22 October Tuesday

മരട്‌ ഫ്‌ളാറ്റ്‌ ഉടമകൾക്ക്‌ പിന്തുണയുമായി കോടിയേരി ; സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന്‌ ഉറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

കോടിയേരി ബാലകൃഷ്‌ണൻ ഫ്‌ളാറ്റുടമളുമായി സംസാരിക്കുന്നു. ഫോട്ടോ : കെ എസ്‌ പ്രവീൺകുമാർ

കൊച്ചി> സുപ്രീകോടതി പൊളിച്ചു നീക്കാൻ ഉത്തരവായ മരടിലെ ഫ്‌ളാറ്റ്‌ ഉടമകൾക്ക്‌ പിന്തുണയുമായി സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ . ഫ്ളാറ്റ്‌ ഉടമകൾക്കൊപ്പം സിപിഐ എം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കോടിയേരി ഉറപ്പ്‌ നൽകി.ഫ്‌ളാറ്റ്‌ ഉടമകൾക്കുള്ള ഐക്യദാർഢ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഫ്‌ളാറ്റ്‌ പൊളിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധിയാണ്‌ സുപ്രീംകോടതിയിൽ നിന്നുണ്ടായത്‌.സ്വഭാവിക നീതിയുടെ നിഷേധമാണ്‌ വിധി.  എല്ലാ നിയമവും അനുസരിച്ച്‌ പണമടച്ച്‌ ആധാരം രജിസ്‌റ്റർ ചെയ്‌ത്‌ ഫ്‌ളാറ്റ്‌ സ്വന്തമാക്കിയ ഉടമകൾ ഒരു തെറ്റും ചെയ്‌തിട്ടില്ല. ബിൽഡേഴ്‌സ്‌ ആണ്‌ നിയമ ലംഘനം നടത്തിയത്‌. 

സുപ്രീംകോടതി വിധി നടപ്പാക്കുകയാണെങ്കിൽ എന്തെല്ലാം പ്രശ്‌നമാണ്‌ നേരിടേണ്ടി വരിക. ഈ ഫ്‌ളാറ്റ്‌ പൊളിക്കാൻ 50 കോടിയെങ്കിലും വേണം. ആരാണ്‌ ഈ പണം മുടക്കുക. അതേ കുറിച്ച്‌ എന്തെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ.ഇനി അത്‌ പൊളിക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പാരിസ്‌ഥിതിക പ്രശ്‌നം എങ്ങിനെ നേരിടാനാകും.  പ്രളയം കഴിഞ്ഞ കാലഘട്ടത്തിൽ 50 കോടി ഉണ്ടെങ്കിൽ വീടുനഷ്‌ടമായ എത്രപേർക്ക്‌ വീട്‌ നിർമ്മിച്ചുകൊടുക്കാൻ കഴിയും. അപ്പോഴാണ്‌ ഉണ്ടാക്കിവെച്ച ഫ്‌ളാറ്റ്‌ പൊളിച്ച്‌ 350 കുടുംബങ്ങളെ വഴിയാധാരമാക്കണമെന്ന്‌ കോടതി പറയുന്നത്‌.  കുടിയൊഴിപ്പിക്കൽ എവിടെയാണെങ്കിലും ഇരകൾക്കൊപ്പം നിന്ന പാരമ്പര്യമാണ്‌ സിപിഐമ്മിനുള്ളത്‌. അതിനാൽ ഇവിടെ ഫ്‌ളാറ്റ്‌ ഉടമകൾക്കൊപ്പമാണ്‌ സിപിഐ എം. ഇവിടെ നിന്ന്‌ ഉടമകൾ ഇറങ്ങേണ്ടിവന്നാൽ അവർക്കൊപ്പം നാട്ടുകാരും സിപിഐ എമ്മും ഉണ്ടാകും.

നിലവിലെ നിയമമനുസരിച്ച്‌ ഇവിടെ ഇതേപോലുള്ള കെട്ടിടം നിർമ്മിക്കുന്നതിന്‌ നിയമതടസ്സമില്ല. ഇത്‌ പൊളിച്ച്‌ ഇവിടെതന്നെ ഇതുപോലെ ഒരു കെട്ടിടം നിർമ്മിക്കാം.പൊളിക്കണമെന്ന്‌ പറയുമ്പോൾ അതും പരിഗണിക്കണമല്ലോ. നിയമലംഘനം നടക്കുമ്പോൾ ആണ്‌ ഇടപെടൽ ഉണ്ടാകേണ്ടത്‌. ഇതിന്‌ കാരണക്കാരായ ബിൽഡേഴ്‌സിനും ഉദ്യോഗസ്‌ഥർക്കും എതിരെയാണ്‌ നടപടി വേണ്ടത്‌. എന്നാൽ സുപ്രീംകോടതി അതേ കുറിച്ചൊന്നും പറയുന്നില്ല. ഉടമകൾക്ക്‌ നഷ്‌ടപരിഹാരം കൊടുക്കണം എന്നുപോലും വിധിയിൽ പറഞ്ഞിട്ടില്ല. പുന:പരിശോധനാ ഹർജി പരിഗണിക്കുമ്പോൾ മാനുഷിക പരിഗണന നൽകണം.

സുപ്രീംകോടതി വിധി ഇപ്പോൾ നടപ്പാക്കിയാൽ അത്‌ ഈ കെട്ടിടത്തിൽ മാത്രമായി ഒതുങ്ങില്ല.മറ്റ്‌ കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും ഈ വിധി വരും. അതിനാൽ എറണാകുളത്തെ ജനങ്ങൾ രാഷ്‌ട്രീയ ഭേദം മാറ്റിവെച്ച്‌  ഈ വിധി നടപ്പാക്കുന്നത്‌ ഒഴിവാക്കാൻ  ഒന്നിച്ച്‌ നിൽക്കണമെന്ന്‌ കോടിയേരി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top