20 September Friday

മരട്‌ ഫ്‌ളാറ്റ്‌ കേസിൽ മാനുഷിക പരിഗണന വേണം; നിയമപരമായി സാധ്യമായതെല്ലാം ചെയ്യണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

കോട്ടയം> മരട് ഫ്ലാറ്റ് -കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മാനുഷികമായി നിലപാടാണ്‌ ആ വിഷയത്തിൽ സ്വീകരിക്കേണ്ടത്‌. കണ്ണിൽച്ചോരയില്ലാത്ത തീരുമാനമാണ് സുപ്രീം കോടതി ഉത്തരവിൽ പ്രതിഫലിക്കുന്നത്. അവിടെ താമസിക്കുന്നവർ നിയമലഘനം നടത്തിയവർ അല്ല.  നിയമ ലംഘനം നടത്താത്തവരാണ് ഇപ്പോൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നത്. അവരെ സഹായിക്കാൻ പറ്റുന്ന എല്ലാ ഇടപെടലുകളും സർക്കാരിന്റെ  ഭാഗത്തുനിന്നുണ്ടാകണം. നിയമം ലംഘിച്ചവർക്കെതിരെയാണ്‌ നടപടി വേണ്ടത്‌.

കോടതി വിധി നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് ബാധ്യത വരും. ഇക്കാര്യത്തിൽ അനുകമ്പയോടെയുള്ള ഇടപെടൽ വേണം. ഫ്ലാറ്റ് ഉടമകൾക്ക് തണൽ നൽകുന്ന ഇടപെടൽ സിപിഐ എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. തെറ്റു ചെയ്തവർക്കെതിരെയാണ് നടപടി വേണ്ടത്. പൊളിക്കാൻ നിർബന്ധിതമായാൽ പുനരധിവാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണയുണ്ടാക്കണം.

സുപ്രീംകോടതി പൊതുനില പരിശോധിക്കാൻ തയ്യാറാകുന്നില്ല. സുപ്രീംകോടതി വിധിയിൽ ഇടപെടുന്നതിന്‌ പരിമിതിയുണ്ട്‌. മുമ്പ്‌ മിച്ചഭൂമി ആണെന്നറിയാതെ വിലകൊടുത്ത്‌ വാങ്ങിവരെ അവിടെനിന്നും ഒഴിപ്പിക്കണമെന്ന ഉത്തരവുണ്ടായിരുന്നു. മാനുഷിക പരിഗണനയുടെ പേരിൽ എൽഡിഎഫും  യുഡിഎഫും ഭരിക്കുമ്പോൾ അതിനെതിരെ ഓർഡിനൻസുകൾ ഇറക്കി സംരക്ഷിച്ചിരുന്നു. പക്ഷെ  അതൊന്നും സുപ്രീംകോടതി വിധി ആയിരുന്നില്ലയെന്നും കോടിയേരി പറഞ്ഞു.



 


പ്രധാന വാർത്തകൾ
 Top