മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു
വത്തിക്കാൻ > ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാളായി അവരോധിച്ചു. ഇന്ത്യൻ സമയം രാത്രി 8.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിലാണ് സ്ഥാനാരോഹണം. മാർ കൂവക്കാടടക്കം 21 പേർക്ക് കർദിനാൾ സ്ഥാനം നൽകി.
ഇന്ത്യയിൽനിന്ന് ഇതുവരെ കർദിനാളായവരിൽ ബിഷപ്പാകാതെ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ് ജോർജ് ജേക്കബ്. ചങ്ങനാശേരി അതിരൂപതാംഗമാണ്. മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ ഒരാളായിട്ടാണ് മാർ ജോർജ് ജേക്കബ് നിയുക്തനായിരിക്കുന്നത്.
കേരളത്തിൽനിന്ന് ഒരേസമയം മൂന്നു കർദിനാൾമാർ ഉണ്ടാകുന്നതും സിറോ മലബാർ സഭയിൽനിന്ന് ഒരേസമയം രണ്ടു കർദിനാൾമാർ ഉണ്ടാകുന്നതും ആദ്യം. കൂവക്കാടിനെക്കൂടാതെ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവാ (സിറോ മലങ്കര സഭ), മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടുപേർ.
ചങ്ങനാശേരി അതിരൂപതയിൽനിന്ന് മുമ്പ് ഈ സ്ഥാനത്തെത്തിയ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർ ബിഷപ്പുമാരായിരുന്നു. നിലവിൽ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമ്പത്തൊന്നുകാരനായ മാർ കൂവക്കാടാണ്.
സിറോ മലബാർ സഭയിൽനിന്ന് ഇതുവരെ മാർ ജോർജ് ജേക്കബ് കൂവക്കാട് ഉൾപ്പെടെ ആറുപേർ കർദിനാൾ സ്ഥാനത്തെത്തിയിട്ടുണ്ട്. ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ, മൂന്നാമത്തെ കർദിനാൾ മാർ വർക്കി വിതയത്തിൽ എന്നിവരും സിറോ മലബാർ സഭാംഗങ്ങളായിരുന്നു.
0 comments