13 November Wednesday

നഗരത്തിനൊപ്പം കൈവീശി നടന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

സ്‌റ്റേഡിയത്തിൽ വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയവരുമായി സൗഹൃദം പങ്കിടുന്ന സ്ഥാനാർഥി

കൊച്ചി
കലൂർ സ്റ്റേഡിയത്തിലെ പ്രഭാതസവാരിക്കാർക്കൊപ്പം നടന്ന്‌ നാളത്തെ നഗരത്തിന്റെ കുതിപ്പുകൾ ചർച്ച ചെയ്‌താണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയി വ്യാഴാഴ്‌ചത്തെ പര്യടനം ആരംഭിച്ചത്‌. കൈവീശിയുള്ള നടപ്പിനും കിതപ്പിനുമിടയിൽ എല്ലാവരും സ്ഥാനാർഥിയുമായുള്ള സൗഹൃദം പങ്കിട്ട്‌ ചൂടുപിടിക്കുന്ന വെയിലിനൊപ്പം ചൂടൻ ചർച്ചകളിലേക്കും ചുവടുമാറ്റി. മണ്ഡലത്തിലെ മാലിന്യപ്രശ്‌നവും യാത്രാസൗകര്യങ്ങളുടെ പോരായ്‌മയുംമുതൽ കൊതുകുശല്യവും മെട്രോയുംവരെ സംസാരത്തിന്‌ വിഷയമായി. 

കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ഡിഡി നെസ്റ്റ് ഫ്ലാറ്റിൽ വോട്ട് അഭ്യർഥിച്ചെത്തിയ  മനു റോയിക്ക് ഉജ്വല വരവേൽപ്പ്‌ ലഭിച്ചു. കൊച്ചി നഗരത്തിൽ ഫ്ലാറ്റുകളിൽപ്പോലും ജൈവപച്ചക്കറി കൃഷിയും ജൈവ ജീവിതശൈലിയും പടർത്താൻ എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ പലരും എടുത്തുപറഞ്ഞു. വോട്ട് അഭ്യർഥിക്കാൻ പ്രവർത്തകരോടൊപ്പം ഫ്ലാറ്റ് നിവാസികളും സ്ഥാനാർഥിയെ അനുഗമിച്ചു.


പ്രധാന വാർത്തകൾ
 Top