27 November Friday

പേരൂരിലെ വ്യാജകരാർ: എഴുതിയതും ഒപ്പിട്ടതും ലീഗുകാർ; മനോരമക്കെതിരെ നിയമനടപടി സ്വീകരിക്കും: സിപിഐ എം

വേണു കെ ആലത്തൂർUpdated: Monday Jun 24, 2019

പാലക്കാട‌്> ഒറ്റപ്പാലം ലെക്കിടി പേരൂരിൽ കരിങ്കൽ ക്വാറിയിൽ ഖനനം നടത്താൻ ഉടമ സിപിഐ എം ലോക്കൽ കമ്മിറ്റിക്ക‌് കരാർ ഒപ്പിട്ടു നൽകിയെന്ന മനോരമ വാർത്ത പച്ചക്കള്ളം. ക്വാറി ഉടമയും ലെക്കിടി പേരൂർ പഞ്ചായത്തിലെ മുൻ പഞ്ചായത്ത‌് പ്രസിഡന്റ‌ും നിലവിലെ അംഗവും മുസ്ലിംലീഗ‌് ഒറ്റപ്പാലം മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി എ ഷൗക്കത്തലി സിപിഐ എമ്മുമായി ഒപ്പിട്ടതെന്ന് പറയുന്ന കരാർ അസംബന്ധം നിറഞ്ഞതാണ‌്.

കരാറില്‍ ഒപ്പിട്ടത് ഷൗക്കത്തലിയും മറ്റ‌് രണ്ട‌് ലീഗ‌് നേതാക്കളുമാണ‌്. ആർക്കാണോ കരാർ എഴുതിക്കൊടുക്കുന്നതെങ്കിൽ കക്ഷിയും ഒപ്പിടണം. ഇവിടെ സിപിഐ എമ്മിനുവേണ്ടി ആരും ഒപ്പിട്ടിട്ടില്ല. നൂറുരൂപയുടെ മുദ്രപ്പത്രം വാങ്ങിയതും എഴുതിത്തയ്യാറാക്കിയ കുറെ വ്യവസ്ഥകളിൽ ഒപ്പിട്ടതും ഷൗക്കത്തലിയാണ‌്. സിപിഐ എം ഏർപ്പെടുന്ന കരാറുകളിൽ കൃത്യമായി പാർടിയുടെ പേര‌് കമ്യൂണിസ‌്റ്റ‌് പാർടി ഓഫ‌് ഇന്ത്യ(മാർക‌്സിസ‌്റ്റ‌്)എന്ന‌്  വ്യക്തമാക്കും. ലെക്കിടി പേരൂർ പഞ്ചായത്തിൽ സിപിഐ എമ്മിന് രണ്ട് ലോക്കൽ കമ്മിറ്റിയുണ്ട‌്. ഇതിൽ ഏത‌് ലോക്കൽ കമ്മിറ്റിക്കാണ‌് കരാർ എഴുതി നൽകിയതെന്നും കരാറില്‍ വ്യക്തമാക്കിയിട്ടില്ല. വർഷങ്ങളായി പ്രവർത്തിക്കുന്ന ക്വാറിക്ക‌് ഒരുവർഷംമുമ്പ‌് കരാർ ഉണ്ടാക്കിയെന്ന‌് പറയുന്നതുതന്നെ കള്ളമാണ്. ദിവസവും പത്ത‌് ലോഡ‌് കല്ല‌് സിഐടിയു മംഗലം യൂണിറ്റിന‌് നൽകുമെന്ന വ്യവസ്ഥയും അടിസ്ഥാനരഹിതമാണ്.

അതേസമയം ക്വാറി  ഖനനവുമായി ബന്ധപ്പെട്ട‌്  വ്യാജവാർത്ത നൽകിയ മലയാള മനോരമ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന‌് സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു. ലെക്കിടി പേരൂർ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട്  ഇല്ലാത്ത കരാറിന്റെ പേരിലാണ്  വ്യാജവാര്‍ത്ത നല്‍കിയത്.  ഇതിനെതിരെ സിവിൽ,  ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും.  ക്വാറി ഉടമയും മുസ്ലിം ലീഗ് നേതാവുമായ  പി എ ഷൗക്കത്തലിയും  സിപിഐ എം ലോക്കൽ കമ്മിറ്റിയും തമ്മില്‍   കരാർ ഉണ്ടാക്കിയെന്നത‌് വ്യാജപ്രചാരണമാണ‌്.  ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുക എന്ന അജൻഡയാണ് മനോരമക്കുള്ളത്.

എന്താണ് കരാർ എന്ന പ്രാഥമിക  ധാരണ പോലും മനോരമയ്ക്ക് അറിയില്ല. രണ്ടു കക്ഷികൾ തമ്മിലുള്ള  ഉടമ്പടിയും ധാരണയുമാണ് കരാർ. മനോരമയുടെ കരാറിൽ ഒരു കക്ഷി മാത്രമേയുള്ളു. സിപിഐ എമ്മിന്റെ ആരെങ്കിലും ഒപ്പിട്ടതായി കാണുന്നില്ല. ഏതു ലോക്കൽ കമ്മിറ്റിയാണെന്ന് പറയുന്നില്ല. ൽെക്കിടി പേരൂർ പഞ്ചായത്തിൽ സിപിഐ എമ്മിന് രണ്ട് ലോക്കൽ കമ്മിറ്റികളുണ്ട്.  സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇത്തരത്തിലൊരു കരാറിലേർപ്പെടില്ല.   വാർത്ത പടച്ചുണ്ടാക്കിയതിന‌് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടെന്ന‌് ആർക്കും മനസ്സിലാവും. 

ചില മാധ്യമങ്ങളുടെ മാർക്സിസ്റ്റ് വിരുദ്ധ ജ്വരം എത്രത്തോളമാണെന്നതിന്റെ തെളിവാണ് മനോരമ വാര്‍ത്ത. കള്ള പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും    പത്രത്തിനെതിരായും ബന്ധപ്പെട്ടവർക്കെതിരായും  നിയമനടപടി ഉടന്‍  സ്വീകരിക്കുമെന്ന് ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് വാർത്താകുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top