07 December Saturday

എട്ടുവർഷം കൊണ്ടാടിയ ‘വിഐപി’ ; ഒന്നും കിട്ടാത്തപ്പോൾ പഴയ ഫ‌്ളക‌്സ‌ും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

മിന്നിമായുന്ന വാർത്താ ബാഹുല്യങ്ങളുടെ പുതിയ കാലത്ത‌് നുണകളും അസത്യ പ്രചാരണവും അധികനേരം നിലനിൽക്കില്ലെന്ന‌് വാർത്ത ചമയ‌്ക്കുന്നവർക്കറിയാം. പക്ഷേ അന്തരീക്ഷത്തിൽ പടരുന്നവയുടെ അലയൊലി  ഏറെക്കാലം തുടരും.  പ്രത്യേക സംഭവങ്ങളിൽ , ചിലരുടെ പേരുകൾ ബന്ധിപ്പിച്ചു വയ‌്ക്കാൻ വിദഗ‌്ധരുണ്ട‌്. സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കാൻ പ്രത്യേക വിരുതുള്ളവർ. എവിടെയെങ്കിലും പിഴയ‌്ക്കുന്നുവെന്ന‌് തോന്നിയാൽ സമാന മനസ‌്കരുടെ കൺസോർഷ്യം ഉടൻ പ്രവർത്തനം തുടങ്ങും. പക്ഷേ സോഷ്യൽ മീഡിയ സജീവകാലത്ത‌് അതൊന്നും വിലപ്പോവില്ല. ആന്തൂർ സംഭവത്തിന്റെ പശ‌്ചാത്തലത്തിൽ  പി ജയരാജനെ വാഴ്‌ത്തി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നെന്ന വാർത്ത കുറച്ചു നേരം കൊണ്ടു തന്നെ പൊളിഞ്ഞു

സ്വന്തം ലേഖകർ
കോട്ടയം കിളിരൂർ പീഡനക്കേസിൽ ‘വിഐപികളുടെ സന്ദർശനം രോഗിക്ക‌് അസ്വസ്ഥതയുണ്ടാക്കുന്നു’ എന്ന ആശുപത്രി അധികൃതരുടെ പ്രസ‌്താവന ഉപയോഗിച്ച‌് സിപിഐ എമ്മിനെയും നേതാക്കളെയും മാധ്യമങ്ങൾ വേട്ടയാടിയത‌് എട്ടുവർഷം.

സിപിഐ എമ്മിന്റെ മുതിർന്ന രണ്ടു നേതാക്കളുടെ മക്കൾ വരെ കേസിൽ പ്രതിയാണെന്ന തരത്തിൽ വാർത്ത സൃഷ്ടിച്ചു. ഈ വാർത്ത പുറത്തുവരാതിരിക്കാൻ പെൺകുട്ടിയെ കൊല്ലാൻവേണ്ടി ഈയം കുത്തിവെച്ചുവെന്നും  വരെ കണ്ടുപിടിച്ചു. തലക്കെട്ടുകളും നിരത്തി. എന്നാൽ ലോക്കൽ പൊലീസും പിന്നീട‌് സിബിഐയും അന്വേഷിച്ച കേസ‌് ഇതെല്ലാം അപവാദപ്രചാരണമായിരുന്നുവെന്ന‌് കണ്ടെത്തി. സിബിഐ കോടതിയും ശരിവച്ചു. അപ്പോഴേയ‌്ക്കും നുണ അതിന്റെ ധർമം പൂർത്തീകരിച്ചിരുന്നു.

ശൂന്യതയിൽ നിന്നൊരു വിഐപി
സിനിമാ മോഹം നൽകി കിളിരൂർ സ്വദേശിയായ ശാരി എസ് നായരെ  പ്രതികൾ വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായിരുന്നു കേസ‌്. 2004 ആഗസ്ത് 13നാണ‌് വയറുവേദനയെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ശാരി എന്ന യുവതിയെ പ്രവേശിപ്പിച്ചത‌്. രണ്ട് ദിവസത്തിനുശേഷം ശാരി പെൺകുട്ടിയെ പ്രസവിച്ചു.

പീഡനവിവരം പുറത്തായതോടെ കേസിലെ പ്രതിയായ പ്രവീൺ ശാരിയെ വിവാഹംകഴിക്കാമെന്ന് വാഗ്ദാനം നൽകി. സംഭവം മൂടിവയ്ക്കാൻ കുട്ടിയുടെ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപ ശാരിക്ക് നൽകാമെന്ന വ്യവസ്ഥയോടെ മുദ്രപ്പത്രത്തിൽ കരാറും വച്ചു. എന്നാൽ, ശാരീരികാസ്വാസ്ഥ്യം മൂർച്ഛിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

ശാരി ചികിത്സയിലിരിക്കെ പീഡന വിവരം അറിഞ്ഞ‌് പി കെ ശ്രീമതിയും മറ്റ‌് മഹിളാ സംഘടനാനേതാക്കളും ശാരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇതാണ‌് വിഐപി ഇടപെടൽ ഉണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങൾ മാറ്റിയെടുത്തത‌്.

സത്യം കണ്ടെത്തിയപ്പോൾ വാർത്ത പോലുമായില്ല

കൂട്ടായ സന്ദർശനങ്ങൾ രോഗിക്ക‌് അസ്വസ്ഥതയുളവാക്കുന്നുവെന്നാണ‌് ശാരിയെ ചികിൽസിച്ച ഡോക‌്ടർമാർ പറഞ്ഞത‌്. ഇതു വളച്ചൊടിച്ച‌് മാധ്യമങ്ങൾ വിഐപി കഥ സൃഷ‌്ടിക്കുകയായിരുന്നു. വിഐപികളുണ്ടെങ്കിൽ പൊലീസ‌് കണ്ടെത്തുമെന്ന‌് വി എസ‌് പറഞ്ഞതും വിവാദമാക്കി.  കോടതി ഉത്തരവിനെ തുടർന്ന‌് കേസ‌് പുനരന്വേഷിച്ച സിബിഐയും സിബിഐ കോടതിയും വിഐപി കഥകൾ തള്ളി.

വിഐപി ഉള്ളതായി സാക്ഷിമൊഴികളിൽ ഇല്ല. ആരോപണത്തിന‌് പ്രസക്തിയില്ലെന്നും സിബിഐ കോടതി ചൂണ്ടിക്കാട്ടി. ശാരിയെ മെഡിക്കൽബോർഡ് വിശദമായി പരിശോധിച്ചിരുന്നു. സിബിഐ നിയോഗിച്ച ചെന്നൈയിലെ ഡോക്ടർമാരുടെ ബോർഡ് ചികിത്സാരേഖകളും പരിശോധിച്ചു. രണ്ട് മെഡിക്കൽബോർഡുകളും ചികിത്സയിൽ പിഴവില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ചികിത്സ നടത്തിയ മൂന്ന് ആശുപത്രികളിലെയും ഡോക്ടർമാരെ വിസ്തരിച്ചപ്പോഴും പിഴവ് പറ്റിയതായി മൊഴിയില്ല. മരണകാരണം അണുബാധയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തി.

പ്രതികളായ പ്രവീൺ, മനോജ്, ലതാനായർ, ബിനു എന്ന കൊച്ചുമോൻ, പ്രശാന്ത്, സോമനാഥൻ എന്നിവരെ 10 വർഷം കഠിന തടവിന‌് ശിക്ഷിച്ചു. പിന്നീട‌് സത്യം പുറത്തു വന്നശേഷം യാഥാർഥ്യം വിശദമാക്കി വാർത്ത നൽകാനും മാധ്യമങ്ങൾ മെനക്കെട്ടില്ല. മാത്രമല്ല പലപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ചാനൽചർച്ചകളിൽ ഇപ്പോഴും വിഐപി പരാമർശം ഉന്നയിക്കപ്പെടുന്നുണ്ട‌്.

ജയരാജനെ വാഴ‌്ത്ത‌ി പോസ‌്റ്റർ

കഴിഞ്ഞ മാസം മനോരമ ‘വിലക്ക‌് തള്ളി പാർടി ഗ്രാമത്തിൽ പി  ജയരാജനെ വാഴ‌്ത്ത‌ി പോസ‌്റ്റർ’ എന്ന വാർത്ത ചിത്രസഹിതം നൽകി.  മനോരമ ന്യൂസൂം ഏഷ്യാനെറ്റും അതേപടി വിഴുങ്ങി. വാർത്ത തെറ്റാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ വന്നപ്പോൾ സിപിഐ എം പ്രവർത്തകർ ബോർഡ് ‘നീക്കം ചെയ്തു’വെന്നു വച്ചുകാച്ചി. പഴയ ബോർഡിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഏഷ്യാനെറ്റ്  വെബ്‌സൈറ്റിൽ നിന്നും തന്നെ വാർത്ത നീക്കി.

ഒന്നും കിട്ടാത്തപ്പോൾ പഴയ ഫ‌്ളക‌്സ‌ും

ബ്രേക്കിങ് ന്യൂസ‌് ഒന്നും കിട്ടാത്തപ്പോഴാണ‌് മനോരമ പഴയ ഫ‌്ളക‌്സ‌് പൊടി തപ്പിയെടുത്തത‌്. യാഥാർഥ്യം പുറത്തു വന്നപ്പോൾ സിപിഐ എം പ്രവർത്തകർ അത‌് ഉടൻ നീക്കിയെന്ന  തെറ്റിദ്ധാരണ പരത്താനും ശ്രമിച്ചു. കയ്യോടെ പിടിക്കപ്പെട്ടിട്ടും ജാള്യമില്ല. 2017 നവംബറിൽ കണ്ണൂരിലെ മാന്തംകുണ്ട‌് പ്രദേശത്തെ അമ്പതോളം കോൺഗ്രസ്--, യൂത്തു കോൺഗ്രസ് പ്രവർത്തകർ രാജിവച്ച് സിപിഐ എമ്മിലേക്കു വന്നിരുന്നു. ഇതിൽപ്പെട്ട ചിലർ സിപിഐ എമ്മിന്റെ അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനെ അഭിവാദ്യം ചെയ്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു.  സ്വീകരണസമ്മേളനത്തിൽ പി ജയരാജൻ തന്നെ ഇത് പാർടി സംസ്‌കാരത്തിനു ചേർന്നതല്ലെന്നു ബോധ്യപ്പെടുത്തിയപ്പോൾ പ്രവർത്തകർ നീക്കുകയും ചെയ്‌തു.

അഭിമന്യുവിനെ കൊന്നത‌് ‘സൈബർ സഖാവ്‌ ’

സ്വന്തം ലേഖകർ
കമ്യൂണിസ്‌റ്റുകാരെ ആക്രമിക്കാനാണെങ്കിൽ ഏത്‌ കൊലയാളിക്കും, അത്‌ പോപ്പുലർ ഫ്രണ്ടുകാരനായാലും ഇനി ഇസ്ലാമിക്‌ സ്‌റ്റേറ്റുകാരനായാൽപ്പോലും  മനോരമ  ചൂട്ടുപിടിക്കും. അത്തരത്തിലൊന്നാണ്‌ 2018 ജൂലൈ 17ന്‌  അവരുടെ ലേഖകൻ പേരുവച്ച്‌ എഴുതിയ ‘വാർത്ത’.  മഹാരാജാസിൽ മുസ്ലിം ഭീകരരായ കാമ്പസ്‌ ഫണ്ട്ര്‌, പോപ്പുലർ ഫ്രണ്ടുകാർ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ‘സൈബർ സഖാവാണെന്നായിരുന്നു’ ആ ഞെട്ടിക്കുന്ന വാർത്ത.  ‘ക്യാംപസ് ഫ്രണ്ട് നേതാവ് സിപിഎൈ എം അനുകൂലിയായതിന്റെ കാരണം അവ്യക്തം’ എന്ന ഹൈലൈറ്റ‌്സുമുണ്ട്‌ കൂട്ടത്തിൽ.

‘അഭിമന്യു വധക്കേസിലെ പ്രതി കുറച്ചുകാലമായി ഇടതു അനുകൂല നിലപാട് പ്രചരിപ്പിച്ചിരുന്നു എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട് ‘ എന്നും എഴുതിച്ചേർത്തു

 കാമ്പസ്‌ ഫ്രണ്ട്‌ നേതാവ്‌ മുഹമ്മദ്‌ സിപിഐ  എമ്മിനെതിരെ  പരിഹാസദ്യോതകമായി (സർക്കാസം)  ഇട്ട ഫേസ്‌ബുക്ക്‌ പോസ്‌റ്റുകൾ ഉപയോഗിച്ചായിരുന്നു കേരളത്തെ നടുക്കിയ അഭിമന്യു വധക്കേസ്‌ അട്ടിമറിക്കാൻ മനോരമ ശ്രമിച്ചത്‌.

( അവസാനിക്കുന്നില്ല)

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top