19 September Saturday

മനോരമയുടെ ന്യായീകരണ വാർത്തയിലും നിറയെ പച്ചക്കള്ളം; പരാതിപ്പെട്ടിട്ടും തിരുത്തിയില്ലെന്ന് അയനയുടെ ബന്ധുക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

മനോരമ നൽകിയ വിശദീകരണം (ഇടത്), ആശുപത്രിയിലുള്ള അയന (വലത്)

കൊച്ചി > കരിപ്പൂർ വിമാനാപകടത്തിൽ അയന എന്ന നാലുവയസുകാരി മരണപ്പെട്ടുവെന്ന വ്യാജവാർത്ത നൽകിയതിന് പിന്നാലെ വിശദീകരണവുമായി മനോരമ ന്യൂസ്. പിആർഡി തന്ന അറിയിപ്പ് പ്രകാരമാണ് തങ്ങളുടെ വാർത്തയെന്നാണ് മനോരമയുടെ ന്യായീകരണം. എന്നാൽ മനോരമയുടെ വാദം പച്ചക്കള്ളമാണെന്നതിനുള്ള തെളിവുകൾ പുറത്തുവന്നു.

പുലർച്ചെ 1.48ന് വന്ന പിആർഡി മെസേജിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകിയതെന്നാണ് മനോരമ ഇപ്പോൾ പറയുന്ന ന്യായീകരണം. എന്നാൽ അതിനു ഒരുമണിക്കൂർ മുൻപ് തന്നേ 12.30ഓടു കൂടി കുട്ടി മരിച്ചതായുള്ള വാർത്ത മനോരമയിൽ ബ്രേക്കിംഗ് ന്യൂസായി വന്നിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ നിരത്തി മനോരമയുടെ നുണയെ പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ.വിമർശനങ്ങൾ ഇന്നലെ തന്നെ ഉയർന്നതോടെ ആശുപത്രിയിൽ നിന്നും ലഭിച്ച ലിസ്റ്റ് പ്രകാരമാണ് വാർത്ത നൽകിയതെന്ന് മനോരമ ന്യൂസ് ആദ്യം വാദിച്ചിരുന്നു. എന്നാൽ മനോരയ്‌ക്ക് ലിസ്റ്റ് ലഭിച്ചുവെന്ന് പറയുന്ന ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചുപോലുമുണ്ടായിരുന്നില്ല. സമാന വാർത്ത നൽകിയ മറ്റുമാധ്യമങ്ങളാകട്ടെ വസ്‌തുത ബോധ്യപ്പെട്ടതോടെ ഉടൻ തിരുത്തിയിരുന്നു. എന്നാൽ തങ്ങളും ജനപ്രതിനിധികളും അടക്കം വിളിച്ച് പറഞ്ഞിട്ടും 'മരിച്ചു' എന്ന വാർത്ത പിൻവലിക്കാൻ മനോരമ ന്യൂസ് തയ്യാറായില്ലെന്ന്  അയനയുടെ ബന്ധുക്കൾ ആരോപിച്ചു.ചാനലിൽ വാർത്ത വരുന്നതിന് മുമ്പ്, കുട്ടി സുരക്ഷിതയാണ് എന്ന സന്ദേശമാണ് വിട്ടുകാർക്ക് ലഭിച്ചത്. ഈ വിവരം ബന്ധുക്കൾ കോഴിക്കോട് ചാനൽ ഓഫീസിൽ വിളിച്ച് അറിയിച്ചെങ്കിലും ശനിയാഴ്ച പുറത്തിറങ്ങിയ മലയാള മനോരമയുടെ പാലക്കാട് ഒഴിച്ചുള്ള എഡിഷനുകളിൽ കുട്ടിയുടെ മരണവാർത്തയുണ്ട്. ശനിയാഴ്ച രാവിലെ ആറിന്  ചാനൽ ഓഫീസിൽ വിളിച്ചെങ്കിലും വാർത്ത തിരുത്താൻ തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

വാർത്ത എഡിറ്റ് ചെയ്ത് കൊടുത്തയാൾ ജോലി  കഴിഞ്ഞ് പോയി എന്നും വന്നശേഷമാണ് തിരുത്താൻ കഴിയുക എന്നും അറിയിച്ചു. കുട്ടി മരിച്ചിട്ടില്ല എന്ന് പട്ടാമ്പി പൊലീസും ചാനൽ ഓഫീസിൽ വിളിച്ച് അറിയിച്ചിട്ടും ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വ്യാജവാർത്ത നൽകിയതിന് ഒരു ഖേദപ്രകടനം പോലും ഇതുവരെ മനോരമ നടത്താത്തതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

മുതുതല അഴകത്ത് മനയിൽ രവിശങ്കർ, ഭാര്യ താര, മകൾ അയന എന്നിവർക്കൊപ്പം സഹോദരൻ പരമേശ്വരനും വിമാനത്തിലുണ്ടായിരുന്നു. സെപ്തംബർ 10ന് പരമേശ്വരന്റെ വിവാഹം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് നാലുപേരും നാട്ടിലേക്ക് തിരിച്ചത്. ഇവരെല്ലാം സുരക്ഷിതരാണ്. അയനയുടെ തുടയെല്ലിനാണ് പരിക്ക്.

കാലവർഷക്കെടുതിയുടെ വാർത്ത അവതരിപ്പിക്കുമ്പോഴും മനോരമ ചാനൽ ആവേശം കാട്ടി നുണ പ്രചരിപ്പിച്ചു. സംസ്ഥാനത്തെ 'അഞ്ചു ഡാമുകൾ പൊട്ടി' എന്നാണ് അവതാരക നിഷ പുരുഷോത്തമൻ പറഞ്ഞത്. പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ 80ൽ പരം ലയങ്ങൾ മണ്ണിനടിയിലായി എന്നും മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. കളമശേരി മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സയെക്കുറിച്ച് നുണവാർത്ത നൽകിയതിന് മനോരമ ലേഖികയ്‌ക്കെതിരെ ആശുപത്രി അധികൃതർ പരാതി നൽകിയത് ആഴ്ച്ചകൾക്ക് മുൻപാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top