28 January Tuesday

ചാപ്പകുത്ത‌് പെരുംനുണ; ആവശ്യത്തിന‌് വീണ്ടും വിളമ്പും, കള്ളക്കഥകളുടെ പിന്നാമ്പുറങ്ങളിലേക്ക്‌...

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019


ആരും  കണ്ണോടിച്ചു പോവുന്ന തലക്കെട്ട്‌. കണ്ണീർക്കഥയാലെഴുതിയ ജീവിതം, രോഷവും പ്രതിഷേധവും പുകയ്‌ക്കുന്ന സംഭവം. ഇരയുടെയും വേട്ടക്കാരന്റെയും പ്രതികരണക്കാരന്റെയും നേർചിത്രം. സത്യത്തിന്റെ കണിക പോലുമില്ലെങ്കിലും നിർഭയം പ്രചരിക്കുന്ന സാധാരണ നുണകൾ. വിശ്വാസ്യതയുടെ ചേരുവകളെല്ലാം കൃത്യമായി ഒത്തു വന്നാൽ ചാനൽ ചർച്ചകൾക്കും ദിനപത്രത്തിലെ പതിവുപരമ്പരകൾക്കുമുള്ള വഴിമരുന്നായി. കായൽ നീന്തിയും കടൽകടന്നും പെരുംനുണയുടെ പരമ്പരകൾ.

സത്യം ചെരിപ്പിടുമ്പോഴേയ‌്ക്കും പെരും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും.  താൽപര്യങ്ങൾക്കനുസരിച്ച്‌ ‘മാധ്യമസിംഹങ്ങൾ’ ചമയ്‌ക്കുന്ന വാർത്തകളിൽ തട്ടിതടഞ്ഞു വീഴുന്നവരെക്കുറിച്ച്‌ ആരും  ചിന്തിക്കാറില്ല. കൂട്ടായി ആക്രമിച്ചും ഒറ്റപ്പെടുത്തിയും മുറിവേൽപ്പിച്ചും തീരുമ്പോൾ പതിയെ  സത്യം പുറത്തുവരും. വെറും ഖേദപ്രകടനങ്ങളാൽ മായ്‌ക്കാനാവില്ല അതിന്റെ തുടർച്ചകൾ. സത്യാനന്തര കാലത്ത‌് മാധ്യമങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുന്ന കള്ളക്കഥകളുടെ പിന്നാമ്പുറങ്ങളിലേക്ക്‌. ദേശാഭിമാനി ലേഖകർ തയ്യാറാക്കിയ പരമ്പര.


ഏതു സംഭവങ്ങളെയും തങ്ങളുടെ വാർത്താ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ വളച്ചൊടിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങളുടെ ഗുരുസ്ഥാനത്ത്‌ എന്നും മനോരമ തന്നെയാണ്‌. ഏറ്റവും വൈകാരികമായ ഉന്നം കണ്ടെത്തി സൂക്ഷ്‌മമായി വെടിയുതിർക്കും.  സത്യം മറ്റൊന്നാണെന്ന്‌ തെളിഞ്ഞാലും പഴയ നുണ പുതുക്കി ആവർത്തിക്കാൻ അവർക്കൊട്ടും മടിയില്ല. യൂണിവേഴ‌്സിറ്റി കോളേജിലെ പഴയ ‘ചാപ്പ കുത്തൽ’ കള്ളക്കഥ വീണ്ടും വാർത്തയായി കൊടുത്തതിലൂടെ ഇക്കാര്യം വ്യക്‌തം.

വാർത്തകൾ ചമയ്‌ക്കപ്പെടുമ്പോൾ യുണിവേഴ്‌സിറ്റി കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ ഫോം ഉത്തരക്കടലാസാകും. ക്യാമറാ ബാഗിലൊളിച്ച്‌ മദ്യക്കുപ്പിയെത്തും. മറുഭാഗത്ത‌്  തങ്ങൾക്ക‌് താൽപ്പര്യമില്ലാത്ത രാഷ്‌ട്രീയപ്രസ്ഥാനം കൂടിയാകുമ്പോൾ കഥകൾക്ക്‌ എരിവും പുളിയും കൂടും. ഗൾഫുകാരന്റെ  മണിമാളിക പാർടി സെക്രട്ടറിയുടെ വീടാകും. തെറ്റ്‌ തിരിച്ചറിഞ്ഞാലും തിരുത്തില്ല; തിരുത്തിയാലും ആരും അറിയില്ല.

തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജ‌് സംഭവത്തിന്റെ പശ‌്ചാത്തലത്തിൽ കൊച്ചി കളമശേരി ഗവ. പോളിടെക‌്നിക്കിലും എസ‌്എഫ‌്ഐക്ക്‌ എതിരെ വാർത്ത  പ്രചരിപ്പിക്കാൻ മനോരമയും കെഎസ‌്‌യുവും തിരക്കഥയുണ്ടാക്കി. മെൻസ‌് ഹോസ‌്റ്റലിൽ കയറി പട്ടികജാതി വിഭാഗം വിദ്യാർഥിയുടെ സർട്ടിഫിക്കറ്റുകൾ കത്തിച്ച‌ അധ്യാപികക്കെതിരെ നടപടി ഉറപ്പായപ്പോഴാണ‌് പുതിയ കഥ മെനഞ്ഞത‌്.

യഥാർഥത്തിൽ സംഭവിച്ചത്‌
കളമശേരി ഗവ. പോളിടെക‌്നിക്ക‌ിലെ ആറാം സെമസ‌്റ്റർ കെമിക്കൽ എൻജിനിയറിങ‌് വിദ്യാർഥി അമൽ സുന്ദർ, സിവിൽ എൻജിനിയറിങ‌് വിദ്യാർഥി രാഹുൽ രാജീവ‌് എന്നിവരുടെ ഇന്റേൺഷിപ‌് സർട്ടിഫിക്കറ്റ്, റെക്കോഡ് ബുക‌്സ‌്, പ്രോജക്ട് റിപ്പോർട്ട്, സെമിനാർ റിപ്പോർട്ട‌് എന്നിവയാണ‌് അധ്യാപികയും ഹോസ‌്റ്റൽ കൺവീനറുമായ ലിസി ജേക്കബ‌് പരസ്യമായി കത്തിച്ചത‌്. ജൂൺ 12ന‌് വൈകിട്ട‌് നാലിന‌ായിരുന്നു സംഭവം.

അമലിന്റെ മുറിയുടെ പൂട്ട‌് തല്ലിത്തകർത്ത‌് അകത്ത‌ുകടന്ന ലിസി, രേഖകളും പഠനോപകരണങ്ങളും പിടിച്ചെടുത്ത‌് ഹോസ‌്റ്റലിന്റെ മുന്നിലിട്ട‌് കത്തിക്കുകയായിരുന്നു. തുടർ വിദ്യാഭ്യാസവും തൊഴിലവസരവും ഇല്ലാതാക്കിയ അധ്യാപികയുടെ നടപടിക്കെതിരെ വിദ്യാർഥികൾ പ്രിൻസിപ്പലിന‌് പരാതി നൽകി. അന്വേഷണത്തിൽ അധ്യാപിക കുറ്റക്കാരിയാണെന്ന‌് കണ്ടെത്തി. ഹോസ‌്റ്റൽ ചുമതലയിൽനിന്നു മാറ്റി. വകുപ്പ‌ുതല നടപടിവേണമെന്ന‌് അന്വേഷണ കമീഷൻ ശുപാർശയും നൽകി. പട്ടികജാതി–-വർഗ ക്ഷേമ മന്ത്രിക്കും മനുഷ്യാവകാശ കമീഷനും എസ‌്സി, എസ‌്ടി കമീഷനും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട‌്. അധ്യാപികയുടെ നടപടിക്കെതിരെ എസ‌്എഫ‌്ഐ നേതൃത്വത്തിലാണ്‌ വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയത്‌.

അധ്യാപികയെ കരുവാക്കി
യൂണിവേഴ‌്സിറ്റി കോളേജ‌് സംഭവമുണ്ടാകുന്നതോടെ എസ‌്എഫ‌്ഐക്കെതിരെയുള്ള പ്രചാരണമാക്കാനുള്ള കെഎസ‌്‌യു ജില്ലാ നേതൃത്വത്തിന്റെ ഗൂഢാലോചനയിലാണ‌് അധ്യാപികയെ കരുവാക്കിയത‌്. മനോരമയിൽ എസ‌്എഫ‌്ഐക്കെതിരെ വ്യാജവാർത്തയും നൽകി. ‘എ‌സ‌്എഫ‌്ഐയുടെ മാനസിക പീഡനം; സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്ന‌് അധ്യാപിക’ എന്ന പേരിൽ ഈ മാസം 15നായിരുന്ന വാർത്ത. കെഎസ‌്‌യു ക്യാമ്പസിൽ പ്രചാരണം നടത്തിയെങ്കിലും വിദ്യാർഥികൾ എസ‌്എഫ‌്ഐക്കൊപ്പം നിന്നു. എണ്ണൂറിൽപ്പരം വിദ്യാർഥികൾ പ്രകടനം നടത്തിയാണ‌് കെഎസ‌്‌യുവിനും മനോരമയ‌്ക്കും മറുപടി നൽകിയത‌്.

മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന‌് ലിസി ജേക്കബ‌് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വാർത്ത സ്ഥാപനത്തിനും വിദ്യാർഥികൾക്കും അധ്യാപകർക്കും സംഘടനകൾക്കും അപഖ്യാതിയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. തെറ്റായ വാർത്തയെന്ന്‌ വ്യക്‌തമായിട്ടും ഖേദപ്രകടനം നടത്താൻ പോലും മനോരമ തയ്യാറായില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top