28 February Friday

മരട്‌: സർക്കാരിന്‌ തലയുയർത്തിപ്പിടിക്കാം, കേരളത്തിന്‌ വലിയ പ്രതീക്ഷ

കെ ശ്രീകണ‌്ഠൻUpdated: Tuesday Jan 14, 2020


മരടിലെ അനധികൃതനിർമാണം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കുന്നതിൽ  പ്രകടിപ്പിച്ച നിശ്ചയദാർഢ്യം സർക്കാരിന്‌ ഒരുവട്ടംകൂടി  തലയുയർത്തിപ്പിടിച്ചുനിൽക്കാൻ വക നൽകി.   എത്ര ഉന്നതരായാലും നിയമലംഘകർക്ക്‌ ശിക്ഷ എന്ന ചൂണ്ടുപലകകൂടിയാണ്‌ മരടിലേത്‌.

സുപ്രീംകോടതി നിർദേശം നടപ്പാകുമോയെന്നത്‌ ഏറെനാളായി കേരളത്തെ ചൂഴ്‌ന്നുനിന്ന ആശങ്കയാണ്‌. അത്രമാത്രം സങ്കീർണമായിരുന്നു അവിടത്തെ സ്ഥിതിഗതി. കുരുക്കുകൾ ഓരോന്നായി അഴിച്ചുനീക്കിയ ആസൂത്രണമികവും കൃത്യതയുമാണ്‌ മരടിൽ ദൃശ്യമായത്‌. പൊലീസുകാർമുതൽ ചീഫ്‌ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരെ ഒരേ വികാരത്തോടെ ദൗത്യനിർവഹണത്തിൽ പങ്കാളികളാക്കാനും സർക്കാരിന്‌ കഴിഞ്ഞു. മരടിലെ പൊളിക്കലിന്‌ വഴിവച്ചത്‌  സർക്കാരിന്റെ  നോട്ടപ്പിശക്‌ കൊണ്ടല്ല. അഞ്ച്‌ നിർമാണങ്ങൾക്ക്‌ മരട്‌ പഞ്ചായത്ത്‌ അനുമതി നൽകിയത്‌ 2006ലാണ്‌. തീരദേശ നിയന്ത്രണമേഖലയിലെ നിർമാണങ്ങൾക്കുള്ള അപേക്ഷ സിആർഇസഡ്‌ അതോറിറ്റിയുടെ തീരുമാനത്തിന്‌ വിടണമെന്ന കെട്ടിടനിർമാണച്ചട്ടം ലംഘിച്ചായിരുന്നു അനുമതി. ഇത്‌ ശ്രദ്ധയിൽപ്പെട്ട ഉടനെ അനുമതി റദ്ദാക്കാൻ സർക്കാർ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിർദേശം നൽകി. ഇതിനെതിരെ നിർമാതാക്കൾക്ക്‌ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽനിന്നും ഡിവിഷൻ ബെഞ്ചിൽനിന്നും അനുകൂല ഉത്തരവ്‌ വാങ്ങി. ഇതിനിടയിൽ നിർമാണം പൂർത്തിയാക്കി ഫ്‌ളാറ്റുകൾ വിറ്റു. സുപ്രീംകോടതിയിൽ എത്തിയതോടെയാണ്‌ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്‌. 2019 മെയ്‌ എട്ടിന്‌ ഫ്ളാറ്റ്‌ സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ  വിമർശനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും 2020 ഫെബ്രുവരി ഒമ്പതിനകം ഫ്‌ളാറ്റ്‌ നിൽക്കുന്ന സ്ഥലം പൂർവ സ്ഥിതിയിലാക്കുമെന്ന്‌ കഴിഞ്ഞ ഒക്‌ടോബർ 25ന്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ സുപ്രീംകോടതിയിൽ നേരിട്ട്‌ ഹാജരായി അറിയിച്ചു.

മരടിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ എന്തെങ്കിലും വീണുകിട്ടുമെന്ന   കണക്കുകൂട്ടലിൽത്തന്നെയായിരുന്നു പ്രതിപക്ഷവും.  വിധിനടപ്പാക്കൽ ദിവസം രാജ്യമാകെ കണ്ണിമ ചിമ്മാതെ മരടിലാണ്‌ ശ്രദ്ധയൂന്നിയത്‌.  പക്ഷേ ശനിയാഴ്‌ച പകൽ 11.16ന്‌ ആദ്യസമുച്ചയം നിലംപതിച്ചതോടെ കേരളമാകെ ആശ്വാസംകൊള്ളുകയായിരുന്നു.

അനധികൃതനിർമാണങ്ങൾക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും ഇച്ഛാശക്തിയുടെ സാക്ഷ്യപത്രംകൂടിയാണ്‌ മരടിൽ കാണാൻ കഴിയുന്നത്‌.  മരടിലെ സർക്കാർ നടപടികളെ കേരളം വലിയ പ്രതീക്ഷയോടെയാണ്‌ ഏറ്റെടുത്തിരിക്കുന്നതെന്ന്‌ കാലം അടിവരയിടും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top