03 June Saturday
കേരളത്തിലേതുപോലെ വിലസ്ഥിരതാ ഫണ്ടോ, റബർ ബോർഡ്‌ ഇടപെടലോ കർണാടകത്തിലില്ല

തലശേരി അതിരൂപതയ്‌ക്കു കീഴിൽ കേന്ദ്ര കൃഷിമന്ത്രിയുൾപ്പെടെ ബിജെപിക്ക്‌ 3 എംപിമാർ ; എന്നിട്ടും റബർവില കീഴോട്ട്‌

സ്വന്തം ലേഖകൻUpdated: Monday Mar 20, 2023


കാസർകോട്‌
റബറിന്‌ 300 രൂപ തന്നാൽ ബിജെപിയെ വിജയിപ്പിക്കാമെന്ന തലശേരി ആർച്ച്​ ബിഷപ്‌ മാർ ജോസഫ്​ പാംപ്ലാനിയുടെ പ്രസ്‌താവന രാഷ്ട്രീയ ലക്ഷ്യംമാത്രം ലക്ഷ്യമിട്ടാണെന്ന്‌ നിരീക്ഷണം. തലശേരി അതിരൂപതയ്‌ക്കു കീഴിലുള്ള കർണാടക റബർ മേഖലയിൽ ബിജെപിക്ക്‌ കേന്ദ്ര കൃഷിസഹമന്ത്രിയടക്കം മൂന്ന്‌ എംപിമാരുണ്ടായിട്ടും റബർവില 150 രൂപ കടന്നിട്ടില്ല.  തലശേരി അതിരൂപതയുടെ കീഴിലാണ്‌ കർണാടകത്തിലെ റബർ മേഖലയായ ചിക്‌മഗളൂരു, ദക്ഷിണ കന്നഡ, കുടക്‌ ജില്ലകൾ.  ഇവിടങ്ങളിലെ എംപിമാരെല്ലാം ബിജെപിക്കാരാണ്‌. ചിക്‌മഗളൂരു–- ഉഡുപ്പി എംപിയായ ശോഭ കരന്തലജെ കേന്ദ്ര കൃഷി, കർഷകക്ഷേമ സഹമന്ത്രിയുമാണ്‌. മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡയിൽ ബിജെപി സംസ്ഥാന പ്രസിഡന്റുകൂടിയായ നളീൻ കുമാർ കട്ടീലാണ്‌ എംപി. ബിജെപി രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള കട്ടീലുണ്ടായിട്ടുപോലും റബർ വിലയിൽ ഇടപെടാനായില്ല. കുടക്‌ ജില്ലയുൾപ്പെട്ട മൈസൂരു ലോക്‌സഭാ മണ്ഡലത്തിൽ രണ്ടാം തവണയും ബിജെപി നേതാവായ പ്രതാപ് സിംഹയാണ്‌ എംപി.

രാജ്യത്ത് റബർ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള കർണാടകത്തിൽ ദക്ഷിണ കന്നഡ, ചിക്‌മഗളൂരു, കുടക് ജില്ലകളിലാണ് കൃഷി കാര്യമായി നടക്കുന്നത്​. കൂടുതലും കുടിയേറ്റ ക്രിസ്‌ത്യൻ മേഖല. ഇവിടത്തെ ചെറുകിട കൃഷിക്കാരെല്ലാം കൃഷി ഉപേക്ഷിച്ച മട്ടാണ്‌. കേരളത്തിലേതുപോലെ വിലസ്ഥിരതാ ഫണ്ടോ, റബർ ബോർഡ്‌  ഇടപെടലോ ഇവിടെയില്ല. കേരളത്തിലേക്കാൾ കൂലിയും കുറവാണ്‌. ഇതെല്ലാം അറിയുന്ന ബിഷപ്പാണ്‌ മാർ പാംപ്ലാനി. എന്നിട്ടും ഇത്തരം പ്രസ്‌താവന നടത്തുന്നത്‌ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യം വച്ചാണെന്നാണ്‌ ആക്ഷേപം.

ബിഷപ്പിന്റെ  പ്രസംഗം ബിജെപി 
നേതാക്കളെ കണ്ടശേഷം
റബറിന്‌ കിലോയ്‌ക്ക്‌ 300 രൂപയാക്കിയാൽ കേരളത്തിൽനിന്ന്‌ ബിജെപിക്ക്‌ എംപിമാരെ കിട്ടുമെന്ന്‌ പ്രസംഗിക്കുന്നതിനു മുമ്പ്‌ തലശേരി ആർച്ച് ബിഷപ്‌ മാർ ജോസഫ് പാംപ്ലാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്‌. കൂടിക്കാഴ്‌ച നടന്നതായി ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരിദാസും സമ്മതിച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ ബിജെപി നേതാക്കൾ ബിഷപ്‌ ഹൗസിലെത്തി ആർച്ച്‌ ബിഷപ്പിനെ കണ്ടത്‌.  ശനിയാഴ്‌ചയായിരുന്നു ആലക്കോട്‌ കത്തോലിക്കാ കോൺഗ്രസ്‌ കർഷക റാലിയിലെ വിവാദ പ്രസംഗം . തിങ്കളാഴ്‌ച കണ്ണൂരിലും ഇതേ കാര്യം ആവർത്തിച്ചു.

മത–-സാമുദായിക വിഭാഗങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും വശത്താക്കുന്ന സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായാണ്‌ ബിജെപി നേതാക്കൾ ഇത്തരം സന്ദർശനം നടത്തുന്നത്‌. ആർച്ച്‌ ബിഷപ്പിന്റെ പ്രസ്‌താവന വന്ന ഉടനെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്‌താവനയും ഇതിന്റെ തുടർച്ചയാണ്‌. കേരളത്തിൽ ക്രൈസ്‌തവ പുരോഹിതരെ സിപിഐ എം  വളഞ്ഞിട്ട്‌ ആക്രമിക്കുകയാണെന്നാണ്‌ മുരളീധരൻ പ്രതികരിച്ചത്‌. രാജ്യത്താകെ നടക്കുന്ന ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെയാണ്‌ ഡൽഹിയിൽ 79 ക്രിസ്‌ത്യൻസംഘടനകൾ  സമരം ചെയ്‌തത്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം.

ന്യൂനപക്ഷങ്ങളെ ഏതെങ്കിലും പാർടി രക്ഷിക്കുമെന്ന്‌ കരുതുന്നില്ലെന്ന്‌ ബിഷപ്‌ തിങ്കളാഴ്‌ച പ്രതികരിച്ചു. ഞങ്ങളെ ദൈവം സഹായിക്കും. കർഷകരുടെ പ്രശ്‌നം പറയുമ്പോൾ ബിജെപിയിൽ ചാരി തമസ്‌കരിക്കാമെന്ന്‌ കരുതേണ്ട. കർഷകരെ സഹായിക്കുന്ന പാർടിയെ തിരിച്ചും സഹായിക്കും.  ബിജെപി രാജ്യം ഭരിക്കുന്ന പാർടിയാണെന്നും അയിത്തം കൽപ്പിക്കേണ്ട കാര്യമില്ലെന്നും മാർ പാംപ്ലാനി ആവർത്തിച്ചു.

ആലോചിച്ചുറപ്പിച്ച്‌ പറഞ്ഞതെന്ന്‌ പാംപ്ലാനി
ആലക്കോട്ടെ കത്തോലിക്കാ കോൺഗ്രസ്‌ കർഷക റാലിയിൽ നടത്തിയ പ്രസംഗം ആലോചിച്ച്‌ ഉറപ്പിച്ച്‌ പറഞ്ഞതാണെന്ന്‌ തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനി. റബറിന്‌ കിലോക്ക്‌ 300 രൂപയാക്കിയാൽ ബിജെപിക്ക്‌ എംപിമാരെ കിട്ടുമെന്ന്‌ പ്രസംഗിച്ചതിൽനിന്ന്‌ അണുപോലും മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്കുകളി നാടകം ക്രൈസ്‌തവ സന്യാസ സമൂഹത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ വൈദികരുടെയും കന്യാസ്‌ത്രീകളുടെയും കൂട്ടായ്‌മ നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മാർ പാംപ്ലാനി. 

കർഷകർക്കുവേണ്ടി ഞങ്ങളുയർത്തുന്ന ശബ്‌ദങ്ങളെ രാഷ്‌ട്രീയത്തിന്റെ പുകമറകൊണ്ട്‌ തമസ്‌കരിക്കാൻ ശ്രമിക്കുകയാണ്‌. ഏതെങ്കിലും രാഷ്‌ട്രീയ പാർടിയും കത്തോലിക്കാ സഭയുമായുള്ള ബാന്ധവമായി ഇതിനെ കാണേണ്ടതില്ല. ബിജെപി നേതാക്കൾ കണ്ടതും പ്രസംഗവും തമ്മിൽ ബന്ധമില്ലെന്നും ആർച്ച്‌ ബിഷപ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top