13 November Wednesday

മനു റോയിക്ക് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കൊച്ചി > അവിടവിടെ ചെറിയ നരയുണ്ടല്ലോ, എത്ര വയസായി ? മഹാനടന്‍ മമ്മൂട്ടി കുസൃതിച്ചിരിയോടെ ചോദിച്ചു. 43 എന്ന് എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മനു റോയിയുടെ മറുപടി. അപ്പോ പക്വതയുള്ള ചെറുപ്പക്കാരനാണെന്നായി മമ്മൂട്ടി. അതൊന്നും ഒരു വയസല്ല, ഇനി എത്രയോ കാലം പ്രവര്‍ത്തിക്കാനുണ്ട് എന്നും മമ്മൂട്ടി ആശംസിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയാസ് മാക്സ് സ്റ്റുഡിയോയിലായിരുന്നു കൂടിക്കാഴ്ച. പ്രായത്തെ വെല്ലുന്ന പ്രതിഭകൊണ്ട് മലയാളിയുടെ മനസില്‍ ഇടംപിടിച്ച മമ്മൂട്ടിയുടെ  പിന്തുണയും അനുഗ്രഹവും തേടിയാണ് അഡ്വ. മനു റോയ് എത്തിയത്.

സ്ഥാനാര്‍ഥി സ്ഥലത്തെത്തുമ്പോഴേക്കും മാധ്യമങ്ങള്‍ കാത്തുനിന്നിരുന്നു. നേരത്തേ എത്തിയ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിച്ചു നില്‍ക്കുമ്പോഴേക്കും പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് മമ്മൂട്ടിയെത്തി. കാറില്‍നിന്നിറങ്ങി സ്ഥാനാര്‍ഥിയെ കണ്ട മമ്മൂട്ടി മനു റോയിയെ സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്തി വിജയാശംസകള്‍ നേര്‍ന്നു. പ്രാക്ടീസൊക്കെ എങ്ങനെ പോകുന്നു എന്ന് ചോദിച്ചുകൊണ്ടാണ് പഴയ അഭിഭാഷകന്‍ കൂടിയായ മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. തെരഞ്ഞെടുപ്പു വിശേഷങ്ങള്‍ പങ്കുവച്ചു.

മനു റോയിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്ന് മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥാനാര്‍ഥിയായതു മുതല്‍ ആഗ്രഹിച്ച കൂടിക്കാഴ്ചയാണെന്ന് മനു റോയ് മാധ്യമങ്ങളോട് പറഞ്ഞു.  മമ്മൂട്ടി സ്ഥലത്തില്ലാത്തതുകൊണ്ടാണ് കൂടിക്കാഴ്ച നീണ്ടുപോയത്. എല്ലാ ലക്ഷക്കണക്കിനാളുകള്‍ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയുംചെയ്യുന്ന കലാകാരനെന്ന നിലയില്‍ മമ്മൂട്ടിയെ നേരില്‍കണ്ട് പിന്തുണ തേടാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. മുന്നോട്ടുള്ള യാത്രയില്‍ ആ പിന്തുണയും സ്നേഹവും പ്രചോദനമാകുമെന്നും മനു റോയ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top