12 November Tuesday

'മനോരമയും മറുനാടനും കൊന്നതാണ് അവനെയും അമ്മയെയും; മരിച്ചിട്ടും വെറുതെ വിടുന്നില്ല'

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കൊച്ചി > മലയാളികളായ അമ്മയെയും മകനെയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണവുമായി സുഹൃത്തുക്കള്‍. കോട്ടയം പാമ്പാടി സ്വദേശി ലിസി (62), മകനും കോളേജ് അധ്യാപകനുമായ അലന്‍ സ്റ്റാന്‍ലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭര്‍ത്താവ് തൊടുപുഴ സ്വദേശിയായ ജോണ്‍ വിത്സന്റെ മരണത്തെ സംബന്ധിച്ച് 'മലയാള മനോരമ'യും ഓണ്‍ലൈന്‍ പോര്‍ട്ടലായ 'മറുനാടന്‍ മലയാളി'യും നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും ഇത് മൂലം ലിസിയും അലനും ആത്മഹത്യ ചെയ്തതാണെന്നും അലന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

ഖത്തറില്‍ നല്ല ജോലി ചെയ്‌തിരുന്ന ജോണ്‍ വിത്സന്റെ ആദ്യഭാര്യ വത്സമ്മ രോഗബാധിതയായി 11 വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ജോലി വിരമിച്ചശേഷം ജോണ്‍ നാട്ടിലെത്തി ലിസിയെ പുനര്‍വിവാഹം ചെയ്‌തു. ലിസിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചിരുന്നു. എന്നാല്‍ 2018 ഡിസംബര്‍ 31ന്  ജോണിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ജോണിന്റെ ആത്മഹത്യയ്‌‌‌‌ക്കു കാരണം വിഷാദ രോഗമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടെ ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യഭാര്യയിലെ മകള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.

ഇതിനിടെയാണു കൂടത്തായി കേസ് വരുന്നത്. അതോടെ ചില മാധ്യമങ്ങളില്‍ കൂടത്തായി മോഡല്‍ കഥകള്‍ വന്നുതുടങ്ങി. ജോണിന്റെ കോടികള്‍ തട്ടാനായി രണ്ടാം ഭാര്യയും മകനും കൂടി അയാളെ കൊലപ്പെടുത്തി എന്ന മട്ടില്‍ മനോരമ ഓക്ടോബര്‍ 15ന് വാര്‍ത്ത നല്‍കി. മനോരമയുടെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ 'മറുനാടന്‍ മലയാളി'യും 'മലയാളി വാര്‍ത്ത'യും വാര്‍ത്ത നല്‍കി.

ജോണിന്റെ മരണത്തെ സംബന്ധിച്ച് മനോരമയും മറുനാടന്‍ മലയാളിയും നല്‍കിയ വാര്‍ത്തകള്‍

ജോണിന്റെ മരണത്തെ സംബന്ധിച്ച് മനോരമയും മറുനാടന്‍ മലയാളിയും നല്‍കിയ വാര്‍ത്തകള്‍അതുവരെ കേസില്‍ ഉറച്ചുനിന്ന ലിസിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഈ വാര്‍ത്ത വന്ന മുതലായിരുന്നുവെന്ന് അലന്റെ സുഹൃത്തായ രാജീവ് ജെറാള്‍ഡ് ഫേസ്‌‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒക്ടോബര്‍ 18 ന് 'മറുനാടന്‍ മലയാളി'യും 'മലയാളി വാര്‍ത്ത'യും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. ഒക്ടോബര്‍ 19ന് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ലിസിയെ ഡല്‍ഹിയിലെ പീതംപുരയില്‍ ഫ്‌ളാറ്റിലും അലനെ സരായ് കാലെഖാനില്‍ റെയില്‍പാളത്തിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാധ്യമങ്ങളുടെ വ്യാജവാര്‍ത്ത മൂലം മനസ് തകര്‍ന്ന ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും ഈ മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ വെറുതെ വിടുന്നില്ല.- രാജീവ് പറഞ്ഞു.

രാജീവ് ജെറാള്‍ഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്-പൂര്‍ണരൂപം

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം.

നാല് ദിവസം മുമ്പ് (October 15) മലയാള മനോരമയില്‍ ഒരു വാര്‍ത്ത വന്നു. അലന്റെ അമ്മയെകുറിച്ച് മോശമായ രീതീയില്‍ അഞ്ച് കോളം വാര്‍ത്ത അവര്‍ എഴുതിപിടിപ്പിച്ചിരുന്നു. വാര്‍ത്തയുടെ ചുവടുപിടിച്ച് യൂറ്റിയൂബ് ചാനലുകളായ മറുനാടനും മലയാളി വാര്‍ത്തയും മറ്റും വാര്‍ത്തകള്‍ പടച്ചുവിട്ടു. ആന്റിയെ കൂടത്തായിയോട് ചേര്‍ത്ത്. എരിവും പുളിയും കൂട്ടി.

സംഭവിച്ചത് ഇതാണ്. ആറ് മാസമായി അവര്‍ ഒരു സ്വത്ത് തര്‍ക്കവും അലന്റെ സ്റ്റെപ് ഫാദറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഒരു കേസ് നേരിടുന്നുണ്ടായിരുന്നു. കേസും കാര്യങ്ങളും അവരെ തളര്‍ത്തി. പക്ഷെ തെറ്റ് ചെയ്യാത്തതിനാല്‍ പിടിച്ചുനില്‍ക്കണമെന്ന് അവനും ആന്റിയും തീരുമാനിച്ചു.
വക്കീലിനെ വെച്ചു. ഉറച്ചുനിന്നു. അതിനിടയിലാണ് ഈ വാര്‍ത്ത വരുന്നത്.

അതുവരെ കേസില്‍ ഉറച്ചുനിന്ന ആന്റിയുടെയും അലന്റേയും മനസ്സ് തകര്‍ന്നുതുടങ്ങിയത് ഒക്ടോബര്‍ 15 ന് വാര്‍ത്ത വന്ന മുതലായിരുന്നു. ഒക്ടോബര്‍ 18 ന് മറുനാടനും മലയാളി വാര്‍ത്തയും കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി വീഡിയോകള്‍ ഇറക്കി. എന്തും സഹിക്കാം. മാനഹാനി അവര്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു. ഒക്ടോബര്‍ 19 ന് അവര്‍ പോയി.

അതുവരെ എല്ലാ ആഴ്ചയും ഞങ്ങളോട് ചിരിച്ചും ഫിലോസഫി പറഞ്ഞും സംസാരിച്ചിരുന്ന അവന്‍ അന്ന് തൊട്ട് ഞങ്ങളുടെ കോളുകള്‍ എടുക്കാതായി. ദല്‍ഹിയിലുള്ള ഞങ്ങളുടെ സുഹൃത്തുകള്‍ അവന്റെ അടുത്തെത്തി. അവനും അമ്മയും വല്ലാതായിരുന്നു.

ഞാനൊന്ന് ചോദിക്കട്ടെ? നിങ്ങള്‍ മനോരമയും മറുനാടനും കൂടിയല്ലേ എന്റെ അലനേയും അമ്മയേയും കൊന്നത്? ഒടുവില്‍ കേസിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും എഴുതിവിട്ട് നിങ്ങള്‍ ചെയ്ത തെറ്റില്‍ നിന്ന് കൈകഴുകി രക്ഷപെടുന്നു. അവനേയും അമ്മയേയും കുറിച്ച് ഇന്ന് രാവിലെയും മനോരമയും മറുനാടനും, മരണത്തിന് ശേഷവും, മോശമായ രീതിയില്‍ വീണ്ടും വാര്‍ത്തകൊടുത്തു. മരിച്ചതിനുശേഷവും അവര്‍ അവനെ വെറുതെ വിടുന്നില്ല.

ഇതൊന്നും ഇവിടെ ആദ്യമല്ല. എത്രയോ പേരുടെ ജീവിതങ്ങള്‍ ഒരു ക്ലിക്ക് കിട്ടുന്നതിനുവേണ്ടി നിങ്ങള്‍ നശിപ്പിച്ചു. പ്രത്യേകിച്ച് സ്ത്രീകളുടെ പേരും വെച്ച്.

വിധി കല്‍പ്പിക്കേണ്ടത് മനോരമയും മറുനാടനുമല്ല. കോടതിയാണ്.

ഇനി സെന്‍സേഷണലിസത്തിന് വേണ്ടി നിങ്ങള്‍ ഇത് ചെയ്യരുത്. എത്രയോ പേരെ നിങ്ങള്‍ കൊന്നു. അതില്‍ ഞങ്ങളുടെ അലനും

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top