27 February Thursday

കുന്നോളം കല്ലും പൊടിയും മാത്രം; എല്ലാം കൺട്രോളിൽ

സ്വന്തം ലേഖകൻUpdated: Monday Jan 13, 2020

ഗോൾഡൺ കായലോരം ഫ്‌ളാറ്റിന്റെ കോൺക്രീറ്റ്‌ അവശിഷ്ടം

കൊച്ചി > ഈ കാഴ്‌ചകളെ വിശ്വസിക്കാമോ!. നൂറുകണക്കിന്‌ കുടുംബങ്ങൾ ജീവിതം കൊണ്ടാടിയ അഞ്ച്‌ കൂറ്റൻ കെട്ടിടങ്ങളുടെ സ്ഥാനത്ത്‌ ഇപ്പോഴുള്ളത്‌ കുന്നോളം കല്ലും പൊടിയും.  ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ,  ആൽഫാസെറീൻ ഇരട്ടസമുച്ചയം,  കൂറ്റൻ ജെയിൻ കോറൽകോവ്‌,  ഗോൾഡൻ കായലോരം. നിമിഷങ്ങളെണ്ണിത്തീരുമ്പോൾ കൺമുന്നിൽ കാണാതായ കൂറ്റൻ നിർമാണങ്ങളുടെ അന്ത്യവിധി നാടിന്‌ നൽകിയത്‌ പുതിയൊരു പാഠവും കാഴ്‌ചയും. 

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്‌ചകൾക്കാണ്‌ കഴിഞ്ഞ രണ്ടുദിവസം സാക്ഷിയായത്‌.  കഴിഞ്ഞ മെയ്‌ എട്ടിനാണ്‌   മരടിലെ നാല്‌ ഫ്ലാറ്റുകളുടെ അഞ്ച്‌ കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീംകോടതി വിധി വന്നത്‌. നിരവധി കുടുംബങ്ങളെ ബാധിക്കുന്നതിനാൽ വിധി പുനപ്പരിശോധിക്കാൻ സർക്കാർ വഴിതേടി. ഫ്ലാറ്റുടമകളും നിർമാതാക്കളും നിയമവഴികൾ സ്വീകരിച്ചു. ചിലവന്നൂർ കായൽതീരത്തെ ഡിഎൽഎഫ്‌ ഫ്ലാറ്റ്‌ കേസ്‌ മുന്നിലുണ്ടായിരുന്നു. കായൽ കൈയേറിയ ഫ്ലാറ്റ്‌ പൊളിക്കാനാണ്‌ ഹൈക്കോടതി ഉത്തരവിട്ടത്‌. 2018ൽ ഈ ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കി. ഡിഎൽഎഫിൽനിന്ന്‌ ഒരുകോടി രൂപ പിഴ ഈടാക്കി കേസ്‌ അവസാനിപ്പിച്ചു. മരടിന്റെ കാര്യത്തിലും അത്തരമൊരു ശുഭപര്യവസാനം ഏവരും പ്രതീക്ഷിച്ചു. എന്നാൽ, സെപ്‌തംബർ 27ന്‌ സുപ്രീംകോടതിയിൽനിന്ന്‌ അന്ത്യശാസനമുണ്ടായി. ഫ്ലാറ്റുകൾ പൊളിച്ചുനീക്കുകയല്ലാതെ  മാർഗമില്ലാതായി. സെപ്‌തംബർ അവസാനവാരം താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. പതിറ്റാണ്ടുനീണ്ട സ്‌നേഹസൗഹൃദങ്ങൾ മുറിച്ചുമാറ്റി പലരും കണ്ണീരോടെ പടിയിറങ്ങിയത്‌ കേരളം അലിവോടെ കണ്ടുനിന്നു. സർക്കാർ ആദ്യഗഡുവായി നൽകിയ 25 ലക്ഷം രൂപ കുടിയൊഴിഞ്ഞവർക്ക്‌ ചെറിയ ആശ്വാസമായി.

നിയന്ത്രിത സ്‌ഫോടനത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ ആശങ്കകളും പ്രതിഷേധവും ഉച്ചസ്ഥായിയിലായി.  ഇതിനിടെ, സുരക്ഷിതമായി തകർക്കാനുള്ള പദ്ധതിയുടെ രൂപരേഖ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.   നിയന്ത്രിത സ്‌ഫോടനത്തിന്‌ രണ്ടു കമ്പനികളെ ചുമതലപ്പെടുത്തി. ഒക്‌ടോബർ 11ന്‌ ഫ്ലാറ്റുകൾ അവർക്ക്‌ കൈകമാറി. കലക്ടർ എസ്‌ സുഹാസിനും പ്രത്യേക ചുമതലയുള്ള ഫോർട്ടുകൊച്ചി സബ്‌ കലക്ടർ സ്‌നേഹിൽകുമാർ സിങ്ങിനുമായിരുന്നു  വാർറൂമിന്റെ ചുമതല. 

ചെന്നൈയും മുംബൈയും ആസ്ഥാനമായ കമ്പനികൾക്ക്‌ സ്‌ഫോടനം കഴിയുമോ എന്ന്‌ ചിലർ സംശയം ചോദിച്ചു. ശനിയാഴ്‌ച പകൽ 11.17ന്‌ കുണ്ടന്നൂരിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒയുടെ 19 നിലകൾ ചീട്ടുകൊട്ടാരംപോലെ വീഴുമ്പോൾ കാഴ്‌ചകളെ വിശ്വസിക്കാനാകാതെ ആയിരങ്ങൾ ആർത്തുവിളിച്ചു. ഞായറാഴ്‌ച പകൽ 2.28ന്‌ ഒടുവിലത്തെ പതനം പൂർത്തിയായിട്ടും അമ്പരപ്പ്‌ ബാക്കിയായി.

ഇനി വിശ്വസിക്കാം, ആ അഞ്ച്‌ കെട്ടിടങ്ങൾ  അവിടെയില്ല. പ്രദേശവാസികൾ ചേർത്തുപിടിച്ചതെല്ലാം സുരക്ഷിതമായി അവിടെത്തന്നെയുണ്ട്‌.  ആൽഫാ സെറീൻ ഇരട്ട ടവറിലെ സ്‌ഫോടനശേഷം, സമീപത്ത്‌ വീടുള്ള ഹരി രാമകൃഷ്‌ണൻ സമൂഹമാധ്യമത്തിൽ കുറിച്ചത്‌ ഇങ്ങനെ: സ്‌ഫോടനവിദഗ്‌ധർ പറഞ്ഞതൊന്നും വെറുതെയായില്ല. അവരില്ലായിരുന്നെങ്കിൽ എന്റെ വീടും പോയേനെ. എല്ലാം ശുഭമായി കഴിഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചതിന്‌ അവർ നന്ദി പറഞ്ഞു. പറഞ്ഞു പറഞ്ഞ്‌ ഞാൻ കരഞ്ഞു. അവരും.

എല്ലാം കൺട്രോളിൽ

ആശങ്കകളെ പൊടിയാക്കി മരട് ഫ്ലാറ്റുകൾ വിജയകരമായി നിലംപതിച്ചതിനുപിന്നിൽ ആർജവമായി പ്രവർത്തിച്ച്‌ കൺട്രോൾ റൂം. ഫ്ലാറ്റ് പൊളിക്കലിന് കൃത്യമായ നിർദേശങ്ങൾ നൽകിയത്  കലക്ടർ എസ് സുഹാസ്, സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ, സബ് കലക്ടർ സ്‌നേഹിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ  പ്രവർത്തിച്ച സംഘമാണ്. സുരക്ഷാ ഉദ്യോഗസ്ഥരെയും സാങ്കേതിക വിദഗ്ധരെയും കൃത്യതയോടെ ഏകോപിപ്പിക്കാൻ കൺട്രോൾ റൂമിനായി. ഫ്ലാറ്റും പരിസരവും വ്യക്തമായി കാണുന്ന സ്‌ക്രീനുകൾ ക്രമീകരിച്ചാണ്‌ കൃത്യമായ നിരീക്ഷണം നടത്തിയത്‌.

ഫ്ലാറ്റ് പൊളിക്കലിന്റെ ഒന്നാംദിനം എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കാൻ ഒന്നാം സൈറൺ മുഴങ്ങിയതിനുശേഷം നേവിയുടെ ഹെലികോപ്റ്റർ പരീക്ഷണ പറക്കൽ നടത്തിയപ്പോൾ അത് ആദ്യം ശ്രദ്ധിച്ചതും തുടർ നിർദേശം നൽകിയതും കൺട്രോൾ റൂമിൽ നിന്നായിരുന്നു. സൈറൺ മുഴക്കുന്നതടക്കമുള്ള നിർദേശങ്ങൾ ബ്ലാസ്റ്റിങ് ഷെഡുകൾക്ക് നൽകിയതും ഇവിടെനിന്ന്‌. ഫ്ലാറ്റ് പൊളിക്കലിന്റെ ഒന്നാംദിനം മരട് നഗരസഭയിലായിരുന്നു കൺട്രോൾ റൂമിന്റെ പ്രവർത്തനം. രണ്ടാം ദിനത്തിൽ  ഡിഡി ടവറിലും ഉൾനാടൻ ജലഗതാഗത അതോറിറ്റിയിലേക്കും മാറ്റി. പൊളിക്കേണ്ട ഫ്ലാറ്റിൽനിന്ന് 100 മീറ്റർ അകലെ സ്ഥാപിച്ച ബ്ലാസ്റ്റിങ് ഷെഡുമായി കൺട്രോൾ റൂം ബന്ധിപ്പിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top