20 March Wednesday

രാഷ്‌ട്രീയഅക്രമ വാര്‍ത്തകളില്‍ 'നിഷ്‌പക്ഷ മാധ്യമങ്ങളുടെ' ഇരട്ടത്താപ്പ്‌

സ്വന്തം ലേഖകൻUpdated: Friday Feb 22, 2019

കാസർകോട‌് കൊലപാതകത്തെതുടർന്ന‌് കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ ചമയ‌്‌‌ക്കുന്ന വാർത്തകൾ അക്രമരാഷ‌്ട്രീയത്തോടുള്ള അവരുടെ നിലപാടിന്റെയും നിഷ‌്പക്ഷ മാധ്യമ പ്രവർത്തനമെന്ന അവകാശവാദത്തിന്റെയും ഇരട്ടത്താപ്പ‌് വെളിവാക്കുന്നു. ആരുകൊല്ലപ്പെട്ടാലും അപലപിക്കാനും ഒരേനീതിയോടെ കൈകാര്യംചെയ്യാനും ബാധ്യതയുള്ള മാധ്യമങ്ങൾ സിപിഐ എം പ്രവർത്തകർ കൊല്ലപ്പെടുന്ന ഘട്ടങ്ങളിലൊക്കെ ആ വാർത്തകൾ നിർലജ്ജം ഒളിച്ചുവച്ച ചരിത്രമാണ‌ുള്ളത‌്. വർഗീയശക്തികളെ പ്രതിരോധിക്കാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും നടത്തിയ പ്രവർത്തനങ്ങളിൽ സിപിഐ എമ്മിന‌് നഷ്‌ടപ്പെട്ടത‌് അനവധി ജീവനുകളാണ‌്. സിപിഐ എം പ്രവർത്തകർ കൊല്ലപ്പെടുന്ന വാർത്തകളെ തമസ‌്കരിക്കുകയോ വക്രീകരിക്കുകയോ അകം പേജുകളിലെവിടെയെങ്കിലും ഒതുക്കുകയോ ആണ‌് പതിവുരീതി.

പക്ഷഭേദം, പലതവണ
2012 ആഗസ‌്ത‌് 25 ന‌് കഴക്കൂട്ടത്ത‌് ഡിവൈഎഫ‌്ഐ നേതാവ‌് വി രാജുവിനെ ലീഗ‌്–-മണൽമാഫിയാ സംഘം വെട്ടിക്കൊന്നു. ഈ സംഭവം പെൺകുട്ടിയെ കമന്റടിച്ചതിനെത്തുടർന്നുള്ള സംഘർഷത്തിലാണ‌് ഉണ്ടായതെന്ന‌് മനോരമയും മാതൃഭൂമിയും ദുർവ്യാഖ്യാനം ചെയ‌്തു. 2018 ആഗസ‌്ത‌്  അഞ്ചിന‌് കാസർകോട‌് ഉപ്പളയിൽ സിപിഐ എം പ്രവർത്തകൻ സിദ്ദിഖ‌് ആർഎസ‌്എസ‌് പ്രവർത്തകരുടെ കൊലക്കത്തിക്കിരയായത‌് മനോരമ അറിഞ്ഞില്ല. മാതൃഭൂമിയാകട്ടെ പ്രതികളുടെ ആർഎസ‌്എസ‌് ബന്ധം മൂടിവച്ചു.

2013 നവംബർ നാലിനാണ‌് തൃശൂർ മണലൂരിൽ എസ‌്എഫ‌്ഐ ഏരിയാ ജോയിന്റ‌് സെക്രട്ടറിയും സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറിയുമായിരുന്ന മുഹമ്മദ‌് ഫാസിൽ (21) ആർഎസ‌്എസ‌് ക്രിമിനലുകളുടെ വെട്ടേറ്റ‌് മരിച്ചത‌്. മനോരമ ആ വാർത്ത തന്നെ വിഴുങ്ങിയപ്പോൾ മാതൃഭൂമി അന്നും പ്രതിക‌ളുടെ ആർഎസ‌്എസ‌് ബന്ധം മറച്ചു. 2013 ഒക്ടോബർ ഒന്നിനാണ‌് ആർഎസ‌്എസ‌് ബോംബേറിൽ പരിക്കേറ്റ‌് ചികിത്സയിലിരുന്ന തിരുവനന്തപുരം ധനുവച്ചപുരം ഐടിഐയിലെ എസ‌്എഫ‌്ഐ നേതാവ‌് സജിൻ ഷാഹുൽ രക്തസാക്ഷിയായത‌്. മനോരമ വാർത്തയ‌്‌‌ക്ക‌് നൽകിയ തലക്കെട്ട‌ാകട്ടെ പരിക്കേറ്റ ഐടിഐ വിദ്യാർഥി മരിച്ചുവെന്ന‌്. പ്രതികളുടെ ആർഎസ‌്എസ‌് ബന്ധം കണ്ടതേയില്ല. ഇളം പ്രായത്തിൽ മകനെ നഷ‌്ടപ്പെട്ട മാതാപിതാക്കളെച്ചൊല്ലി ആരും വിലപിച്ചതുമില്ല.

2016 ജൂലൈ 11ന‌് പയ്യന്നൂരിലെ ജനകീയനായിരുന്ന സിപിഐ എം നേതാവ‌് ധനരാജിന്റെ കൊലപാതക വാർത്തയിലും ഈ പക്ഷഭേദമാണ‌് മനോരമയും മാതൃഭൂമിയും കാട്ടിയത‌്. മനോരമ ഉൾപ്പേജിൽ ഒരുകോളം വാർത്തയാക്കി. പയ്യന്നൂരിൽ സിപിഐ എം പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്ന വാലും തലയുമില്ലാത്ത വാർത്ത നൽകി മാതൃഭൂമി.

നിയമസഭാ തെരെഞ്ഞടുപ്പ‌് ഫലം വന്ന 2016 മേയ‌് 19 ന‌് പിണറായിയിൽ സിപിഐ എം പ്രവർത്തകൻ സി വി രവീന്ദ്രനെ ബിജെപിക്കാർ ബോംബെറിഞ്ഞശേഷം ലോറി കയറ്റിക്കൊന്ന സംഭവത്തിലെ വസ‌്തുതയും ഇരുപത്രങ്ങളും കണ്ടില്ലെന്ന‌് നടിച്ചു. ബോംബെറിഞ്ഞത‌് ബിജെപിക്കാരാണെന്നതു പോലും മറച്ചുവെച്ചു‌. ആഹ്ലാദം അതിരുവിട്ടു, പലയിടത്തും അക്രമം എന്ന തലക്കെട്ടൊടെ രവീന്ദ്രന്റെ കൊലപാതകത്തെ നിസാരവൽക്കരിക്കാനാണ‌് മനോരമ ശ്രമിച്ചത‌്. ഏഴുകോണിൽ കഴിഞ്ഞ ഡിസംബറിൽ സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറി ദേവദദത്തനെ കോൺഗ്രസുകാർ കൊലപ്പെടുത്തിയപ്പോഴും ഇതേ നിലപാടായിരുന്നു മാധ്യമങ്ങൾക്ക‌്. ഇങ്ങിനെ കേരളത്തിന്റെ ചരിത്രത്തിലുടനീളം സിപിഐ എം വേട്ടയ‌്ക്ക‌് കൂട്ടുനിന്ന മുഖ്യധാരാ മാധ്യമ പ്രവർത്തനത്തിന‌് ഉദാഹരണങ്ങൾ അനവധിയുണ്ട‌്.

നേതാക്കളെ കുടുക്കാൻ വ്യാജപ്രചാരണം
കല്യോട്ടെ  കോൺഗ്രസ‌് പ്രവർത്തകരുടെ നിർഭാഗ്യകരമായ കൊലപാതകത്തിന്റെ  കുറ്റം  സിപിഐ എം  നേതാക്കളിൽ ചാരാൻ ഗൂഢനീക്കം. കേസന്വേഷണം കുറ്റമറ്റരീതിയിൽ മുന്നോട്ടുപോകുമ്പോഴാണ‌് മാധ്യമങ്ങളെ ഉപയോഗിച്ച‌് അന്വേഷണം വഴിതിരിച്ചുവിടുന്നത‌്. നുണക്കഥകളും മറ്റ‌് കൊലപാതകങ്ങളുമായുള്ള സാമ്യവും ചൂണ്ടിക്കാട്ടി സംഭവത്തെ കണ്ണൂരുമായി ബന്ധിപ്പിക്കാൻ മാധ്യമങ്ങൾ പാടുപെടുകയാണ‌്.

കാസർകോട‌് ജില്ലയിലെ  സിപിഐ എം നേതാക്കളെ എങ്ങനെയും കേസിൽ കുടുക്കണമെന്ന ലക്ഷ്യംവച്ച‌്  ഒരേ രീതിയിൽ വാർത്ത ചമയ‌്ക്കുകയാണ‌്. കെ കുഞ്ഞിരാമൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ എന്നിവരെ ബന്ധപ്പെടുത്താനാണ‌് ശ്രമം. കല്യോട്ടെ കോൺഗ്രസ‌് അക്രമത്തിൽ നടത്തിയ പ്രതിഷേധ യോഗത്തിലെ  പ്രസംഗത്തിന്റെ പേരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  വി പി പി മുസ‌്തഫയ‌്ക്കെതിരെയും വാർത്തകൾ പ്രചരിപ്പിച്ചു.

ഈ പ്രചാരണത്തിലൂടെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന‌് ശക്തി പകരുകയാണ‌് ലക്ഷ്യം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും മറ്റും സിബിഐ അന്വേഷണ ആവശ്യം ഉന്നയിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top