22 September Sunday

അഴിഞ്ഞുവീണു, മനോരമയുടെ നികൃഷ്ട മാധ്യമമുഖം

കെ ശ്രീകണ്ഠൻUpdated: Monday May 20, 2019വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനോട‌് നിരുപാധികം മാപ്പുപറഞ്ഞ മനോരമ മാർട്ടിനെ മുൻനിർത്തി കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിനും സിപിഐ എമ്മിനും എതിരെ നടത്തിയ ദുരാരോപണങ്ങൾ ഏറ്റുപറയുമോ? ഉയരുന്ന ചോദ്യമിതാണ‌്. പത്രധർമത്തോടും ധാർമിക മൂല്യങ്ങളോടും ഇനിമേൽ നീതി പുലർത്തിക്കൊള്ളാമെന്ന‌ കുറ്റസമ്മത മൊഴിയിലൂടെ ഇതുവരെ എടുത്തണിഞ്ഞത‌് മാധ്യമധർമത്തിന്റെ നികൃഷ‌്ട മുഖമാണെന്ന ഏറ്റുപറച്ചിലും പ്രസക്തം. തെളിവ‌് നിരത്തിയില്ലെങ്കിൽ കോടികൾ നഷ‌്ടപരിഹാരമായി നൽകേണ്ടിവരുമെന്ന‌് ഉറപ്പായപ്പോഴാണ‌് നിൽക്കക്കള്ളിയില്ലാതെ മാർട്ടിനുമായി മനോരമ  രമ്യതയിലെത്തിയത‌്.

മാർട്ടിനുമായി കോർത്തിണക്കി അപസർപ്പക കഥകളെ തോൽപ്പിക്കും വിധത്തിലുള്ള നുണപ്രചാരണമാണ‌് സിപിഐ എമ്മിനും മുൻ എൽഡിഎഫ‌് സർക്കാരിനുമെതിരെ മനോരമ കെട്ടഴിച്ചുവിട്ടത‌്. 2007 ജൂൺ, ജൂലൈ മാസങ്ങളിലാണ‌് ഇത‌് പാരമ്യത്തിലെത്തിയത‌്. ‘അഴിമതിയുടെ ലോട്ടറി കിട്ടിയ സിപിഎം’ എന്നാണ‌് അക്കാലത്തെ ഒരു മുഖപ്രസംഗത്തിന‌് മനോരമ നൽകിയ തലക്കെട്ട‌്. മാർട്ടിന‌് ലോട്ടറി മാഫിയയെന്നും കൊള്ളക്കാരനെന്നും വിശേഷണം ചാർത്തിയപ്പോൾ അന്നത്തെ എൽഡിഎഫ‌് സർക്കാർ കൊള്ളയ‌്ക്ക‌് കൂട്ടുനിൽക്കുകയാണെന്ന ആരോപണം വാർത്തകളിൽ തിരുകി.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കളങ്കിതമായ ഏടായിരുന്നു ഇതെന്ന‌് ഇപ്പോൾ മാർട്ടിനുമായി മനോരമ ഉണ്ടാക്കിയ ഉടമ്പടി സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാന ലോട്ടറിക്കാർ നടത്തിയ നികുതിവെട്ടിപ്പ‌ുമായി ബന്ധപ്പെട്ട വിവാദമാണ‌് സാന്റിയാഗോ മാർട്ടിനിൽ കേന്ദ്രീകരിച്ചത‌്. 2001–-06 ലെ യുഡി‌എഫ‌് സർക്കാരിന്റെ കാലത്താണ‌് നികുതിവെട്ടിപ്പും ഓൺലൈൻ ലോട്ടറിചൂതാട്ടവും കൊടുമ്പിരിയിലെത്തിയത‌്. അന്ന‌് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ‌് ഇത‌് തുറന്നുകാട്ടി. ഇതേതുടർന്നാണ‌് ഓൺലൈൻ ലോട്ടറി നിരോധിച്ചത‌്. പക്ഷേ, അയൽ സംസ്ഥാനങ്ങളിലെ പേപ്പർ ലോട്ടറി വിൽപ്പന നിർബാധം തുടരാൻ അവസരം ഒരുക്കി. എൽഡിഎഫ‌് അധികാരത്തിൽ വന്നതിന‌് ശേഷമാണ‌് അയൽ സംസ്ഥാന ലോട്ടറി വിൽപ്പന സംസ്ഥാനത്ത‌് തടഞ്ഞത‌്. മാത്രവുമല്ല നികുതിവെട്ടിപ്പ‌് തടയാനും നടപടി കർശനമാക്കി. എന്നാൽ, ലോട്ടറി ചൂതാട്ടത്തിന‌് ഒത്താശ ചെയ‌്തവരെ വിട്ട‌് കർശന നടപടി സ്വീകരിച്ച എൽഡിഎഫിനെ വേട്ടയാടാനാണ‌് മനോരമ മുതിർന്നത‌്.

മാർട്ടിനുമായി ബന്ധപ്പെടുത്തി സിപിഐ എമ്മിനും എൽഡിഎഫിനും എതിരെ നിരന്തരം വാർത്തകളെഴുതി. ഇതിനായി ലേഖകരെ ഭൂട്ടാനിലും സിക്കിമിലും അയച്ചു. ഇല്ലാക്കഥകളുടെ പെരുമഴയിൽ സർക്കാരിന്റെയും പാർടിയുടെയും പ്രതിച്ഛായ തകർക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, ഈ നുണകളെല്ലാം പൊളിഞ്ഞു. ഒടുവിൽ മാർട്ടിന‌് മുമ്പിൽ മനോരമ ഗത്യന്തരമില്ലാതെ മുട്ടുമടക്കി. മാർട്ടിനെതിരായ പ്രയോഗങ്ങൾ പിൻവലിച്ച സ്ഥിതിക്ക‌് അക്കാലത്തെ സിപിഐ എം വിരുദ്ധ വാർത്തകളും പിൻവലിച്ച‌് സമൂഹത്തോട‌് മാപ്പ‌് അപേക്ഷിക്കാൻ മനോരമയ‌്ക്ക‌് ബാധ്യതയുണ്ട‌്.

സിക്കിം ഹൈക്കോടതിയിൽ മാർട്ടിൻ നൽകിയ അപകീർത്തി കേസ് രമ്യമായി തീർക്കുന്നതിന‌് മനോരമ ഏറെ ക്ലേശിച്ചു. സുപ്രീംകോടതി മുൻ ജഡ‌്ജിമാരെ വരെ മധ്യസ്ഥചർച്ചയ‌്ക്ക‌് നിയോഗിച്ചു. തങ്ങളുടെ ആരോപണം തെളിയിക്കാൻ കഴിയാതെ കോടതിക്ക‌് മുമ്പിൽ വെള്ളംകുടിച്ചു. ആർക്കെതിരെയും എന്തും പറയാമെന്ന അഹങ്കാരം ഒന്നുമല്ലാതായി.

എൽഡിഎഫിനും സിപിഐ എമ്മിനും എതിരെ നിലയുറപ്പിച്ച മനോരമ അക്കാലത്ത‌് ദേശാഭിമാനിയെയും വിട്ടില്ല. സിക്കിം ലോട്ടറിയുടെ ദക്ഷിണേന്ത്യൻ ഏജൻസിയിൽനിന്ന‌് ‘ദേശാഭിമാനി’ സ്വീകരിച്ച പരസ്യ മുൻകൂർ തുകയുടെ പേരിലായിരുന്നു ആരോപണം. മാർട്ടിന‌ിൽനിന്ന‌് രണ്ട‌ു കോടി വാങ്ങിയെന്നായിരുന്നു വ്യാജവാർത്ത.  ഈ തുക ദേശാഭിമാനി തിരികെ നൽകിയെങ്കിലും മാർട്ടിന‌ിൽനിന്ന‌് കോടികൾ വാങ്ങിയെന്ന ആക്ഷേപം ഉയർത്തി വിട്ടു. മാർട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും അപകീർത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന‌് തുറന്ന മനസ്സോടെ മാർട്ടിനോട‌് വിശദീകരിച്ചുവെന്നാണ‌് മനോരമയുടെ വാദം. ഈ സാഹചര്യത്തിൽ ദേശാഭിമാനിക്കെതിരെ നടത്തിയ അപവാദ പ്രചാരണത്തിൽ മനോരമ എന്ത‌് നിലപാട‌് സ്വീകരിക്കുമെന്നതും പ്രസക്തമാണ‌്.

ദേശാഭിമാനിയെ ആക്രമിക്കാൻ മാർട്ടിനെ മറയാക്കി
സിപിഐ എമ്മിനോടും ദേശാഭിമാനിയോടുമുള്ള ഒളിയുദ്ധത്തിന‌് ഏറെക്കാലം സാന്റിയാഗോ മാർടിനെ മനോരമ മറയാക്കി. മാർട്ടിനെതിരായ എല്ലാ ആരോപണങ്ങൾക്കും മാപ്പുപറഞ്ഞ മനോരമയ്ക്ക‌് ഇതുമായി ചേർത്ത‌് ദേശാഭിമാനിയെയും സിപിഐ എമ്മിനെയും അപമാനിച്ചതിനും കല്ലുവച്ച നുണകൾ പടച്ചുവിട്ടതിനും ഇനി എന്ത‌് ന്യായീകരണമാണ‌് നൽകാനുണ്ടാവുക എന്നതാണ‌് ചോദ്യം.

2007 ജൂൺ 29ന‌് മനോരമ ആദ്യ പേജിൽ നൽകിയ സൂപ്പർ ലീഡ‌് വാർത്തയോടെയാണ‌് കുപ്രചാരണങ്ങളുടെ തുടക്കം. ദേശാഭിമാനി സാന്റിയാഗോ മാർട്ടിനിൽനിന്നും രണ്ട‌് കോടി സ്വീകരിച്ചത‌് അനധികൃതമായാണെന്നും പിന്നിൽ പാർടിയിലെ ഉന്നതരാണെന്നുമായിരുന്നു ആരോപണം. ജൂൺ 30ന‌് മനോരമയുടെ ലീഡ‌് വാർത്തയെ കൂടാതെ എഡിറ്റോറിയൽ പേജ‌് മുഴുവനായും നുണക്കഥകൾക്കായി നീക്കിവച്ചു. രണ്ട‌് മാസത്തോളം ആഘോഷമാക്കിയ കുപ്രചാരണത്തിന‌്  തിരിച്ചടിയായിരുന്നു ദേശാഭിമാനി പണം സ്വീകരിച്ചത‌് അനധികൃതമായല്ല എന്ന 2013 ജൂലൈ 5 ലെ ഹൈക്കോടതി വിധി. ജസ്റ്റിസ‌് വികെ മോഹനൻ പുറപ്പെടുവിപ്പിച്ച വിധിയിൽ ദേശാഭിമാനിയെയും ജനറൽ മാനേജർ ഇ പി ജയരാജനെയും കുറ്റവിമുക്തമാക്കി.പരാതി രാഷ്ട്രീയപ്രേരിതമാണെന്നും നിക്ഷേപം സ്വീകരിച്ചതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫണ്ട‌് സമാഹരണത്തിന്റെയും ബിസിനസ‌് വിപുലീകരണത്തിന്റെയും ഭാഗമായാണ‌് നിക്ഷേപമെന്നും ബാങ്ക‌് അക്കൗണ്ട‌് മുഖേനയാണ‌് സുതാര്യമായ പണമിടപാട‌് എന്നുമുള്ള വിജിലൻസിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.

രേഖകൾ പരിശോധിച്ചും സാക്ഷികളെ ചോദ്യംചെയ്തതിനും ശേഷമാണ‌് പണമിടപാട‌് നിയമപരവും സുതാര്യവുമാണെന്ന‌് വിജിലൻസ‌് കണ്ടെത്തിയത‌്. മറ്റ‌് പലരും നിക്ഷേപിച്ചിട്ടുണ്ട‌്. നിക്ഷേപങ്ങൾക്ക‌് പലിശ നൽകിയതായും കണ്ടെത്തി. എന്നാൽ, ഇങ്ങനെയൊരു കോടതിവിധി വന്നതായി മനോരമ അറിഞ്ഞില്ലെന്നു നടിച്ചു. അന്ന‌് വാർത്ത മുക്കിയാണ‌് മനോരമ സ്വന്തം പരാജയം മറച്ചുവച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top