഫ്ലാറ്റ് ഉടമകളായ പീയുസ് എ കൊറ്റം, മത്സ്യഫെഡ് ജില്ലാ മുൻ മാനേജർ അബൂബക്കർ, സി വർഗീസ്, നിയമ വിദ്യാർഥിനി റിയ പി കൊറ്റം എന്നിവരും കോടിയേരിയോട് ആശങ്കകൾ പങ്കുവെച്ചു. ഒഴിപ്പിക്കൽ അനുവദിക്കില്ലെന്നും ഫ്ലാറ്റിലെ താമസക്കാർക്കൊപ്പം പാർടിയും ജനങ്ങളും ഉണ്ടാകുമെന്നും നിയമപരമായ സഹായങ്ങളും ഭരണപരമായ ഇടപെടലുകളും ഉറപ്പുനൽകിയുമാണ് കോടിയേരി മടങ്ങിയത്.

തുടർന്ന് ഫ്ലാറ്റിനു മുന്നിൽ സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗവും കോടിയേരി ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎൽഎ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, പി വാസുദേവൻ, സി ആർ ഷാനവാസ് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top